കോട്ടയം :ശബരിമല വിഷയം കുടുതൽ വഷളാവുകയാണ്. പമ്പയിലേക്കുള്ള ശബരിമല തീർഥാടകരെ തടഞ്ഞതിനെ തുടർന്ന് നിലയ്ക്കലിൽ സംഘർഷം. കേരളം നെഞ്ചിടിപ്പോടെയാണ് ഇന്നത്തെ ദിവസത്തെ വരവേൽക്കുന്നത്. ഇന്നലെ രാത്രിയോടു കൂടി കാര്യങ്ങൾ കയ്യാങ്കളി വരെ എത്തി.തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കുമ്പോൾ എന്തൊക്കെ സംഭവങ്ങൾക്കാകും നിലയ്ക്കൽ സാക്ഷ്യം വഹിക്കുക എന്ന ആശങ്കയിലാണ് കേരളം. യുവതികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഭക്തർ നിരവധിപേർ നിലയ്ക്കലിൽ എത്തിക്കഴിഞ്ഞു. ഇവരെ ചെറുക്കാനായി സേനയും സജ്ജമായിക്കഴിഞ്ഞു.തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പ്രതിഷേധകർ രംഗത്ത്. പ്രതിഷേധകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെ മറുവശത്ത് പോലീസ് സേന.
പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുളള പ്രതിഷേധക്കാരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ഇതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിട്ടു. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചു. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വാഹനം തടഞ്ഞ എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി.ചെന്നൈയിൽ നിന്നെത്തിയ ദമ്പതികളെയാണു സമരം ചെയ്യുന്ന സ്ത്രീകളടങ്ങുന്ന സംഘം രാത്രി തടഞ്ഞത്. വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവർണം(40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സമരക്കാർ തടഞ്ഞത്. പമ്പ വരെയേ പോകുന്നുള്ളു എന്നു പറഞ്ഞിട്ടും സമരക്കാർ വഴങ്ങിയില്ല. ബസിൽ നിന്നു വലിച്ചു പുറത്തിറക്കിയ ശേഷം പഞ്ചവർണത്തോട് സമരപ്പന്തലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ പഞ്ചവർണത്തെ നിർബന്ധിച്ച് സമരപ്പന്തലിലേക്കു കൊണ്ടുപോയി. ഒടുവിൽ പൊലീസ് ഇടപെട്ട് പഴനിയെയും പഞ്ചവർണത്തെയും രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. തീർഥാടകരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇന്നലെ ഏരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള വഴിയിൽ ആചാരസംരക്ഷണ സമിതി പ്രവർത്തകർ കർശന പരിശോധനയാണ് നടന്നത്. എന്നാൽ അത് ഇന്ന് അനുവദിക്കില്ലെന്നാണ് ഡിജിപി പറയുന്നത് എന്നാൽ വഴി നീളെ പ്രവർത്തകർ ബൈക്കുകളിലും മറ്റും നിരീക്ഷണം നടത്തും എന്നാണ് അറിയാൻ കഴിയുന്നത്. വാഹനങ്ങൾ പരിശോധന തുടരാൻ തന്നെയാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഇന്നു മുതൽ നിലയ്ക്കലിൽ പൊലീസ് സുരക്ഷയും ശക്തമാക്കുന്നുണ്ട്. നേരത്തെയില്ലായിരുന്ന തരത്തിൽ യുദ്ധസമാനമായ സാഹചര്യമാകും ഇന്ന് ഇവിടം. മാധ്യമങ്ങളുടെ വാഹനങ്ങളടക്കം ആചാര്യ സംരക്ഷണ സമിതി പ്രവർത്തകർ പരിശോധിച്ചാകും കടത്തി വിടുക. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിൽ ഇന്നലെ തടഞ്ഞിരുന്നില്ല എന്നാൽ ഇന്ന് ഇതായിരിക്കില്ല സ്ഥിതി എന്നാണ് പ്രതിഷേധകർ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രിയോടെ പമ്പ മുതൽ സന്നിധാനം വരെ പൊലീസിനെ വിന്യസിച്ചു കഴിഞ്ഞു.
