കള്ളന്മാര്‍ക്ക് ഇനി രക്ഷയില്ല; എടിഎമ്മുകളില്‍ കൂടുതല്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും

ATM

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് തട്ടിപ്പിനു പിന്നാലെ എടിഎമ്മുകളില്‍ കൂടുതല്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം. പൊലീസ്-റിസര്‍വ് ബാങ്ക് എന്നിവരുടേതാണ് തീരുമാനം.

ഡിജിപി ലോക്നാഥ് ബെഹ്റയും റിസര്‍വ് ബാങ്ക് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാ എടിഎമ്മുകളിലും കൂടുതല്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കും. എ.ടി.എം കാര്‍ഡുകളുടെ എന്‍ക്രിപ്ഷനും സുരക്ഷയും വര്‍ധിപ്പിക്കാനും തീരുമാനിച്ചു. എടിഎം തട്ടിപ്പുകളും മറ്റു ബാങ്ക് തട്ടിപ്പുകളും കണ്ടെത്താന്‍ പൊലീസിന് പ്രത്യേക പരിശീലനം നല്‍കാനും തീരുമാനമായി. തട്ടിപ്പുകള്‍ക്ക് വിധേയമായെന്ന് സംശയിക്കുന്ന ഉപഭോക്താക്കള്‍ക്ക് അടിയന്തിര നടപടികള്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്തെ ഹൈടെക് എടിഎം തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ എടിഎമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് പൊലീസ് റിസര്‍വ് ബാങ്കിനോട് ആരാഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരുവിഭാഗവും ചര്‍ച്ച നടത്തിയത്. തലസ്ഥാനത്ത് ഉപഭോക്താക്കളുടെ എടിഎം വിവരങ്ങള്‍ ചോര്‍ത്തി വ്യാജ കാര്‍ഡ് നിര്‍മ്മിച്ച് ലക്ഷങ്ങളാണ് റൂമേനിയന്‍ സ്വദേശികള്‍ തട്ടിയെടുത്തത്. ഇതില്‍ ഒരു പ്രതിയെ മാത്രമാണ് പിടികൂടാനായത്. ബാക്കി നാലുപേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്ക് അഞ്ചാമനായി ഇന്ത്യക്കാരനായ ഒരാളുടെ തന്നെ സഹായവും ലഭിച്ചതായും പൊലീസ് സംശയിക്കുന്നു.

എടിഎമ്മില്‍ ഇലക്ട്രോണിക് സ്‌കിമ്മര്‍ ഉപയോഗിച്ച് കാര്‍ഡിലെ നമ്പരും പേരും അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തും. കൗണ്ടറില്‍ ടെല്ലറിനു നേരെ മുകളില്‍ കാമറ വച്ച് പിന്‍ നമ്പരും മനസ്സിലാക്കി എടുക്കും. തുടര്‍ന്ന് കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് വ്യാജ കാര്‍ഡ് നിര്‍മ്മിച്ച് അതുപയോഗിച്ച് പണം പിന്‍വലിക്കുകയായിരുന്നു തട്ടിപ്പ് രീതി. പണം പിന്‍വലിച്ച ശേഷം മാത്രമാണ് തട്ടിപ്പിന് ഇരയായ വിവരം ആളുകള്‍ അറിഞ്ഞിരുന്നത്.

Top