ന്യൂഡല്‍ഹി:ശബരിമല യുവതീപ്രവേശത്തിലെ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ റിവ്യൂ ഹർജികൾ പരിശോധിക്കുന്ന കാര്യത്തിൽ വാദം പൂർത്തിയായി. വിധി പിന്നീട് പ്രസ്താവിക്കും.വിധി, കുംഭമാസ പൂജകള്‍ക്കായി നട തുറക്കുന്നതിന് മുമ്പ് ഉണ്ടാകില്ല. 65 ഓളം ഹര്‍ജികളാണ് യുവതീപ്രവേശന വിധിയെ എതിര്‍ത്ത് കോടതിയിലെത്തിയത്. ഇതില്‍ വളരെക്കുറിച്ച് ഹര്‍ജികളില്‍ മാത്രം വാദം കേട്ട സുപ്രീകോടതി അവശേഷിച്ച ഹര്‍ജിക്കാരോട് അവരുടെ വാദവും നിലപാടുകളും രേഖാമൂലം എഴുതി തരാനാണ് ആവശ്യപ്പെട്ടത്. ഇതിനായി ഏഴ് ദിവസം സമയവും സുപ്രീംകോടതി നല്‍കി.ഇതുപ്രകാരം ഫെബ്രുവരി 13 വരെയാണ് വാദങ്ങള്‍ എഴുതി നല്‍കാനാകുക. വാദങ്ങള്‍ പഠിച്ചതിന് ശേഷമായിരിക്കും കോടതി വിധി പറയുക. എന്നാല്‍ ഫെബ്രുവരി 12-ന് കുംഭ മാസ പൂജകള്‍ക്കായി ശബരിമല നട തുറക്കും. അതുകൊണ്ടുതന്നെ കുംഭമാസ പൂജയ്ക്കായി നട തുറക്കുന്നതിന് മുമ്പ് വിധി ഉണ്ടാകില്ല.
65 പുനഃപരിശോധന ഹർജികളാണ് കോടതി ഇന്നു പരിഗണിച്ചത്. ഇതിൽ ആറു പേർക്കു മാത്രമാണു വാദിക്കാൻ അവസരം ലഭിച്ചത്. മൂന്നര മണിക്കൂർ വാദം നീണ്ടു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിധിയെ പിന്തുണച്ച് പുനഃപരിശോധന ഹർജിയെ എതിർത്തു. ഏഴുദിവസത്തിനകം വാദങ്ങൾ എഴുതി നൽകാൻ മറ്റു ഹർജിക്കാർക്ക് കോടതി നിർദേശം നൽകി.ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തുല്യതയാണു വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. തന്ത്രിയുടെ വാദം വ്യാഖ്യാനം മാത്രമാണ്. അതു പുനഃപരിശോധനയ്ക്ക് തക്ക കാരണമല്ല. വാദം കേട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാട്ടാനാവില്ലെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, സർക്കാര്‍ നിലപാടിനോടു യോജിച്ച് ശബരിമലയിലെ യുവതീപ്രവേശത്തെ പിന്തുണയ്ക്കുകയായിരുന്നു ദേവസ്വം ബോർഡ്. യുവതികൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിക്കാനാവില്ലെന്ന് ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. വ്യക്തിക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല. ആർത്തവമില്ലാതെ മനുഷ്യകുലത്തിന് നിലനിൽപ്പില്ല, എല്ലാ വ്യക്തികളും തുല്യരാണെന്നതാണു മതത്തിന്റെ അടിസ്ഥാനം. യുവതികള്‍ക്കു പ്രവേശനം വിലക്കുന്നത് തുല്യനീതിക്കുള്ള ലംഘനമാണെന്നും രാകേഷ് ദ്വിവേദി വാദിച്ചു. അതിനിടെ, രാകേഷ് ദ്വിവേദിയുടെ നിലപാടുമാറ്റത്തെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യം ചെയ്തു. യുവതീപ്രവേശത്തെ നിങ്ങൾ എതിർത്തിരുന്നുവല്ലോയെന്ന് അവർ ചോദിച്ചു.