എന്നാൽ നിലയ്ക്കലിൽ രാത്രിവരെ ആചാര്യ സംരക്ഷണ സമിതി തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആർക്കും പമ്പയിലേക്കും സന്നിധാനത്തേക്കും പോകാമെന്ന് എഡിജിപി അനിൽ കാന്ത് പറഞ്ഞതെങ്കിലും വാഹനങ്ങൾ സമിതിയുടെ പുരുഷന്മാരും സ്ത്രീകളും പരിശോധിച്ചാണ് വിട്ടത്. ശരണം വിളിച്ചുകൊണ്ടാണ് ഇവർ ആളുകളെ തടഞ്ഞത്. എന്നാൽ ഇന്നുമുതൽ എല്ലാം പോലീസ് നിയന്ത്രണത്തിലാകും
അതേസമയം ഇന്നലെ വൈകീട്ട്, ശബരിമല സംരക്ഷണസമിതിയുടെ പേരിൽ പ്രതിഷേധക്കാർ നിലയ്ക്കലിൽ ബസുകൾ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിപി ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയത്. മാധ്യമപ്രവർത്തകരടക്കമുള്ള യുവതികളെയാണ് നിലയ്ക്കലിൽ ബസ് തടഞ്ഞ് ഇറക്കിവിട്ടത്. എന്തായാലും നാളെ ശബരിമല കയറാൻ യുവതികൾ എത്തുകയാണെങ്കിൽ അവിടം സംഘർഷ ഭൂമിയാകുമെന്ന കാര്യത്തിൽ സംശയമില്ല.
നേരത്തെ പമ്പയിലേക്ക് കെഎസ്ആർടിസി ബസിൽ പോയ വനിതാ മാധ്യമ പ്രവർത്തകരെയും സമരക്കാർ തടഞ്ഞിരുന്നു. സ്ത്രീകളായ പ്രതിഷേധക്കാർ ഇവരെ ബലം പ്രയോഗിച്ച് ബസിൽനിന്ന് ഇറക്കിവിട്ടു. പമ്പയിലെത്തി റിപ്പോർട്ട് ചെയ്യാനും ദൃശ്യങ്ങൾ പകർത്താനും മാത്രമാണ് എത്തിയതെന്ന് ഇവര്‍ അറിയിച്ചെങ്കിലും പ്രതിഷേധക്കാർ ചെവിക്കൊണ്ടില്ല. പമ്പയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുൾപ്പെടെ എല്ലാ വാഹനങ്ങളും സമരക്കാരിലെ സ്ത്രീകൾ തടഞ്ഞ് നിർത്തി യുവതികളില്ലെന്ന് ഉറപ്പുവരുത്തിയാണ് കടത്തിവിട്ടത്. കനത്ത മഴ പോലും അവഗണിച്ചാണ് സ്ത്രീകളടക്കമുള്ളവർ നിലയ്ക്കലിലും മറ്റും നിലകൊണ്ടത്. പമ്പയിലും സന്നിധാനത്തും പ്രതിഷേധങ്ങളോ യോഗങ്ങളോ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. നിലയ്ക്കലിന് അപ്പുറത്തേക്കു സ്വകാര്യ വാഹനങ്ങൾ കയറ്റിവിടില്ല. തീർഥാടകർക്ക് കെഎസ്ആർടിസി ബസുകളിൽ പമ്പയിലെത്താമെന്നും പൊലീസ് അറിയിച്ചു.
ഇതിനിടെ, നിലയ്ക്കലിലെ സമരപന്തലിൽ ആത്മഹത്യ ഭീഷണി ഉയര്‍ത്തിയ ആദിവാസി സ്ത്രീയെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കഴുത്തിനു കുരുക്കിട്ട നിലയ്ക്കൽ സ്വദേശി രത്നമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിർദേശം നല്‍കി. നിലയ്ക്കല്‍, പമ്പ മേഖലകളില്‍ പൊലീസ് പട്രോളിങ് സംഘങ്ങളെയും സ്ട്രൈക്കര്‍ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വടശ്ശേരിക്കര – നിലയ്ക്കല്‍, എരുമേലി – നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും. എല്ലാ നിയമലംഘനങ്ങളും തടയാന്‍ നടപടി സ്വീകരിക്കും. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി