പതിനൊന്നാം തവണയും സമ്പത്തില്‍ ഒന്നാമന്‍ മുകേഷ് അംബാനിതന്നെ

മുംബൈ: തുടര്‍ച്ചയായി പതിനൊന്നാംതവണയും രാജ്യത്തെ കോടീശ്വരന്മാരില്‍ മുമ്പന്‍ മുകേഷ് അംബാനി തന്നെ. ഫോബ്സിന്റെ റിച്ചസ്റ്റ് ലിസ്റ്റ് 2018ലാണ് 47.3 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി രാജ്യത്തെ കോടീശ്വരന്മാരില്‍ ഒന്നാമനായത്.

വിപ്രോയുടെ അസിം പ്രേംജിയാണ് രണ്ടാമത്. 21 ബില്യണ്‍ ഡോളറാണ് ആസ്തി. 18.3 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലക്ഷ്മി മിത്തലാണ് മൂന്നാമന്‍. ഹിന്ദുജ സഹോദരന്മാരായ അശോക്, ഗോപി ചന്ദ്, പ്രകാശ്, ശ്രീചന്ദ് എന്നിവര്‍ക്കാണ് നാലാം സ്ഥാനം. ആസ്തിയാകട്ടെ 18 ബില്യണ്‍ ഡോളറും. ഷപ്പൂര്‍ജി പല്ലൊന്‍ജി ഗ്രൂപ്പിന്റെ മേധാവി പല്ലൊന്‍ജി മിസ്ത്രിയാണ് അഞ്ചാം സ്ഥാനത്ത്. 15.7 മില്യണാണ് ആസ്തി. സോഫ്റ്റ് വെയര്‍ സ്ഥാപനമായ എച്ച്സിഎല്‍ ടെക്നോളജിയുടെ സഹ സ്ഥാപകനായ ശിവ് നാടാരാണ് ഏഴാം സ്ഥാനത്ത്. ആസ്തി 14.6 ബില്യണ്‍ ഡോളര്‍.

ഫോബ്സിന്റെ പട്ടിക പ്രകാരം ഗോദ്റേജ് കുടുംബമാണ് ആറാം സ്ഥാനത്തുള്ളത്. സണ്‍ ഫാര്‍മയുടെ ദിലീപ് സാഘ് വിയാണ് ഏഴാം സ്ഥാനത്ത്. ആസ്തി 12.6 ബില്യണ്‍ ഡോളര്‍. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ ബിര്‍ളയ്ക്കാണ് ഒമ്പതാം സ്ഥാനം. ആസ്തി 12.5 ബില്യണ്‍ ഡോളര്‍. 11.9 ബില്യണ്‍ ഡോളര്‍ സ്വന്തമായുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് പത്താം സ്ഥാനത്ത്.

Top