കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹക് ചൂരക്കാട്ട് ബിജു കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ കൂടി പൊലീസ് പിടിയില്‍. മുഖ്യപ്രതി റെനീഷും വിപിനുമാണ് പിടിയിലായത്. രാമന്തളിയില്‍ ഞായറാഴ്ച രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ പൊലീസ് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി. കേസന്വേഷിക്കുന്ന തളിപ്പറമ്പ് സി.ഐ പി.കെ. സുധാകരനും സംഘവുംആണ് പ്രതികളെ അറസ്റ്റ്ചെയ്തത്. പ്രതികളെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ്ചെയ്തു.
രഹസ്യസങ്കേതത്തില്‍വെച്ച് കസ്റ്റഡിയിലെടുത്ത ഇവരെ പയ്യന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസിലെത്തിച്ച് ചോദ്യംചെയ്തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിനേഷിന് കൊലയില്‍ പ്രധാന പങ്കുള്ളതായി തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല്‍ പറഞ്ഞു. കൊല്ലപ്പെട്ട ബിജുവിെന്റെ നീക്കം നിരീക്ഷിച്ച് വിവരം നല്‍കിയത് ജ്യോതിഷാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച കാറും കാറിെന്‍റ ആര്‍.സി ഉടമയെയും കാര്‍ വാടകക്കെടുത്തയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇവര്‍ കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് വിവരം.
കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് കാനായി മണിയറയില്‍വെച്ചാണ് കാര്‍ കണ്ടെത്തിയത്. കാറിനകത്തും പുറത്തും മുളകുപൊടി വിതറിയതായും കണ്ടെത്തി. കാറിെന്‍റ മുന്‍ഭാഗത്ത് ബൈക്കിടിച്ച അടയാളവും കണ്ടെത്തി. ഇക്കാര്യം ബൈക്കും കാറും ഫോറന്‍സിക് പരിശോധന നടത്തി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു സി.പി.എം പ്രവര്‍ത്തകര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായി ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പണ്ടാരവളപ്പില്‍ രാജേഷ് മൊഴി നല്‍കിയിരുന്നു. ഇത് ശരിയാണെന്ന നിഗമനത്തിലാണ് പൊലീസ്.
എന്നാല്‍, പ്രതികളുടെ എണ്ണവും സംഭവത്തിലെ പങ്കും കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ പറയാനാവൂ എന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന വിശ്വാസത്തിലാണ് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ പാലക്കോട് പാലത്തിനടുത്തു വെച്ചാണ് ബിജു കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ ഇന്നോവ കാറിടിച്ചശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന രാജേഷ് ഓടിരക്ഷപ്പെട്ടു.