രൂപ തകർന്നത് നേട്ടമാക്കി പ്രവാസികൾ; വായ്പയെടുത്ത് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്

ദുബായ്: രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ച് കൊണ്ട് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രൂപയുടെ മൂല്യം 72 കടന്നിരിക്കുന്നത്. ഡോളര്‍ ശക്തി പ്രാപിക്കുന്നതും എണ്ണവിലയുമാണ് രൂപയുടെ മൂല്യത്തെ കൂപ്പ് കുത്തിച്ചിരിക്കുന്നത്. കയറ്റുമതിക്കാര്‍ക്കും പ്രവാസികള്‍ക്കുമാണ് രൂപയുടെ മൂല്യത്തകര്‍ച്ച നേട്ടമായിരിക്കുന്നത്. ഗള്‍ഫില്‍ നിന്നും വന്‍തോതിലാണ് രാജ്യത്തേക്ക് പ്രവാസികളില്‍ നിന്നും പണം ഒഴുകിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളില്‍ പ്രവാസി നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ്.

രൂപയുടെ മൂല്യം തകര്‍ന്ന് അടിഞ്ഞതോടെ ഗള്‍ഫ് നാടുകളിലെ കറന്‍സികള്‍ക്ക് ഉയര്‍ന്ന വിനിമയ മൂല്യമാണ് ലഭിക്കുന്നത്. ഒരുപക്ഷേ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്തത്രേം ഉയര്‍ന്ന മൂല്യമാണ് ലഭിക്കുന്നത് എന്നത് പരമാവധി നേട്ടമാക്കാനുള്ള പരിശ്രമത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍. ഗള്‍ഫില്‍ നിന്നും വന്‍തോതിലാണ് രാജ്യത്തേക്ക് പണമിടപാടുകള്‍ ഈ ദിവസങ്ങളില്‍ നടക്കുന്നത്. ഗള്‍ഫ് നാടുകളിലെ പണമിടപാട് സ്ഥാപനങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നാട്ടിലേക്ക് കഴിയുന്നത്ര പണം അയക്കുക എന്നതാണ് പ്രവാസികള്‍ ലക്ഷ്യമിടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിക്ഷേപം എന്ന നിലയ്ക്ക് വലിയ തുകകളാണ് ഓരോരുത്തരും അയക്കാന്‍ ശ്രമിക്കുന്നത്. പണം കയ്യില്‍ ഇല്ലാത്തവര്‍ മറ്റ് വഴികളും തേടുന്നു. വായ്പയെടുത്തും കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചുമൊക്കെ നാട്ടിലേക്ക് അയക്കുന്നവരും പ്രവാസികള്‍ക്കിടയില്‍ കുറവല്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പല കറന്‍സി എക്‌സ്‌ചെഞ്ചുകളും വന്‍ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഉത്സവ സീസണാണ് എന്നതും പ്രവാസികള്‍ക്ക് നേട്ടമാണ്. രൂപയുടെ മൂല്യത്തകര്‍ച്ച കാരണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തോളം അധികം തുകയാണ് ഇതുവരെ നിക്ഷേപമായി ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. 2017ല്‍ പ്രവാസികളില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത് 4,96,800 കോടി രൂപയായിരുന്നു. ഇത്തവണ വലിയ വര്‍ധനവ് തന്നെ പ്രവാസി നിക്ഷേപത്തില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അതേസമയം നിക്ഷേപം നടത്താന്‍ വായ്പ എടുക്കുന്നത് പ്രവാസികള്‍ക്ക് ഒട്ടും നല്ലതല്ല എന്നാണ് വിദഗ്ധ ഉപദേശം.

രൂപയുടെ നിരക്കിലെ വ്യത്യാസം വഴി പ്രവാസികള്‍ക്ക് നേട്ടമുണ്ടാവുക 13 ശതമാനമാണ്. അതിന് വേണ്ടി ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 24 ശതമാനം പലിശയ്ക്ക് പണം അയക്കുന്നത് കുരുക്കാവും എന്നും തിരിച്ചടവ് പ്രശ്‌നമാവും എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് മുതലാണ് നിരക്ക് വ്യത്യാസം പ്രവാസികള്‍ക്ക് നേട്ടമായി തുടങ്ങിയത്. ഓഗസ്റ്റ് 13ന് ദിര്‍ഹവുമായി രൂപയുടെ നിരക്ക് പത്തൊന്‍പത് കടന്നു. പ്രവാസികള്‍ക്ക് ലഭിച്ചത് രണ്ട് വര്‍ഷത്തിനിടെ രണ്ട് രൂപ 26 പൈസയുടെ വര്‍ധനവാണ്. 2017ല്‍ 17.41 ഉണ്ടായിരുന്നത് നിലവില്‍ 19.59ലേക്ക് ഉയര്‍ന്നിരിക്കുന്നു. സെപ്റ്റംബര്‍ ആറ് പ്രകാരമുള്ള മറ്റ് കറന്‍സികളുടെ വിനിമയ നിരക്ക് ഇങ്ങനെയാണ്. സൗധി റിയാലിന് 19.15 രൂപ, ഖത്തര്‍ റിയാലിന് 19.73 രൂപ, ഒമാനി റിയാലിന് 186.57 രൂപ, യുഎഇ ദിര്‍ഹത്തിന് 19.57 രൂപ, കുവൈത്ത് ദിനാറിന് 237.18 രൂപ, ബഹ്‌റൈന്‍ ദിനാറിന് 190.56 രൂപ എന്നിങ്ങനെയാണ് രാജ്യാന്തര നിരക്കുകള്‍. ഡോളറിന് 73 രൂപ എന്ന നിരക്കിലേക്കാണ് രൂപ.

Top