കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതമായി നടക്കുന്നു . ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ സർക്കാരും സുപ്രിംകോടതിയിലേക്ക്. സംസ്ഥാന സർക്കാർ തടസ ഹർജി നൽകും. ഇടക്കാല ഉത്തരവിനു മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകുക.
സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയിൽ തടസഹർജി നൽകാൻ തീരുമാനിച്ചിരുന്നു. കേരളത്തിലെ അഭിഭാഷകൻ ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള് സിദ്ദിഖ് നടത്തിയിട്ടുണ്ട്. ഡൽഹിയിലെ അഭിഭാഷകന് വിധിപ്പകർപ്പ് അയച്ചു നൽകി. വർഷങ്ങൾ മുമ്പ് നടന്ന സംഭവത്തിൽ സമീപകാലത്ത് പരാതി നൽകിയത് അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതിയിൽ ഉയർത്താനാണ് നീക്കം.
സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു.
അതേ സമയം, ഗുരുതരകുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം. കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ നടൻ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധിപകർപ്പും കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.
നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖ് ഒളിവിലാണ്. സിദ്ദിഖിനെ കണ്ടെത്താൻ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് വൻ തിരച്ചിലാണ് പൊലീസ് നടത്തിയത്. 2016-ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ 2024 -ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്.
ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണസംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. സിദ്ദിഖിന്റെ വാഹനം ഇന്നലെ രാത്രി ആലപ്പുഴയിൽ കണ്ടതായി വിവരം. ആലപ്പുഴയിലെ പ്രധാന റിസോർട്ടുകളിലൂം സ്റ്റാർ ഹോട്ടലുകളിലും സിദ്ദിഖിനായി പൊലീസ് തിരച്ചിൽ നടത്തി.