അഹമ്മദാബാദ്:ഗുജറാത്ത് പിടിച്ചെടുക്കാൻ പോയ രമേശ് ചെന്നിത്തലയുടെ പ്രകടനത്തിൽ വമ്പൻ വിജയവുമായി ബിജെപി .മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലും നേടാന്‍ കഴിയാതിരുന്ന വിജയത്തിലേക്ക് ബിജെപി എത്തിയിരിക്കുകയാണ് .ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ഗുജറാത്തില്‍ ബിജെപി തൂത്തുവാരുകയാണ്. ബിജെപി 153 സീറ്റിലും കോൺഗ്രസ് 18 സീറ്റിലും എഎപി 7 ലീഡ് ചെയ്യുകയാണ്.
ഗുജറാത്തിൽ ബിജെപിക്ക് വന്‍ വിജയമാണ് എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്ന പ്രകടനമാണ് ബിജെപി നടത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സീറ്റുനേട്ടമാണ് ഭരണകക്ഷിയായ ബിജെപി നടത്തുന്നത്. 1985 ല്‍ കോണ്‍ഗ്രസ് നേടിയ 141 എന്ന സീറ്റു നേട്ടമാണ് ബിജെപി 2022 ല്‍ മാറ്റിമറിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് ബിജെപിയെ ഗുജറാത്തില്‍ നയിച്ചത്. അന്ന് ഇല്ലാത്ത നേട്ടമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്. 2002 ല്‍ മോദി നയിച്ച ആദ്യ തെരഞ്ഞെടുപ്പില്‍ സീറ്റുനേട്ടം 115 ആയിരുന്നു. 2007 എത്തിയപ്പോള്‍ ഇത് 127 ആയി വര്‍ദ്ധിച്ചു. എന്നാല്‍ 2012 ല്‍ ഇത് 117 ആയി കുറഞ്ഞു. 2018 ലെ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഗുജറാത്തില്‍ 115 സീറ്റാണ് ഉണ്ടായിരുന്നത്.
സാങ്കേതികമായി ഗുജറാത്ത് മുഖ്യമന്ത്രി അല്ലെങ്കിലും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയുടെ പോസ്റ്റര്‍ ഫിഗര്‍ മോദി തന്നെയായിരുന്നു. അതിനാല്‍ തന്നെ ഈ ചരിത്ര വിജയത്തിലും മോദിയുടെ വിജയ മുദ്ര വ്യക്തമാണ് എന്ന് നിരീക്ഷിക്കേണ്ടി വരും.