രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറിന് 73.26 രൂപയിലെത്തി

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.23 രൂപയായി. അതേസമയം, യുഎഇ ദിര്‍ഹത്തിന്റെ മൂല്യം 20 രൂപയ്ക്ക് മുകളിലായി. ക്രൂഡ് വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ആഗോളവിപണിയില്‍ 85 ഡോളറിനരികെയാണ് ക്രൂഡ് വില. രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ നാണയവുമായി ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്‌. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു നാണയത്തിന്റെ വില മറ്റൊരു നാണയത്തിൽ പ്രകടിപ്പിക്കുന്നതാണ്‌ വിനിമയ നിരക്ക്‌.

വിദേശനാണയത്തിൽ ഒരു യൂണിറ്റ്‌ ലഭിക്കാൻ ആഭ്യന്തര നാണയത്തിന്റെ എത്ര യൂണിറ്റുകൾ നൽകണമെന്നതാണ്‌ വിനിമയനിരക്ക്‌ കൊണ്ട്‌ സാധാരണ അർത്ഥമാക്കുന്നത്‌. പ്രധാനമായും രണ്ടു തരത്തിലുള്ള വിനിമയ നിരക്കുകളാണുള്ളത്‌. സ്ഥിര വിനിമയ നിരക്കും (Fixed Exchange Rate), അസ്ഥിര വിനിമയ നിരക്കും (Flexible Exchange Rate). ഇതിനു പുറമെ, നിയന്ത്രിത അസ്ഥിര വിനിമയ നിരക്ക് എന്ന സംവിധാനവുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിൽ ആദ്യത്തെ സംവിധാനത്തിൽ ഒരു രാജ്യത്തെ കേന്ദ്രബാങ്ക്‌ സ്വർണത്തിന്റെയോ മറ്റു നാണയത്തിന്റെയോ അടിസ്ഥാനത്തിൽ വിനിമയ നിരക്ക്‌ തീരുമാനിക്കുന്നു. കേന്ദ്രബാങ്കിന്റെ നിർദേശപ്രകാരം മാത്രമേ തുല്യതാ മൂല്യത്തിൽ (Parity Value) മാറ്റം വരുത്താൻ പാടുള്ളൂ.

സ്ഥിരവിനിമയ നിരക്കിൽ മൂന്ന്‌ പ്രധാന ഗുണങ്ങളാണുള്ളത്‌. ഇടപാടുകളിലെ അനിശ്ചിതത്വവും അപകട സാധ്യതയും തടയാൻ കഴിയുമെന്നതിനാൽ ലോക വ്യാപാര വികസനത്തിന്‌ ഇത്‌ കൂടുതൽ സഹായകമാവുന്നു.

പരസ്പരം ആശ്രയിച്ചുള്ള ലോക സമ്പദ്‌ഘടനയിൽ രാജ്യങ്ങളുടെ സ്ഥൂല സാമ്പത്തിക നയങ്ങളുടെ ഏകീകരണത്തിന്‌ വഴിയൊരുക്കുന്നു.

കാര്യമായ സാമ്പത്തിക കുഴപ്പങ്ങൾ സംഭവിക്കുന്നില്ലെന്ന്‌ ഉറപ്പു വരുത്തുന്നു.

രണ്ടാമത്തെ സംവിധാനത്തിൽ കേന്ദ്രബാങ്കിന്റെ ഇടപെടലുകൾ ഇല്ലാതെ ചോദന (Demand), പ്രദാന (Supply) ശക്തികളുടെ പ്രവർത്തനഫലമായാണ്‌ നിരക്കുകൾ തീരുമാനിക്കപ്പെടുന്നത്‌. ഏതു ബിന്ദുവിൽ വച്ചാണോ വിദേശവിനിമയത്തിന്റെ ചോദനവും പ്രദാനവും സമതുലനത്തിൽ (Equilibrium) എത്തുന്നത്‌ ആ ബിന്ദുവിൽ വച്ച്‌ വിനിമയ നിരക്ക്‌ തീരുമാനിക്കുന്നു. ചോദന – പ്രദാനങ്ങളിലുണ്ടാവുന്ന മാറ്റം വിനിമയ നിരക്കിനെയും ബാധിക്കുന്നു.