അതേസമയം, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നേരത്തേ സ്വീകരിച്ച നിലപാട് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മാറ്റി. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധിയെ അനുകൂലിക്കുന്നതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോർഡിന്‍റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.
എന്നാല്‍ ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് മാറ്റത്തെ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു. യുവതീ പ്രവേശനത്തെ നിങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്നുവല്ലോയെന്ന് അവര്‍ ചോദിച്ചു. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്‍റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി.
ഇന്ന് കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾ വായിക്കാം:
- ഭരണഘടനയുടെ 25ാം അനുച്ഛേദം നൽകുന്ന അവകാശമാണ് എല്ലാവരും ഉന്നയിക്കുന്നതെന്നാണ് അഡ്വ. പരാശരൻ വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ തുല്യത ഉറപ്പ് വരുത്തേണ്ടതാണ്. എന്നാൽ ക്ഷേത്രങ്ങൾ പൊതുസ്ഥലമല്ലെന്നും അഡ്വ. പരാശരൻ വ്യക്തമാക്കുന്നു.
- ഭരണഘടനയുടെ 15-ാം അനുഛേദപ്രകാരം ക്ഷേത്ര ആചാരങ്ങൾ റദ്ദാക്കിയത് തെറ്റെന്ന എൻഎസ്എസ് വാദത്തോട് പതിനഞ്ചാം അനുച്ഛേദം അടിസ്ഥാനപ്പെടുത്തി തന്നെയാണ് തന്‍റെ വിധിയെന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ പറഞ്ഞു. പൊതു സ്ഥലമായി പരിഗണിച്ചു കൊണ്ട് തന്നെയാണ് യുവതീ പ്രവേശന വിധി പ്രസ്താവിച്ചതെന്നും റോഹിൻടൺ നരിമാൻ വ്യക്തമാക്കി.
- എന്തിനാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ചോദിച്ചത്. പുനഃപരിശോധനാ ഹർജികൾക്കും റിട്ട് ഹർജികൾക്കും ഏതാണ്ട് സമാനസ്വഭാവമാണുള്ളത്. എന്തൊക്കെയാണ് പിഴവുകൾ, എന്തിനാണ് വിധി പുനഃപരിശോധിക്കേണ്ടത് – ഈ രണ്ട് കാര്യങ്ങളും വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
- യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ലെന്ന് എൻഎസ്എസ് വാദിച്ചു. അനുച്ഛേദം 17 പ്രകാരം തൊട്ടുകൂടായ്മ കുറ്റമാണ്. പക്ഷേ, അത്തരം ഒരു വിവേചനം ഇവിടെയില്ല. എല്ലാ സ്ത്രീകളെയും ശബരിമലയിൽ കയറ്റാതിരിക്കുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിലല്ല, ഇവിടെ പ്രവേശനം നിഷേധിക്കപ്പെടുന്നത്. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നും അഡ്വ. കെ പരാശരൻ പറയുന്നു.
- എന്നാൽ പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം നടത്തുന്നത് തൊട്ടുകൂടായ്മയായിത്തന്നെ കണക്കാക്കണമെന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ വ്യക്തമാക്കുന്നു.
- ഭരണഘടനാ ധാർമികത എന്തെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. അത് വളരെ എളുപ്പത്തിൽ വ്യാഖ്യാനിക്കാവുന്നതുമല്ല.
- ഒടുവിൽ വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതി അഡ്വ. പരാശരനോട് ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് പിഴവുകൾ ചൂണ്ടിക്കാട്ടി കെ പരാശരൻ വാദം പൂർത്തിയാക്കി.
- ഇപ്പോൾ ശബരിമല തന്ത്രിക്ക് വേണ്ടി അഡ്വ. വി ഗിരിയുടെ വാദം തുടങ്ങിയിരിക്കുകയാണ്.
- നൈഷ്ഠികബ്രഹ്മചാരിയാണ് അയ്യപ്പന്‍റെ വിഗ്രഹമെന്ന് അഡ്വ. വി ഗിരി വാദിക്കുന്നു.
