അമ്മയോടൊപ്പം സഹകരിക്കാന്‍ ഇനി താല്പര്യപ്പെടുന്നില്ല; ഞങ്ങള്‍ കാണ്‍കെയാണ് അവര്‍ അന്ന് സ്‌കിറ്റ് അവതരിപ്പിച്ചത്; ഇപ്രാവശ്യം തിരഞ്ഞെടുത്ത പ്രസിഡന്റ് വരെ ഈ സ്‌കിറ്റിന്റെ ഭാഗമാണ്: റിമ കല്ലിങ്കല്‍

‘അമ്മ’യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയു.സി.സിയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ‘അമ്മ’യുടെ അംഗങ്ങളായിട്ടും യോഗത്തില്‍ തങ്ങളുടെ നിലപാടറിയിക്കാതെ ഫെയ്‌സ്ബുക്കിലൂടെ രോഷപ്രകടനം നടത്തിയതിന് ഡബ്ലിയു.സി.സിക്ക് നേരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തങ്ങളെന്തുകൊണ്ട് ‘അമ്മ’യുടെ യോഗത്തില്‍ പ്രതികരണമറിയിച്ചില്ലെന്ന വിഷയത്തില്‍ വിശദീകരണവുമായി വന്നിരിക്കുകയാണ് ഡബ്ലിയു.സി.സി അംഗവും നടിയുമായ റിമ കല്ലിങ്കല്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമ തങ്ങളുടെ നയം വ്യക്തമാക്കിയത്.

‘അമ്മ’യില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു എന്നാണ് ഇതിന് ഒറ്റ വാക്കില്‍ ഉള്ള വിശദീകരണമെന്ന് പറയുന്നു, റിമ. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങളുടെ നിലപാട് ‘അമ്മ’യുമായി ചര്‍ച്ച ചെയ്യാന്‍ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പകരം ഒരു സ്വകാര്യ ചാനല്‍ ഷോയിലൂടെ തങ്ങളെ പരസ്യമായി അവഹേളിച്ചാണ് അവര്‍ മറുപടി നല്‍കിയതെന്നും റിമ പറഞ്ഞു. ഇത്തരത്തില്‍ സ്ത്രീവിരുദ്ധമായ നിലപാടെടുക്കുന്ന സംഘടനയുമായി ഒത്തുപോകാനില്ലെന്നും ഇതില്‍ നിന്നു പോയതുകൊണ്ട് അവസരങ്ങള്‍ നഷ്ടമാകുമെന്ന് കരുതുന്നില്ലെന്നും തങ്ങള്‍ എന്നും ദുരന്തത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും താരം വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘എന്ത് കൊണ്ട് ചോദിക്കേണ്ടിടത്ത് കാര്യങ്ങള്‍ ചോദിച്ചില്ല എന്ന ചോദ്യമാണ് എല്ലാവരും ഞങ്ങളോട് ചോദിക്കുന്നത്. രണ്ടു കാര്യങ്ങളാണ് അതില്‍ ഉള്ളത്. ഒന്ന് ഈ സംഭവം നടന്ന് ഒരു കൊല്ലമാകുന്നു. പല രീതിയില്‍ ‘അമ്മ’യുമായി ചര്‍ച്ചകള്‍ തുടങ്ങി വയ്ക്കാന്‍ നമ്മള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ട്. അവസാനമായി നിങ്ങള്‍ കണ്ടതാണ് ‘അമ്മ’ എന്ന സംഘടന എല്ലാവരും കൂടി ഒത്തുകൂടി നടത്തിയ ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ അവര്‍ എന്ത് രീതിയിലാണ് ഞങ്ങള്‍ക്ക് ഒരു മറുപടി തന്നതെന്ന്. അതും ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വെച്ച്. ഞങ്ങള്‍ ഉന്നയിക്കുന്ന കാര്യങ്ങളോട് അവര്‍ പ്രതികരിച്ചത് എങ്ങനെയെന്ന് നിങ്ങള്‍ കണ്ടതാണ്. ആ രീതിയില്‍ ഞങ്ങള്‍ പറയുന്ന കാര്യങ്ങളെ കാണുന്ന ആളുകളോട് ഇനിയും പോയി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാവേണ്ട ആവശ്യമെന്താണ്. ഇനിയും അവരോടൊപ്പം ഒരു ചര്‍ച്ചയ്ക്ക് ഇരുന്നു കൊടുക്കണമെന്ന് ഞങ്ങളോട് ആവശ്യപ്പെടരുതെന്നാണ് ആളുകളോട് ഞങ്ങള്‍ക്കുള്ള അപേക്ഷ. ‘അമ്മ’യില്‍ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു എന്നാണ് ഒറ്റവാക്കിലുള്ള വിശദീകരണം. പബ്ലിക്ക് ആയി അവര്‍ അതിന് മറുപടി തന്നുകഴിഞ്ഞു. എങ്ങനെയാണ് അവര്‍ നമ്മളെ കാണുന്നതെന്ന് കൃത്യമായി അറിയാം. മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ വരെ ആ സ്‌കിറ്റിന്റെ ഭാഗമായിരുന്നു. ഇത്രയ്ക്കും അപക്വമായി കാര്യങ്ങള്‍ കാണുന്നവരോട് എന്ത് പറയാനാണ്. അതുകൊണ്ട് എല്ലാവരും ചോദിക്കേണ്ട ചോദ്യം വളരെ ഡെമോക്രാറ്റിക് ആയ, പബ്ലിക് സ്‌പേസ് ആയ ഫെയ്‌സ്ബുക്കിലൂടെ ഞങ്ങള്‍ ചോദിക്കുന്നു.

