മുംബൈ: താഴ്ന്ന കോള്‍ നിരക്കുകളും, ഫോര്‍ ജി ഇന്റര്‍നെറ്റ് സൗകര്യവുമൊക്കെ ഒരുക്കി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ എത്തി. വ്യത്യസ്ത ഓഫറുകളുമായാണ് റിലയന്‍സ് ജിയോ എത്തുന്നത്. റോമിങ് പൂര്‍ണ സൗജന്യമാണ്.
ദേശീയ അവധിദിനങ്ങളിലും മറ്റും അധിക നിരക്ക് ഈടാക്കുന്ന രീതിയും ജിയോയിലുണ്ടാവില്ലെന്ന് മുകേഷ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു.
പ്രാരംഭ ആനുകൂല്യം എന്ന നിലയില്‍, ഡേറ്റ അടക്കം എല്ലാ സേവനങ്ങളും തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ 31 വരെ സമ്പൂര്‍ണ സൗജന്യമായിരിക്കും. ഇക്കാലയളവില്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 2017 ഡിസംബര്‍ 31 വരെ ജിയോ ആപ് സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം.സിനിമ മ്യൂസിക് സ്ട്രീമിങ്, ലൈവ് ടിവി തുടങ്ങിയവയടക്കമുള്ള ഈ സേവനങ്ങളുടെ വാര്‍ഷിക വരിസംഖ്യ 15000 രൂപയാണ്.
4ജി സേവനങ്ങള്‍ക്ക് 2017 ജനുവരി ഒന്നു മുതല്‍ നിരക്കുകള്‍ ഈടാക്കിത്തുടങ്ങും. വോയ്‌സ് കോള്‍, എസ്എംഎസ് എന്നിവയ്ക്ക് നിരക്ക് ഈടാക്കില്ല. 50 രൂപയ്ക്ക് 1ജിബി എന്നതാണ് അടിസ്ഥാന നിരക്ക്. ഡേറ്റ ഉപയോഗം കൂടുന്തോറും നിരക്കു കുറയും. ഡേറ്റ ചാര്‍ജ് മാത്രമാകും ബില്ലില്‍. (വോയ്‌സ് കോളും 4ജി ഡേറ്റയായാണ് ജിയോ 4 ജിയില്‍ ലഭ്യമാകുക.)
149 രൂപ മുതല്‍ 4999 രൂപ വരെയുള്ള പ്രതിമാസ പായ്ക്കുകളാണ് അവതരിപ്പിക്കുന്നത്. 149 രൂപയുടേതില്‍ 0.3 ജിബി ഡേറ്റയും 499 രൂപയുടെ പായ്ക്കില്‍ 4 ജിബി ഡേറ്റയും കിട്ടും. ഇങ്ങനെ10 മെയിന്‍ പ്ലാനുകളാണുള്ളത്. വിദ്യാര്‍ഥികള്‍ക്ക് (തിരിച്ചറിയല്‍ കാര്‍ഡ് വേണം) 25% അധിക ഡേറ്റ എല്ലാ പാക്കേജുകളിലും ലഭിക്കും. 4ജി സൗകര്യമില്ലാത്ത ഫോണുകളിലും മറ്റും ജിയോയുടെ വൈഫൈ റൂട്ടര്‍ ആയ ജിയോഫൈ ഉപയോഗിച്ച് 4ജി വേഗം ലഭ്യമാക്കാം. 1999 രൂപയാണു റൂട്ടറിന്റെ വില.
2999 രൂപ മുതല്‍ വിലകളില്‍ ലൈഫ് ബ്രാന്‍ഡ് 4ജി ഫോണുകള്‍ കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. മറ്റ് ഇരുപതോളം കമ്പനികളുടെ 4ജി ഹാന്‍ഡ്‌സെറ്റുകളുള്ളവര്‍ക്കും ജിയോ കണ്ക്ഷന്‍ എടുക്കാം. രാജ്യത്ത്, ഇന്റര്‍നെറ്റിനു മാത്രമുള്ള ഏക ടെലികോം ശൃംഖലയാണ് ജിയോയെന്ന് അംബാനി പറഞ്ഞു. രാജ്യം മുഴുവന്‍ വൈഫൈ ഹോട്‌സ്‌പോട്ടുകള്‍ ഒരുക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ആധാര്‍ കാര്‍ഡുമായി റിലയന്‍സ് ജിയോ ഔട്ലെറ്റുകളില്‍ ചെല്ലുന്നവര്‍ക്ക് 15 മിനിറ്റിനകം സിം കണക്ഷന്‍ ആക്ടിവേറ്റ് ചെയ്യാനാവുന്ന സംവിധാനം (ഇകെവൈസി) ഉടന്‍ രാജ്യവ്യാപകമായി ലഭ്യമാക്കും. നിലവില്‍ 15 ലക്ഷത്തിലേറെപ്പേര്‍ റിലയന്‍സ് ജിയോയുടെ നെറ്റ്വര്‍ക്ക് പരീക്ഷണത്തിന്റെ ഉപയോക്താക്കളാണ്. 10 കോടി വരിക്കാരെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചേര്‍ക്കുകയാണു ലക്ഷ്യം.