ലണ്ടൻ :ശബരിമല സമരവും സുപ്രീം കോടതി വിധികളും വാർത്തയാക്കി ബിബിസി ന്യുസും .ശബരിമലയില്‍ വിശ്വാസ സംരക്ഷണത്തിന്‍റേ പേരില്‍ ഭക്തരെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം നടത്തുന്ന അതിക്രമങ്ങള്‍ അതിരുവിടുകയാണ്. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തുന്ന സ്ത്രീകളെ ഇവര്‍ കൂട്ടമായി ആക്രമിക്കുകയാണ്. ശബരിമലയില്‍ നടക്കുന്ന സമരവും ഭക്തരെന്ന് അവകാശപ്പെടുന്നവരുടെ അതിക്രമവുമെല്ലാം വിദേശ മാധ്യമമായ ബിബിസിയും വാര്‍ത്തയാക്കിയിരിക്കുന്നു . ഹിന്ദുവിശ്വാസ പ്രകാരം ആര്‍ത്തവം അശുദ്ധിയാണെന്നാണ് കണക്കാക്കുന്നത്.
ആര്‍ത്തവത്തിന്‍റെ പേരില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ഭക്തരുടെ നേതൃത്വത്തില്‍ വന്‍ അതിക്രമമാണ് നടക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോടതി വിധി വന്നെങ്കിലും ക്ഷേത്രത്തിന്‍റെ നട തുറന്നത് മുതല്‍ ഒരു സ്ത്രീയെ പോലും ക്ഷേത്രത്തിലേക്ക് കടത്തിവിടാന്‍ സമരക്കാര്‍ തയ്യാറായിട്ടില്ലെന്ന് വാര്‍ത്തയില്‍ പറയുന്നു. ആര്‍ത്തവമുള്ള സ്ത്രീകളെ സമരം ചെയ്യുന്ന ഒരുകൂട്ടം ആളുകള്‍ തേടിപ്പിടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീപ്രവേശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശീയമാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സ്ത്രീകളടക്കമുള്ള മാധ്യമപ്രവര്‍ത്തകരെയാണ് വിശ്വാസികളെന്നു പറയുന്ന പ്രതിഷേധക്കാര്‍ ആക്രമിച്ചത്. ഒരു ഘട്ടത്തില്‍ സ്ഥിതി സംഘര്‍ഷഭരിതമായതോടെ പ്രതിഷേധങ്ങള്‍ ഷൂട്ട് ചെയ്യുന്നത് പോലും തടസ്സപ്പെട്ടെന്നും ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.