- തന്ത്രിയാണ് വിഗ്രഹത്തിന്‍റെ പിതൃസ്ഥാനത്തുള്ളയാൾ. തന്ത്രിയ്ക്ക് അവകാശങ്ങളുണ്ടെന്നും ആരാധനാക്രമം തീരുമാനിക്കാൻ അവകാശമുണ്ടെന്നും വി ഗിരിയുടെ വാദം.
- ആർത്തവമല്ല, വിഗ്രഹത്തിന്‍റെ പ്രത്യേകതയനുസരിച്ചാണ് ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത്.
- സ്ത്രീകൾക്ക് പ്രായം അനുസരിച്ച് വിവേചനം ഏർപ്പെടുത്തുന്നത് ജാതിയുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. ജാതിയല്ല, മറിച്ച് വിഗ്രഹത്തിന്‍റെ സ്വഭാവമനുസരിച്ചാണ് വിവേചനം ഏർപ്പെടുത്തുന്നത്. അതിനാൽ ഇതും തൊട്ടുകൂടായ്മയുമായി ബന്ധമില്ല.
- വി. ഗിരിയുടെ വാദം അവസാനിച്ചു, പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി അഡ്വ. മനു അഭിഷേക് സിംഗ്‍വിയുടെ വാദം തുടങ്ങി.
- നേരത്തേ ദേവസ്വംബോർഡിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് പറഞ്ഞ് മനു അഭിഷേക് സിംഗ്‍വിയെ ദേവസ്വം ബോർഡ് അഭിഭാഷകൻ എതിർത്തു.
- താനൊരു വ്യക്തിക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്ന് മനു അഭിഷേക് സിംഗ്‍വി.
- നൈഷ്ഠികബ്രഹ്മചര്യം വിഗ്രഹത്തിന്‍റെ അവകാശമെന്ന് മനു അഭിഷേക് സിംഗ്‍വി.
- വിഗ്രഹത്തിന്‍റെ പ്രത്യേകത കൊണ്ടു മാത്രമാണ് വിവേചനം. ഇതിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. ഇക്കാര്യം സിംഗ്‍വിയടക്കം മൂന്ന് അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നു.
- നൈഷ്ഠികബ്രഹ്മചര്യം എന്നത് കണക്കിലെടുത്തത് ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമെന്ന് സിംഗ്‍വി.
- ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ മതപരമായ അവകാശങ്ങൾ ചേർത്ത് മാത്രമേ വ്യാഖ്യാനിക്കാവൂ എന്നും സിംഗ്‍വി.
- ഭരണകൂട ധാർമികതയെക്കുറിച്ച് സിംഗ്‍വിയും പരാമർശിക്കുന്നു. ഭരണകൂട ധാർമികത ആപേക്ഷികമെന്നും, എഴുതിവയ്ക്കപ്പെട്ടതല്ലെന്നും സിംഗ്‍വി.
- ഹിന്ദു മതം പോലുള്ള വൈവിധ്യമാർന്ന ഒരു മതത്തിൽ പല ആചാരങ്ങളുണ്ടാകും. അതിന് ഏകസ്വഭാവം കൽപിക്കാനാകില്ല.
- ശബരിമല സയൻസ് മ്യൂസിയമല്ല, വിശ്വാസമാണ്. അതിന്‍റെ ആചാരങ്ങളെക്കുറിച്ച് പറയേണ്ടത് വിശ്വാസികളാണെന്നും സിംഗ്‍വി.
- ഇതുവരെയുള്ള വാദങ്ങളിലൊന്നും ആർത്തവം പോലുള്ള ജൈവപ്രക്രിയയെക്കുറിച്ച് ഒരു അഭിഭാഷകനും പരാമർശിക്കുന്നില്ല.
- പുനഃപരിശോധനാഹർജികളുമായി ബന്ധപ്പെട്ട് നാലാമത്തെ അഭിഭാഷകന്‍റെ വാദം തുടങ്ങി. ബ്രാഹ്മണസഭയ്ക്ക് വേണ്ടി ശേഖർ നാഫഡെയുടെ വാദം സുപ്രീംകോടതിയിൽ നടക്കുന്നു.
