സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന രീതിയിൽ ശബരിമല സന്നിധാനത്ത് ശ്രീകോവിലിനു സമീപം യുവതികൾ എത്തിയെന്ന രീതിയിൽ പ്രചാരണം നടത്തുന്നത് സുപ്രീം കോടതി വിധിയെ സ്വാധീനിക്കാനെന്നു സൂചന. ശബരിമല സന്നിധാനത്ത് സ്്ത്രീകൾ പ്രവേശിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സിപിഎമ്മും സർക്കാരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാടിനു സാധൂകരണം ലഭിക്കുന്നതിനു വേണ്ടി കൊല്ലം സ്വദേശിയായ വ്യവസായി,സ്വാമിയുടെ നേതൃത്വത്തിൽ ഇപ്പോൾ വിവാദമുണ്ടാക്കാനുള്ള ശ്രമം നടന്നിരിക്കുന്നതെന്നാണ് സൂചന. സംഭവത്തിൽ ബിജെപി – ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെ മനപൂർവം വലിച്ചിടുകയായിരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
ശബരിമല സന്നിധാനത്ത് യുവതികളെ എത്തിച്ചതും ചിത്രം പകർത്തയതും ദേവസ്വം ബോർഡിലെ ഇടതു സംഘടനകളുമായി ബന്ധപ്പെട്ട പ്രവർത്തകരാണ്. യുവതികളുടെ സന്ദർശനം വിവാദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഇത്തരത്തിൽ ചിത്രം പകർത്തിയതും. യുവതികൾ ശബരിമലയിൽ എത്തിയ ചിത്രം നൽകണമെന്നു സംസ്ഥാനത്തെ രണ്ടു പ്രമുഖ മാധ്യമങ്ങളുടെ ശബരിമലയിലെ ഫോട്ടോഗ്രാഫർമാരോടും, ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ പത്തനംതിട്ടയിലെ റിപ്പോർട്ടറോടും ഈ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നു വരുത്തി തീർക്കുന്ന രീതിയിൽ പ്രചാരണം നടത്തുകയായിരുന്നു ലക്ഷ്യം. വിഷു ഉത്സവത്തിനു സ്ത്രീകൾ ശബരിമലയിൽ എത്തിയെന്ന രീതിയിൽ യുക്തിവാദി സംഘടനകളുടെയും, സ്ത്രീവിമോചന പ്രവർതതകരുടെയും സഹായത്തോടെ സുപ്രീം കോടതിയിൽ ഹർജി നൽകുന്നതിനും അനുകൂല ഉത്തരവ് സംഘടിപ്പിക്കുന്നതിനുമായിരുന്നു ഇത്തരത്തിൽ യുവതികളെ എത്തിച്ചതെന്നാണ് സൂചന. സ്ത്രീകൾ ശബരിമല സന്ദർശിച്ചാൽ ആചാരപരമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നു ബോധ്യപ്പെടുത്തുകയായിരുന്നു ഗൂഡാലോചനയിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം.
ഇത്തരത്തിൽ ശബരിമലയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനു പരാതി നൽകാൻ ഒരുങ്ങുകയാണ് ബിജെപി സംസ്ഥാന നേതൃത്വവും സംഘപരിവാർ സംഘടനകളും. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്നു വരുത്തി തീർത്ത് സുപ്രീം കോടതി വിധി അനൂകൂലമാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും ബിജെപി കരുതുന്നു. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ കൂടി കേസിൽ കക്ഷിച്ചേരണമെന്ന ആവശ്യമാണ് ബിജെപി സംഘപരിവാർ സംഘടനകൾ ഉന്നയിക്കുന്നത്.