മ്യൂളന്‍ സ്റ്റീന്‍ ബ്ലാസ്റ്റേഴ്സിനോട് വിട പറയുമ്പോള്‍…..

ആതിര രാജു (ഹെറാൾഡ് സ്‌പെഷ്യൽ )

കേരള ബ്ലാസ്റ്റേഴ്സിന്‍റെ അമരക്കാരനായി റെനെ മ്യൂളെന്‍ സ്റ്റീന്‍ വരുന്പോള്‍ പ്രതീക്ഷ വാനോളമായിരുന്നു. കൊപ്പലാശാന്‍ വിട പറയുന്പോള്‍ ബ്ലാസ്റ്റേഴ്സ് ആകെ ആടിയുലഞ്ഞ കപ്പലായി എന്ന് വിചാരിക്കുന്പോഴാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് തന്നെ പുതിയ കപ്പിത്താന്‍ വരുന്നത്. പരിശീലക സ്ഥാനത്ത് നിന്ന് തഴക്കവും പഴക്കവും വന്ന പരിശീലകനായതുകൊണ്ട് തന്നെ മ്യൂളന്‍ സ്റ്റീനില്‍ വലിയ പ്രതീക്ഷകളായിരുന്നു. ഒരു ദശാബ്ദത്തിലധികം മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായും അലക്സ് ഫെര്‍ഗൂസണിനൊപ്പം മാനേജിങ് കരിയര്‍ ചിലവഴിച്ച കോച്ച്. 2001 ല്‍ മാഞ്ചസ്റ്ററിനൊപ്പം തുടങ്ങി 2013 വരെ മാഞ്ചസ്റ്ററില്‍ അമരക്കാരനായി തുടര്‍ന്നു. യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ഡ മിടുക്ക് കാണിച്ച റെനെയുടെ രംഗ പ്രവേശം ഐഎസ്എല്ലില്‍ എന്ന് കേട്ടപ്പോള്‍ തന്നെ പലരും ഒന്നു ഞെട്ടി. എന്നാല്‍ ഇത്രയും വലിയ പ്രൊഫൈലുള്ള കോച്ചിനെ ലഭിച്ചിട്ടും മഞ്ഞപ്പടക്ക് എന്ത് പറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സീസണില്‍ ഇതുവരെ ഏഴ് കളികളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. ആക്രമിച്ച് കളിക്കാന്‍ പോയിട്ട് സീസണില്‍ ഇതുവരെ കിതച്ചു കിതച്ചാണ് ടീമിന്‍റെ പോക്ക്. മടിയന്‍മാരായ ഒരു കൂട്ടം താരങ്ങളാണോ പ്രശ്നക്കാര്‍. ലീഗിലെ ഏറ്റവും ശക്തരായ കളിക്കാരാണ് ടീമിലുള്ളത്. അപ്പോള്‍പ്പിന്നെ ക്ഷയിച്ച ടീമെന്ന് പറയാനാവില്ല. പ്രീമിയര്‍ ലീഗിലെ ഇതിഹാസങ്ങള്‍.. എന്നിട്ടും നമ്മുടെ നാട്ടിന്‍ പുറത്ത് കളിക്കുന്നവര്‍ ഇതിനെക്കാളും നന്നായി കളിക്കുമല്ലോ എന്ന പഴി കേള്‍ക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്സിന്.

2017 ജൂലൈ 14നാണ് മ്യൂളെന്‍ സ്റ്റീന്‍ മഞ്ഞപ്പടയുടെ അമരക്കാരനാവുന്നത്. കൊച്ചിയിലെ ഹോം ഗ്രൌണ്ട് മത്സരത്തില്‍ ബംഗളൂരു എഫ്സ് ൃസി 3-1 ന് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചപ്പോള്‍ കടുത്ത വിമര്‍ശനങ്ങളാണ് ടീമിനെതിരെ ഉയര്‍ന്നത്. നാല് കളികള്‍ ഇതുവരെ സമനിലയിലായപ്പോള്‍ രണ്ട് കളികള്‍ തോറ്റു. ഏഴ് പോയിന്‍റുമായി പട്ടികയില്‍ എട്ടാം സ്ഥാനത്തും.

സീസണില്‍ കോച്ച് ടീമിനെ കൈവിടുന്നത് കേരള ബ്ലാസ്റ്റേഴ്സിന് പുതുമയൊന്നുമല്ല. 2015ല്‍ പീറ്റര്‍ ടെയ് ലര്‍ ഇതേ സാഹചര്യത്തില്‍ പോയിരുന്നു. എന്നാല്‍ എന്താവാം ടീമിനെ തുടരെ ഇത്തരത്തില്‍ ഫോമിലെത്തിക്കാന്‍ കഴിയാതിരുന്നതിന്‍റെ കാരണം. സാധാരണ ഗതിയില്‍ ആരാധകരെ പഴിക്കാറുണ്ട്. ഇവിടെ അതും പറ്റില്ല. കാരണം ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകരുടെ ആവേശം കണ്ട് മറ്റ് പല ടീമുകളുടെ മാനേജര്‍ മാരും പ്രശംസിച്ചു. തോല്‍ക്കുമെന്നറിയുന്ന അവസാന നിമിഷം വരെയും മഞ്ഞക്കടല്‍ സ്റ്റേഡിയങ്ങളില്‍ ഇളകി മറ‍ിഞ്ഞു. കാലുകള്‍ക്ക് വേഗത പതിവിലും കൂടുതല്‍ നീങ്ങിയില്ല. റെനെയുടെ തന്ത്രങ്ങള്‍ ഒക്കെ പാളി.RENE BLASTERS

