കല്പറ്റ : വയനാട്ടിൽ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ മുണ്ടക്കൈ , ചൂരല്‍മല മേഖകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയും മറ്റു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുമാണ് രജിസ്ട്രേഷൻ നിര്‍ബന്ധമാക്കിയത്.ഞായറാഴ്ച രാവിലെ 6.30 മുതല്‍ ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഇവിടെയുള്ള കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേര് വിലാസം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.
ദുരന്തബാധിത മേഖലയില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൃത്യമായി കണ്ട്രോള്‍ റൂമിലെത്തിക്കണമെന്നും അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.
ചൂരല്‍മല , മുണ്ടക്കൈ പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല.
അതേസമയം,വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകളിലെ ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെയും ചാലിയാറിലെയും തെരച്ചിലാണ് അവസാനിപ്പിച്ചത്. ചാലിയാറിൽ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാഗങ്ങളായി തെരച്ചിൽ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസാരിക്കും. സർവ്വമത പ്രാർത്ഥനയോടെ ആയിരിക്കും സംസ്കാരം നടത്തുക.
ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്നും കണ്ടെടുത്തത്. ഉരുൾപൊട്ടൽ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്ന് തെരച്ചിൽ നടത്തി. ആദ്യദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നും തെരച്ചിൽ നടത്തിയത്. ഇന്ന് തമിഴ്നാടിന്റെ ഫയർഫോഴ്സ് ഡോഗ് സ്ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു. നാളെയും ഇതേ രീതിയിൽ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരൽമല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങൾ, ചാലിയാർ പുഴയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലെ പരിശോധനയും തുടരും.