
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മുൻ ജഡ്ജ് എസ് സുധീപ്. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് വിഡി സതീശൻ കയർത്തതിനെതിരെയാണ് വിമർശനം.മാധ്യമങ്ങളെ സെൻസർഷിപ്പിന് വിധേയമാക്കി വായടപ്പിച്ച സഞ്ജയ് ഗാന്ധിയുടെ പ്രേതം തന്നെയാണ് ഇന്നും കോൺഗ്രസുകാരെ ഭരിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് വിഡി സതീശനെന്ന് എസ് സുധീപ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സതീശനെ എസ് സുധീപ് രൂക്ഷമായി വിമർശിക്കുന്നത്.
എസ് സുദീപിന്റെ എഫ് ബി പോസ്റ്റ് പൂർണ്ണമായി :
‘ സഞ്ജയ് ഗാന്ധിക്കു മരണമില്ല. അടിയന്തിരാവസ്ഥയുടെ വാർഷിക ദിനത്തിൽ വി ഡി സതീശൻ പത്രപ്രവർത്തകനോട് ആക്രോശിച്ചത് യാദൃച്ഛികമൊന്നുമല്ല. മാദ്ധ്യമങ്ങളെ ഒന്നടങ്കം സെൻസർഷിപ്പിനു വിധേയമാക്കി വായടിപ്പിച്ച സഞ്ജയ് ഗാന്ധി എന്ന നിഷ്ഠുരനായ അംസബന്ധ നായകന്റെ പ്രേതം തന്നെയാണ് ഇന്നും കോൺഗ്രസുകാരെ ഭരിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ് സതീശൻ.
പ്രതിഷേധം കഴിഞ്ഞ് എസ് എഫ് ഐ ക്കാരെ പുറത്താക്കി ഷട്ടറിട്ട ഉടനെ ചാനലുകളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഗാന്ധിജിയുടെ ഫോട്ടോ ചുമരിലുണ്ടായിരുന്നതടക്കമുളള കാര്യം ചൂണ്ടിക്കാട്ടിയ പത്രപ്രവർത്തകനോടാണ് അയാൾ പൊട്ടിത്തെറിച്ചത്.
അസംബന്ധം ഇവിടെ വേണ്ട എന്നയാൾ ആവർത്തിച്ച് അട്ടഹസിക്കുകയാണ്! അതൊക്കെ പിണറായിയോടു മതി എന്നു കൂടി അയാൾ ആക്രോശിക്കുന്നുണ്ട്. സതീശൻ മര്യാദക്കാരനാണെന്നും അല്ലെങ്കിൽ പിടിച്ചു പുറത്താക്കിയേനെ എന്നും കൂടി അയാൾ അട്ടഹസിക്കുന്നു. ഇതാണോ മര്യാദ? സതീശന്റെ മര്യാദയൊക്കെ നാട്ടുകാർക്കറിയാം. മൂക്കാതെ പഴുത്തതിന്റെ ദോഷമാണ്. മാദ്ധ്യമങ്ങളുടെ ലാളന മാത്രം അനുഭവിച്ചു വളർന്നതിന്റെ കുഴപ്പമാണ്. ആരോ എഴുതി നൽകുന്ന അച്ചടിച്ച പ്രസംഗം മാത്രം എഴുതി വായിച്ച് വലുതായതിന്റെ പ്രശ്നമാണ്.
ഒരു ന്യായമായ ചോദ്യം പോലും സഹിക്കാൻ കഴിയാത്ത ഇയാളാണോ പ്രതിപക്ഷ നേതാവ്? ഒരു ചോദ്യത്തിനുത്തരം പറയാൻ കഴിയാത്ത ഇയാളാണോ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു കാത്തിരിക്കുന്നത്? ഇയാളാണോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവ്? ഇയാളാണോ ജനാധിപത്യത്തിന്റെ കാവൽ ഭടൻ? ഇയാൾ സഞ്ജയ് ഗാന്ധിയുടെ പ്രേതമാണ്. അസംബന്ധങ്ങളൊക്കെ പിണറായിയോടു പോയി ചോദിക്കാനാണ് അയാൾ പറഞ്ഞത്. ശരിയാണ്. ഇടതു നേതാക്കളോട് നിങ്ങൾക്ക് എന്ത് അസംബന്ധവും ചോദിക്കാം.
അവരെക്കുറിച്ച് എന്ത് അസംബന്ധവും നിങ്ങൾക്ക് എഴുതാം. കാരണം അവരൊന്നും മാദ്ധ്യമങ്ങളുടെ ലാളന ഏറ്റുവാങ്ങി വളർന്നവരല്ല. മാദ്ധ്യമ മുതലാളിമാരുടെ കാലു തടവി വളർന്നവരുമല്ല. സെൻസർഷിപ്പ് ഏർപ്പെടുത്തി വളർന്നവരുമല്ല. സഞ്ജയ് ഗാന്ധിക്കു മരണമില്ല. അയാൾ സതീശനെപ്പോലുള്ള കോൺഗ്രസുകാരിലൂടെ ഇന്നും ജീവിക്കുന്നു”.