മോശമല്ലാത്ത ടീമാണ് . എതിരാളികളെ പലപ്പോഴും പേടിപ്പെടുത്ത ലൈനപ്പാണ്. ടീമില്‍ ഒത്തിണക്കം പലപ്പോഴും പാളുന്നു. ഗോള്‍ അടിക്കുന്നതിലും കഴിവ് കേടില്ല. പദ്ധതിയും ആസൂത്രണവും ഉണ്ട്. പക്ഷേ, എന്നിട്ടും പണി പാളി. ലൈനപ്പില്‍ മധ്യ നിര ഉഷാറാണ്. പക്ഷേ, കളിക്കളത്തില്‍ അത് കാണാനില്ലെന്ന് മാത്രം. മധ്യനിരയുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാവും ഉത്തരം. ആക്രമിച്ച് കളിക്കുന്ന ബാക്ക് വിങുകള്‍ ഒരു ടീമിന്‍റെ എപ്പോഴത്തെയും വലിയ കരുത്താണ്. അത് ബ്ലാസ്റ്റേഴ്സിനുണ്ട്. പക്ഷേ, ഗോള്‍ അടിക്കണമെങ്കില്‍ മധ്യനിര കൂടി ഉണരേണ്ടേ. മുന്നേറ്റ നിരയും മുന്നേറ്റക്കാര്‍ക്ക് പന്ത് എത്തിച്ചു കൊടുക്കുന്ന മധ്യ നിരയും കടലാസിലും തന്ത്രങ്ങളിലും മാത്രം ഒതുങ്ങിയാലെങ്ങനെ ഗോള്‍ വല കുലുങ്ങും.

എതിരാളികളുടെ ശക്തമായ ആക്രമങ്ങള്‍ക്ക് മുന്നില്‍ മഞ്ഞപ്പട അങ്ങനെ പകച്ച് നില്‍ക്കുന്നതിന്‍റെ കാരണങ്ങളും ഇതൊക്കെ തന്നെയാണ്. കളിക്കാരെ മെരുക്കിയെടുക്കാന്‍ റെനെ പോലെ മിടുക്കനായ പരിശീലകന്‍ ഉണ്ടായിട്ടും മൈതാനത്തില്‍ ആരാധകരുടെ കലിപ്പിന് മാറ്റ് കൂട്ടാന്‍ ആകുന്നില്ലെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ മുന്നോട്ടു പോക്ക് വലിയ പ്രയാസമാണ്. ഇനി നേരിടാനുള്ളത് കരുത്തരായ പൂനെയും ചെന്നൈയിനെയുമാണ് എന്ന കാര്യം മറക്കാതിരുന്നാല്‍ നന്ന്. വിദേശ താരങ്ങള്‍ ടീമില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ വിശ്രമ ജീവിതം നയിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍. ഇനി സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ അവശേഷിക്കുന്ന 11ല്‍ ഒന്പത് കളികള്‍ ജയിക്കണം. പ്രമുഖ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണ് എന്ന കാരണമായിരുന്നു ഇതുവരെയുള്ള പരാജയത്തിന്‍റെ വിശദീകരണങ്ങള്‍. എന്നാല്‍ 9 കളികളിലെ ജയം എന്നത് അസാധ്യമാണെന്ന് റെനെക്ക് മാത്രമല്ല ഏത് കൊച്ച് കുട്ടിക്കും മനസിലാകും. അപ്പോള്‍ സ്വരം നന്നാവുന്പോള്‍ പാട്ട് നിര്‍ത്തുക എന്നത് തന്നെയാണ് റെനെയും ചെയ്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ എന്ന വിശദീകരണത്തില്‍ തന്നെ എല്ലാം ഉണ്ട്. സികെ വിനീതെന്നത് മലയാളികളുടെ ശ്വാസമായി മാറിക്കൊണ്ടിരിക്കുന്പോഴാണ് ബ്ലാസ്റ്റേഴ്സിന് കാലിടറുന്നതെന്നോര്‍ക്കണം.

ഇനിയും കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാതുകൊടുക്കാതെ റെനെ കൈവിശീ കാണിച്ചപ്പോള്‍ പൊള്ളിയത് ആരാധകരുടെ മനമാണ്. മനസു നിറയെ മഞ്ഞ പുതച്ച ആരാധകരുടെ ആരവം പതിയെ താഴ്ന്ന് പോകുന്നു. താഴ്ന്ന് താഴ്ന്ന് ഇല്ലാതാവുന്നു…..

Top