ഡോളറിനെതിരെ വീണ്ടും മൂക്ക് കുത്തി രൂപ..ഡോളറിനെതിരെ 83 എന്ന നിലയിൽ.

ന്യൂഡൽഹി| ബുധനാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.01 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം തടയുന്നതിനായി ലോകമെമ്പാടുമുള്ള പ്രധാന സെൻട്രൽ ബാങ്കുകൾ നിരക്കുകൾ വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് രൂപയുടെ മൂല്യം വലിയ തോതിൽ ഇടിഞ്ഞത്.

ആഗോളതലത്തിൽ, എല്ലാ പ്രധാന കറൻസികൾക്കെതിരെയും യുഎസ് ഡോളർ ശക്തിപ്രാപിച്ചു. ഇത് രൂപയെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ. ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ബ്രിട്ടനിലെ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. വിലക്കയറ്റം പിടിച്ചുനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എത്രയും വേഗം പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന് ഊഹാപോഹമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രൂപയുടെ മൂല്യത്തകർച്ച എന്നതിലുപരി യുഎസ് ഡോളറിന്റെ ശക്തിയായാണ് താൻ ഇതിനെ കാണുന്നതെന്നാണ് കഴിഞ്ഞ ദിവസം രൂപയുടെ ഇടിവിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരമൻ അഭിപ്രായപ്പെട്ടത്. ഇത് വലിയ തോതിൽ ട്രോൾ പരിഹാസത്തിനും ഇടയാക്കിയിരുന്നു

ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന കാരണം ഡോളര്‍ സൂചിക 0.33 ശതമാനം ഉയര്‍ന്ന് 112.368 ആയി. കഴിഞ്ഞ ദിവസം 82.36 രൂപയില്‍ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. 82.40 രൂപയില്‍ ഇന്ത്യന്‍ കറന്‍സിയെ സംരക്ഷിച്ച് നിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമം വിഫലമായി. ആര്‍ ബി ഐയുടെ ഇടപെടലുകള്‍ കുറഞ്ഞതോടെ ആണ് രൂപക്ക് വീണ്ടും തിരിച്ചടിയുണ്ടായത് എന്നാണ് സൂചന.

അതിനിടെ യു എസ് മാര്‍ക്കറ്റില്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചു. ഇതിനൊപ്പം ഡോളര്‍ ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ രൂപ വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ഈ വര്‍ഷം യു എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. 2021 ഒക്ടോബറില്‍ ഒരു ഡോളര്‍ എന്നാല്‍ 75 രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 83 ല്‍ എത്തിയിരിക്കുന്നത്.

രൂപയെ സംരക്ഷിക്കാന്‍ ആര്‍ ബി ഐയുടെ കൈവശം വിദേശനാണ്യ ശേഖരം ആവശ്യത്തിനില്ല. ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട് എന്നാണ് ആര്‍ ബി ഐ കണക്കുകള്‍ പറയുന്നത്. യു എസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട് എന്നിരിക്കെ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ രൂപ വീണ്ടും ഇടിഞ്ഞേക്കാം.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുകയും ചെയ്തിരുന്നു. അതേസമയം രൂപയുടെ മൂല്യം കുറയുന്നതല്ല പകരം ഡോളര്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്തി നിര്‍മ്മല സീതാരാമന്‍ അഭിപ്രായപ്പെട്ടത്.

 

Top