ഇന്ത്യയിൽ ഡോളറിന്റെ ചോദനം ഉയരുകയും പ്രദാനം മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക്‌ രൂപയ്ക്കെതിരേ ഉയരുകയും ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നു. നേരെ മറിച്ച്‌ ഡോളറിന്റെ പ്രദാനം കൂടുകയും അതിന്റെ ചോദനം മാറ്റമില്ലാതെ നിൽക്കുകയോ കുറയുകയോ ചെയ്യുമ്പോൾ ഡോളറിന്റെ വിനിമയ നിരക്ക്‌ താഴുകയും മൂല്യം കുറയുകയും ചെയ്യുന്നു. അതേസമയം ഇന്ത്യൻ രൂപയുടെ മൂല്യവും വിനിമയ നിരക്കും ഉയരുന്നു. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഗണ്യമായി ഉയരുമ്പോൾ രൂപയുടെ വിനിമയ മൂല്യം ഉയരുന്നു.

മൂന്നാമത്തെ നിയന്ത്രിത അസ്ഥിര സംവിധാനത്തിൽ രണ്ടാമത്തെ സംവിധാനത്തെപ്പോലെ കമ്പോളശക്തികളായ ചോദനത്തിന്റെയും പ്രദാനത്തിന്റെയും പ്രവർത്തനഫലമായിട്ടാണ് വിനിമയനിരക്ക് തീരുമാനിക്കപ്പെടുന്നത്. എന്നാൽ, വിനിമയമൂല്യത്തിൽ വലിയ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ കേന്ദ്രബാങ്ക് വിദേശ വിനിമയ കമ്പോളത്തിൽ ഇടപെട്ട് ചാഞ്ചാട്ടത്തിൽ കുറവു വരുത്താൻ ശ്രമിക്കും.

ഇന്ത്യയിൽ ഇപ്പോൾ പിന്തുടരുന്നത്‌ നിയന്ത്രിത അസ്ഥിര വിനിമയ നിരക്ക്‌ സംവിധാനമാണ്‌. അടിസ്ഥാനപരമായി കമ്പോളശക്തികളാണ് (ഡിമാൻഡ്, സപ്ലൈ) വിനിമയ നിരക്ക് തീരുമാനിക്കുന്നത്. വിനിമയ നിരക്ക് കൂടുമ്പോൾ രൂപയുടെ മൂല്യം കൂടുകയും കുറയുമ്പോൾ മൂല്യം ഇടിയുകയും ചെയ്യുന്നു.

ഇന്ത്യയിലേക്ക് വൻതോതിൽ വിദേശനിക്ഷേപം ഒഴുകിയെത്തിയതാണ് രൂപയുടെ മൂല്യം ഉയരുന്നതിന് കാരണമാകുന്നത്.  വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുമ്പോൾ നിരക്ക് ഇടിയുകയും ചെയ്യുന്നു. വിദേശ കറൻസി വ്യാപാരം നടത്തുന്ന കമ്പോളത്തെയാണ് വിദേശവിനിമയ വിപണിയെന്നു പറയുന്നത്. ഇവിടെ രജിസ്റ്റർ ചെയ്ത ഡീലർമാർക്ക് മാത്രമേ വിദേശ കറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അനുമതിയുള്ളൂ. വ്യക്തികൾക്ക് നേരിട്ട് വിദേശ കറൻസി കൈകാര്യം ചെയ്യുന്നതിന് അധികാരമില്ലാത്തതിനാൽ ഇന്ത്യയിൽ തിരഞ്ഞെടുത്ത ബാങ്കുകളാണ് ഡീലർമാരായി പ്രവർത്തിക്കുന്നത്.

ഇറക്കുമതിക്കാർ ബാങ്കുകളിൽ നിന്ന് വിദേശകറൻസി വാങ്ങുമ്പോൾ കയറ്റുമതിക്കാർ ബാങ്കുകൾക്ക് വിദേശ പണം നൽകുന്നു. മധ്യവർത്തികളുടെ ജോലി വഴി ബാങ്കുകൾ ലാഭം നേടുന്നു.

Top