മലപ്പുറം: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പൊലീസ്. കുട്ടിയെ അമ്മ തിയറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെത്തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിക്കെതിരെ പോക്‌സോ ചുമത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം നേരത്തേ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയിരുന്നു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ബേബി നിലവില്‍ സസ്‌പെന്‍ഷനിലാണ്.
തിയറ്ററിലേക്ക് കുട്ടിയെ കൊണ്ടു വന്ന അമ്മയെ ഞായറാഴ്ച രാവിലെയാണു പ്രതി ചേര്‍ത്തത്. സിനിമ കണ്ടിരുന്നതിനാല്‍ പീഡനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീര്‍ഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം, എടപ്പാളിലെ തിയറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആരെയും രക്ഷപ്പെടാനനുവദിക്കില്ലെന്ന് ഡിജിപി പറഞ്ഞു. കേസില്‍ ഗൗരവമായ അന്വേഷണം നടക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ തിയറ്ററിലും ചങ്ങരംകുളം പോലീസ് സ്റ്റേഷനിലും സന്ദര്‍ശനം നടത്തി. സമയോചിതമായി വിവരം അധികൃതരെ അറിയിച്ച തിയറ്റര്‍ ഉടമകളെ ജോസഫൈന്‍ അഭിനന്ദിച്ചു. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.
മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. പിന്നീട് പൊന്നാനി സ്റ്റേഷനിലേക്കു മാറ്റി. സ്റ്റേഷനിലേക്കു യൂത്ത് കോണ്‍ഗ്രസും ബിജെപിയും മാര്‍ച്ച് നടത്തി.