
പത്തനംതിട്ട :റാന്നി നഗരമടക്കം വെള്ളത്തിന്നടിയിലായി.റാന്നിയില്‍ 300 ഓളം പേര്‍ കുടുങ്ങി കിടക്കുന്നു എന്നാണ് സൂചന .ഉയര്‍ന്ന പ്രദേശങ്ങളിലും ടെറസുകളിലും അഭയം തേടിയവരും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടിയത്.പത്തനംതിട്ട ജില്ലയില്‍ കനത്ത മഴയില്‍ മലയോര പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. റാന്നിയില്‍ മാത്രം 300 ല്‍ പരം പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. കോഴഞ്ചേരി, ആറന്‍മുള, തിരുവല്ല ഭാഗങ്ങളില്‍ പമ്പയാറ് കരകവിഞ്ഞൊഴുകുന്നതിനാല്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. പ്രദേശത്ത് വ്യോമസേന ഹെലികോപ്ടറുകളില്‍ അടക്കം രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയില്‍ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
കനത്ത മഴയും ചെറുതും വലുതുമായ പത്തോളം ഉരുള്‍പൊട്ടലും മൂലം പമ്പയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതാണ് സ്ഥിതി ഏറെ സങ്കീര്‍ണമാക്കിയത്. അച്ചന്‍ കോവിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട നഗരസഭാ പരിധിയില്‍ പോലും ചില പ്രദേശങ്ങള്‍ വെള്ളത്തിന്നടിയിലാണ്. പമ്പയാറിന്റെ തീര പ്രദേശമായ റാന്നിയിലാണ് കനത്ത നാശനഷ്ടമുണ്ടായത്. റാന്നി നഗരമടക്കം വെള്ളത്തിന്നടിയിലായി. ഉയര്‍ന്ന പ്രദേശങ്ങളിലും ടെറസുകളിലും അഭയം തേടിയവരും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടിയത്.
താഴ്ന്ന പ്രദേശങ്ങളിലും അപ്പര്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പലര്‍ക്കും വസ്ത്രങ്ങളോ മറ്റ് അവശ്യ സാധനങ്ങളോ വീടുകളില്‍ നിന്ന് മാറ്റുന്നതിന് പോലും അവസരം ലഭിച്ചില്ല.നേവിയുടെയും കരസേനയുടെയും ദുരന്ത നിവാരണ സേനയുടെയും കൂടുതല്‍ സംഘങ്ങള്‍ പത്തനംതിട്ടയിലേക്ക് എത്തും. കോന്നിയില്‍ വെള്ളം കയറിയ വീട്ടിലെ വൈദ്യുതി പ്രവാഹത്തില്‍ പെട്ട് വൃദ്ധ മരിച്ചു. ചിറ്റാറില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ട് പേരെ കാണാതായിട്ടുണ്ട്.
അതേസമയം അതിനിടെ കനത്ത ദുരിതം വിതച്ച പത്തനംതിട്ടയിലേക്ക് സഹായഹസ്തവുമായി സൈന്യമെത്തുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെപ്പേർ ഒറ്റപ്പെട്ടു കിടക്കുന്ന സാഹചര്യത്തിലാണ് സൈന്യം രംഗത്തിറങ്ങുന്നത്. പ്രളയക്കെടുതിയില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷപ്പെടുത്തുന്നതിന് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള വന്‍ സന്നാഹം എത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹും അറിയിച്ചിട്ടുണ്ട്. നിലവിൽ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. 23 ബോട്ടുകൾകൂടി രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും.
ആളുകൾ കുടുങ്ങിക്കിടക്കുന്ന മേഖലകൾ
ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യൻകോയിക്കൽ, കുളമാക്കുഴി എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കിൽ നിന്ന് കിടങ്ങന്നൂർക്കു പോകുന്ന വഴിയിൽ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയിൽ രണ്ടു കുംടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങൾ വീടുകളിൽ അകപ്പെട്ട് കിടക്കുന്നു.