മൂന്നു മാസം ജയിലില്‍ കിടന്ന, കുറ്റാരോപിതനായ, രണ്ടു പ്രാവശ്യം ജാമ്യം നിഷേധിച്ച ഒരു വ്യക്തിയും അതേസമയം അതില്‍ നിന്നും അതിജീവിച്ച മറ്റേ വ്യക്തിയും ഈ സംഘടനയുടെ ഭാഗമായി നില്‍ക്കുന്നു. വളരെ വ്യക്തമായി കുറ്റാരോപിതന്റെ കൂടെയാണ് തങ്ങള്‍ നില്‍ക്കുന്നതെന്ന് പറയുമ്പോള്‍, ഇനി ഞങ്ങള്‍ എന്തിനാണ് ഈ സംഘടനയില്‍ തുടരേണ്ടതെന്ന് ഞാനും അക്രമത്തെ അതിജീവിച്ച ആ വ്യക്തിയും ഉള്‍പ്പടെയുള്ള അംഗങ്ങളെ മനസിലാക്കിപ്പിക്കേണ്ട് ‘അമ്മ’യുടെ ഉത്തരവാദിത്തമാണ്. അക്കാര്യം ‘അമ്മ’ ഞങ്ങളെ ബോധ്യപെടുത്താതെ ഈ സംഘടനയില്‍ തുടരേണ്ട ആവശ്യമില്ല എന്ന് ഞങ്ങള്‍ എല്ലാവരും കരുതുന്നു’.

ആക്രമിക്കപ്പെട്ട നടിയോട് താന്‍ സ്വകാര്യമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അതിനെക്കുറിച്ചു ഇപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്നും വളരെ വൈകാതെ ഉത്തരം ലഭിക്കുമെന്നും റിമ പറഞ്ഞു. എന്തുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വ്യക്തിപരമായി ഇനി ‘അമ്മ’യില്‍ തുടരാന്‍ താത്പര്യമില്ലെന്നും റിമ വ്യക്തമാക്കി.

‘വ്യക്തിപരമായി ഇതില്‍ തുടരാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ഇതില്‍ തുടരുന്നത്. അതില്‍ കൃത്യമായ മറുപടി നിങ്ങള്‍ക്ക് ലഭിക്കും. ‘അമ്മ’യുടെ യോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചിട്ടു തന്നെയാണ് പങ്കെടുക്കാതിരുന്നത്. അന്ന് ‘അമ്മ’ നടത്തിയ ചാനല്‍ ഷോയില്‍ പങ്കെടുക്കാതിരുന്നത് വളരെ വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ്. പക്ഷെ അതില്‍ പാര്‍വതിയും പത്മപ്രിയയും ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളെ ക്ഷണിച്ചിട്ടാണ് അവര്‍ അന്ന് പോയത്. എന്നാല്‍ അവര്‍ അറിഞ്ഞിരുന്നില്ല ഇങ്ങനെയൊരു സ്‌കിറ്റ് ഉണ്ടാകുമെന്ന കാര്യം. അവര്‍ കാണ്‍കെയായിരുന്നു അത് നടന്നത്. ഞങ്ങളെ വിളിച്ചുവരുത്തിയാണ് അവര്‍ അത് അവതരിപ്പിച്ചത്. ഇനി ഇങ്ങനെയുള്ള ആളുകളൊടൊപ്പം സഹകരിക്കാന്‍ താല്‍പര്യമില്ല. ‘അമ്മ’യോടൊപ്പം സഹകരിക്കാന്‍ ഇനി താല്പര്യപ്പെടുന്നില്ല. ‘അമ്മ’ ഒരു ജനാധിപത്യ സംഘടനയാണെന്ന വിശ്വാസം ഇനി ഞങ്ങള്‍ക്കില്ല. ഇപ്രാവശ്യം തിരഞ്ഞെടുത്ത പ്രസിഡന്റ് വരെ ഈ സ്‌കിറ്റിന്റെ ഭാഗമായിരുന്നു. ഇനി ആ സംഘടനയില്‍ ജനാധിപത്യമായ രീതിയിലൊരു മാറ്റം പെട്ടെന്ന് ഉണ്ടാകുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.

സിനിമ കുറച്ചാളുകളുടെ കുത്തകയായിരുന്ന കാലം പണ്ടായിരുന്നു. ഇപ്പോള്‍ കാലം മാറി. നമ്മള്‍ കലാകാരന്മാരാണ്. അങ്ങനെയുള്ള പേടികളൊന്നുമില്ല. ഒതുക്കാനുള്ള ശ്രമങ്ങള്‍ എന്തായാലും ഉണ്ടാകും. അതിന്റെ ആഘാതം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ആ ഒരു മറുപടി മാത്രമേ അവര്‍ക്കറിയൂ. പക്ഷെ ഇതൊരു വ്യത്യസ്തമായ കളിയാണ്. ഞങ്ങള്‍ ചെറുതാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഇവിടെവരെ ഞങ്ങള്‍ എത്തി. വലിയൊരു മൂവ്മന്റ് ഇന്ന് ലോകമാകെ ഉണ്ട്. അതിന്റെ ഭാഗമായി മുന്നോട്ടുതന്നെ പോകും. ആരെന്തു പറഞ്ഞാലും ഇനി പിന്നോട്ടില്ല എന്നുതന്നെയാണ് തീരുമാനം. എന്ത് പ്രശ്‌നം വന്നാലും ചതിക്കുഴികള്‍ ഉണ്ടായാലും അവള്‍ക്കൊപ്പം ഞങ്ങളുണ്ടാകും’ റിമ പറഞ്ഞു.

Top