മണ്‍സൂണ്‍ കാലത്ത് മോഷണം പെരുകുന്നതിനെ പറ്റി ജാഗ്രത പാലിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര. വീടുപൂട്ടി പോകുന്നവര്‍ അക്കാര്യം അടുത്ത പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലം അറിയിക്കണം. പട്രോളി്ങ് സമയത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാണിത്. വീടുപൂട്ടി പോകുമ്പോള്‍ പാലും പത്രവുമെല്ലാം താത്കാലികമായി നിര്‍ത്തണമെന്നും പ്രായമായവര്‍ മാത്രം താമസിക്കുന്ന വീടുകളെ പറ്റി ബന്ധപ്പെട്ടവര്‍ അടുത്ത സ്‌റ്റേഷനില്‍ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇരുമ്പ് ഉപകരണങ്ങള്‍ വീടിന് പുറത്ത് ഉപേക്ഷിക്കരുത്. പകല്‍ സമയത്തെ മോഷണം തടയാന്‍ അപരിചിതര്‍ വരുമ്പോള്‍ ജനല്‍ വഴി നിരീക്ഷിച്ചശേഷം വാതില്‍ തുറക്കണം. വീടുകളില്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ ഇത്തരക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കണം. മണ്‍സൂണ്‍ കാലത്ത് മോഷണങ്ങള്‍ വര്‍ധിക്കാനിടയുള്ളതിനാല്‍ പോലീസ് നിരീക്ഷണം കൂടുതല്‍ ശക്തമാക്കി.
സിറ്റി പരിധിയിലെ 21 പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലും രാത്രി പതിനൊന്ന് വരെ പോലീസ് പട്രോളിങ് ഉണ്ടാകും. ബൈക്കിലും കാല്‍നടയായുമാണ് പട്രോളിങ്. എ.ടി.എം., ആരാധനാലയങ്ങള്‍, ഒറ്റപ്പെട്ട വീടുകള്‍, ജൂവലറികള്‍ തുടങ്ങിയ ഉള്ള മേഖലകളില്‍ പ്രത്യേക പട്രോളിങ് നടത്തും. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കും. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും പോലീസ് സംഘത്തെ വിന്യസിപ്പിക്കും. പട്രോളിങ്ങിന് സന്നദ്ധ സംഘങ്ങളെ ഇറക്കും. സി.സി.ടിവി നിരീക്ഷണം ശക്തമാക്കും. ഇതേപറ്റി ബോധവത്കരണ ക്ലാസുകള്‍ നടത്തും.
മഴക്കാലം ആരംഭിച്ചതോടെ മോഷണം മുതലായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ മണ്‍സൂണ്‍ ഓപ്പറേഷന്‍ ആരംഭിച്ചു. ജില്ലയില്‍ ചിലയിടങ്ങളില്‍ വര്‍ധിച്ച സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ഓപ്പറേഷന്‍. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് മണ്‍സൂണ്‍ കരുതല്‍ നടപടികള്‍ ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി മോഷ്ടാക്കള്‍, ഗുണ്ടകള്‍, ബ്ലേഡ് മാഫിയാ സംഘങ്ങള്‍ എന്നിവരെ നിരീക്ഷിക്കുന്നതിനായി വിവര ശേഖരണവും ആരംഭിച്ചു. 650 സാമൂഹിക വിരുദ്ധരുടെ ലിസ്റ്റ് ജില്ലാതലത്തില്‍ തയാറാക്കിയിട്ടുണ്ട്. 229 പേരെ 21 പോലീസ് സ്‌റ്റേഷനുകളിലായി ഇന്നലെ വിളിച്ചു വരുത്തി താക്കീത് നല്‍കി.
വരും ദിവസങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും അത്തരക്കാരുടെ താമസ സ്ഥലങ്ങളിലേക്ക് പട്രോള്‍ സംഘങ്ങള്‍ എത്തി പരിശോധിക്കുകയും ചെയ്യും. രാത്രികാല പട്രോളിങ്ങിന് മാത്രമായി 25 എസ്.ഐമാരെയും 75 ഓളം പോലീസുകാരെയുമാണ് വിന്യസിപ്പിച്ചത്. ഒരു അസി. കമ്മിഷണറും മേല്‍നോട്ടം വഹിക്കും. ജനങ്ങള്‍ക്ക് 7025930100 എന്ന വാട്ട്‌സ്ആപ് നമ്പറില്‍ സാമൂഹികവിരുദ്ധരെ കുറിച്ചുള്ള വിവരങ്ങള്‍ സിറ്റി പോലീസ് കമ്മിഷണറെ നേരിട്ട് അറിയിക്കാം.