പത്തനംതിട്ട :ശബരിമല വിഷയത്തില്‍ റിവിഷന്‍ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് എടുത്തു എന്ന് റിപ്പോർട്ട്.അതേസമയംശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ .ഇതിന്റെ ഭാഗമായി പതിനെട്ടാം പടിയിൽ ഉൾപ്പെടെ യുവതികളായ പൊലീസുകാരെ നിയോഗിക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കം .
മാസപൂജയ്ക്ക് മുൻപ് തന്നെ വനിതാ പൊലീസുകാരെ സന്നിധാനത്ത് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ മൂന്ന് എ ആർ ക്യാമ്പുകളിൽ നിന്നുള്ള വനിതാ പൊലീസുകാരെയാണ് ശബരിമലയിൽ എത്തിക്കുക.രണ്ട് ഡിവൈഎസ്പി മാർ,നാലു സിഐമാർ, പതിനഞ്ച് എസ് ഐ മാർ എന്നിവരടങ്ങുന്ന സംഘത്തെയാണ് പമ്പയിലും,ശബരിമലയിലും നിയോഗിക്കുക.റേഞ്ച് ഐ ജി മനോജ് എബ്രഹാമിനാണ് സുരക്ഷാ ചുമതല.
എന്നാൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ യുവതികളായ പൊലീസുകാർ തന്നെ പ്രതിഷേധിച്ചു തുടങ്ങിയതായി രഹസ്യാന്വേഷണ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്.എതിർപ്പ് ശക്തമായതോടെ ഇപ്പോൾ ക്യാമ്പ് അംഗങ്ങളെയാണ് ഡ്യൂട്ടിയിൽ നിയമിക്കുന്നത്.
മാത്രമല്ല ഇത്തരത്തിലെത്തുന്ന വനിതാ പൊലീസുകാരെ ഭക്തർ തന്നെ തടയാൻ സാധ്യതയുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 17 നാണ് മാസപൂജയ്ക്കായി നട തുറക്കുക.ആ സമയത്ത് എത്തുന്ന ഭക്തർ വനിതാ പൊലീസുകാരെ തടയാതിരിക്കാനാണ് രണ്ട് ദിവസം മുൻപ് തന്നെ ഇവരെ മലയിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയം ആയുധമാക്കാന്‍ ഒരുങ്ങി സംഘ് പരിവാർ സംഘടനകൾ. ഇതു സംബന്ധിച്ച കൂടിയാലോചനകൾക്കായി ഈ മാസം എട്ടിന് കൊച്ചിയിൽ സംഘ് പരിവാർ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ ബി.ജെ.പി-ആർ.എസ്.എസ് നിലപാടുകളെ തള്ളി ഭാരതീയ വിചാര കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ആര്‍.സഞ്ജയന്‍ എഴുതിയ ലേഖനം ജന്‍മഭൂമിയില്‍ പ്രസിദ്ധീകരിച്ചു.
വി.എച്ച്.പി, ബജ്രംഗദൾ, ദുർഗാവാഹിനി, മഹിളാ ഐക്യവേദി, അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി, തുടങ്ങിയ സംഘടനകളാണ് പ്രധാനമായും കൊച്ചിയിലെ യോഗത്തിൽ പങ്കെടുക്കുക. ആർ.എസ്.എസിന്റെ മുൻകയ്യിൽ എളമക്കര ഭാസ്കരീയത്തിലാണ് യോഗം ചേരുന്നത്. ശബരിമല വിഷത്തിൽ സമരം ശക്തിപ്പെടുത്തുന്നതിന് പൊതു ഫോറം രൂപീകരിക്കാനും ശ്രമം ഉണ്ടാകും. അതു വഴി സമരത്തെ ബഹുജന പ്രക്ഷോഭമായി വളർത്തും.സമരത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സംഘ് സംഘടനകളുടെ സഹായം തേടും. പ്രശ്നത്തിൽ എൻ.എസ്.എസ്, എസ്,എൻ,ഡി,പി സംഘടനകളുടെ പിന്തുണയും തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി ആറാം തീയതി പന്തളം രാജപ്രതിനിധി വിളിച്ച യോഗത്തിൽ എൻ.എസ്.എസ് ഉം എസ്.എൻ.ഡി.പിയും പങ്കെടുക്കും. ഈ യോഗത്തിൽ സംഘ്പരിവാർ സംഘടനകൾ പങ്കെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്നത് ക്ഷേത്രത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്ന് ഭാരതീയ വിചാര കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ആര്‍.സഞ്ജയന്‍ ജൻമ ഭൂമിയിലെ ലേഖനത്തില്‍ പറയുന്നു. ഹിന്ദു ധര്‍മ്മത്തെയോ സമൂഹത്തെയോ ബാധിക്കുന്ന ഒന്നും വിധിയില്‍ ഇല്ലെന്നും സുപ്രിം കോടതി വിധിയെക്കുറിച്ച് ചിലർ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ലേഖനം പറയുന്നു. ഉത്തരവ് ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങൾക്കും വേണ്ടിയുള്ളതല്ല. മതസ്വാതന്ത്ര്യം മൗലികാവകാശമാണ്, പക്ഷേ, അത് മറ്റ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാകരുതെന്ന കോടതി വിധിയുടെ അന്തഃസ്സത്തയോട് വിയോജിക്കാനാകില്ലെന്നും ആർ.സഞ്ജയൻ ലേഖനത്തിൽ പറയുന്നു.