
മുബയ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ആറുമാസം അവശേഷിക്കെയാണ് രാജി. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപികരണത്തിന്റെ ചുമതലയായിരുന്നു വിരാലിന്. പണപ്പെരുപ്പം, വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ അവകാശത്തിന്‍മേല്‍ കൈകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഊര്‍ജിത് പട്ടേല്‍ രാജി വച്ചതിന് പിന്നാലെ വിരാല്‍ ആചാര്യയും സ്ഥാനമൊഴിയുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ആര്‍ബിഐ അത് തള്ളി.
ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേറ്റതിനു പിന്നാലെയാണ് ആചാര്യ ഡപ്യൂട്ടി ഗവര്‍ണറായി തല്‍സ്ഥാനത്തെത്തുന്നത്. ന്യൂയോര്‍ക്കില്‍ അധ്യാപന മേഖലയിലേക്കു തന്നെ ആചാര്യ മടങ്ങുമെന്നാണു റിപ്പോര്‍ട്ടുകള്‍. ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു ആചാര്യക്ക്. സര്‍ക്കാരുമായി നിരന്തരം കലഹിക്കേണ്ടിവരുന്നതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നാണ് കരുതുന്നത്.