
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി,എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആക്ടിവിസ്റ്റ് രശ്മി ആര്‍ നായര്‍ രംഗത്ത്. ആലത്തൂരില്‍ പി കെ ബിജു വിജയിക്കും എന്നതില്‍ തനിക്ക് തെല്ലും സംശയം ഇല്ല, എന്നാല്‍ വിജയരാഘവന്റെ ഒക്കെ വായില്‍ ഫെവിക്വിക്ക് ആണോ സൂപ്പര്‍ ഗ്ലൂ ആണോ ഒഴിച്ചു വിടേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റൊരു കമന്റിൽ രസ്മി പറയുന്നത് ‘കുഞ്ഞാലിക്കുട്ടി’ എന്ന മുട്ടൻ തെറിക്കൊപ്പം സ്വന്തം പേര് ചേർത്തു പറഞ്ഞാൽ ആത്മാഭിമാനമുള്ള ഏതൊരു സ്ത്രീയ്ക്കും അപമാനമാണ് വിജയരാഘവൻ ആ പരാമർശം തിരുത്തണം അതുപോലെ തന്നെ സ്വന്തം എംപി കുഞ്ഞാലികുട്ടി ആണെന്ന് അപമാനത്തോടെ പറയേണ്ട ഗതികേട് മലപ്പുറത്തെ സ്ത്രീകൾക്ക് ഉണ്ടാവാതിരിക്കാൻ സാനു വൻ ഭൂരിപക്ഷത്തിൽ ജയിക്കേണ്ടത് കൂടിയുണ്ട്.
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്.
അതിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡി.വൈ.എസ്.പിക്കാണ് രമ്യ പരാതി നല്‍കിയത്. ആസൂത്രിതമായ നീക്കങ്ങളാണ് തനിക്കെതിരെയുള്ള പരമാര്‍ശങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. കഴിഞ്ഞദിവസം പൊന്നാനി എല്‍.ഡി.എഫ് പൊതുയോഗത്തിലാണ് എ. വിജയരാഘവന്‍ രമ്യക്കെതിരെ അധിക്ഷേപകരമായ പരമാര്‍ശം നടത്തിയത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.
“ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ പാടില്ല. ആലത്തൂരിലെ ജനങ്ങള്‍ക്ക് എന്നെ നന്നായറിയാം. പ്രതിസന്ധിയില്‍ തളരുന്ന ആളല്ല ഞാന്‍. ഏപ്രില്‍ 23ന് ജനം ഇതിനെല്ലാം മറുപടി നല്‍കും.” – രമ്യ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ താന്‍ ആലത്തൂരില്‍ മികച്ച വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.