മുംബൈ: ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കില്‍ തിരിച്ചടി തുടര്‍ക്കഥയാകുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചതിന് ശേഷം രൂപയുടെ മൂല്യം 70.59 ആയിരുന്നു. ഓഗസ്റ്റ് 13ന് 110 പൈസയുടെ ഇടിവാണ് രൂപയില്‍ ഉണ്ടായിരിക്കുന്നത്. എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് വന്‍തോതില്‍ ഡോളറിന് ആവശ്യം വര്‍ധിച്ചതും വിദേശനിക്ഷേപം രാജ്യത്തിനു പുറത്തേക്ക് ഒഴുകിയതുമാണു രൂപയ്ക്ക് തിരിച്ചടിയായാത്. അതേസമയം, ഇന്നലെ വ്യാപാര മധ്യത്തില്‍ രൂപ 70.65 വരെ എത്തിയിരുന്നു. നാളെ പ്രഖ്യാപിക്കുന്ന സാമ്പത്തിക വളര്‍ച്ച, ധനകമ്മിറ്റി റിപ്പോര്‍ട്ടുകളിലാണ് വിപണി കണ്ണ് നട്ടിരിക്കുന്നത്. വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഈ വര്‍ഷം കനത്ത തിരിച്ചടി നേരിട്ട കറന്‍സിയാണ് രൂപ.
ഈ വര്‍ഷം മൂല്യത്തില്‍ 10 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ത്തുന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടി നല്‍കുന്ന പ്രധാന ഘടകം. നാണ്യപ്പെരുപ്പം ഉയര്‍ത്താനും ഇത് വഴിയൊരുക്കും. രാജ്യാന്തര വിപണിയിലെ എണ്ണ വിലക്കയറ്റം ഇറക്കുമതിച്ചെലവും കുത്തനെ ഉയര്‍ത്തും. നടപ്പു സാമ്പത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.5 ശതമാനത്തില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, എണ്ണവില വീണ്ടും കുതിച്ചുകയറി ബാരലിന് 80 ഡോളര്‍ പിന്നിട്ടാല്‍ സിഎഡി 3.5% കടന്നേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്ക് കഴിയുന്നതും, വിദേശ നാണ്യ കരുതല്‍ ശേഖരം 40084.7 കോടി ഡോളര്‍ എന്ന സുരക്ഷിത നിലവാരത്തില്‍ തുടരുന്നതും ആശ്വാസം പകരുന്ന ഘടകങ്ങളാണ്.