- ആക്റ്റിവിസ്റ്റുകൾക്ക് വിശ്വാസം തീരുമാനിക്കാനാകില്ലെന്ന് ബ്രാഹ്മണസഭ.
- ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസമാണ് കോടതിവിധി വ്രണപ്പെടുത്തിയത്.
- മതം വിശ്വാസത്തിന്‍റെ ഭാഗമാണ്. നൂറ്റാണ്ടുകളായി ശബരിമലയിൽ തുടരുന്ന ആചാരമാണ് കോടതി റദ്ദാക്കിയതെന്നതിന് രേഖകളുണ്ടെന്ന് ശേഖർ നാഫ്ഡെ.
- തിരുവിതാംകൂർ ഹിന്ദു മതാചാരനിയമത്തിന്‍റെ ഫോട്ടോകോപ്പി കൈമാറാൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര അഡ്വ നാഫ്ഡേയോട് ആവശ്യപ്പെട്ടു.
- അയ്യപ്പനെ ഒരു പ്രത്യേകരീതിയിൽ ആരാധിക്കണമെന്ന് കോടതിയ്ക്ക് വിശ്വാസികളോട് പറയാനാകില്ലെന്ന് നാഫ്ഡേ.
- നാഫ്ഡേയുടെ വാദം പൂർത്തിയായി. അഡ്വ. വെങ്കട്ടരമണിയുടെ വാദം തുടങ്ങി.
- ഒരു ആചാരത്തെ തള്ളിപ്പറഞ്ഞ് വിശ്വാസിക്ക് വിശ്വാസിയായി തുടരാനാകില്ലെന്ന് അഡ്വ. വെങ്കട്ടരമണി.
- മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. വെങ്കട്ടരാമൻ വാദം തുടങ്ങി.
- 1991-ൽ സ്ത്രീപ്രവേശനം വിലക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിലെ വസ്തുതാപരമായ കാര്യങ്ങൾ നിലനിൽക്കുന്നു. അതിനാൽ ആ വിധിയ്ക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും അഡ്വ. വെങ്കട്ടരാമൻ.
- ഹർജിക്കാരിൽ നിന്ന് ഒന്നോ രണ്ടോ പേരെക്കൂടി മാത്രമേ കേൾക്കൂ എന്ന് ചീഫ് ജസ്റ്റിസ്.
- വാദം പെട്ടെന്ന് പൂർത്തിയാക്കാൻ സുപ്രീംകോടതിയുടെ നിർദേശം.
- ബിജെപി നേതാവ് രാധാകൃഷ്ണമേനോന് വേണ്ടി അഡ്വ. മോഹൻ പരാശരൻ വാദിക്കുന്നു.
- ഇനി ദേവസ്വംബോർഡിന്‍റെയും സർക്കാരിന്‍റെയും വാദങ്ങൾ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ്.
- അയ്യപ്പനെ ദർശിക്കാനെത്തുന്നവരിൽ പല മതവിഭാഗങ്ങളിലുള്ളവരുമുണ്ടെന്ന് അഡ്വ. മോഹൻ പരാശരൻ. പല മതങ്ങളിലുമുള്ളവർ വരുന്നത് കൊണ്ട് മാത്രം അയ്യപ്പഭക്തരെ ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കില്ല എന്ന് പറയുന്നത് തെറ്റ്.
- മോഹൻ പരാശരന്‍റെ വാദം അവസാനിച്ചു. അഡ്വ. ഗോപാൽ ശങ്കരനാരായണന്‍റെ വാദം തുടങ്ങി.
- പുനഃപരിശോധനാ ഹർജി നൽകിയ അഡ്വ. ഉഷാ നന്ദിനിക്ക് വേണ്ടി അഡ്വ. ഗോപാൽ ശങ്കരനാരായണന്‍റെ വാദം തുടങ്ങി.
- ശബരിമല വിധി രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളെയും ബാധിക്കുമെന്ന് അഡ്വ. ഗോപാൽ ശങ്കരനാരായണൻ.
- പന്തളം രാജകുടുംബത്തിന് വേണ്ടി അഡ്വ. സായ് ദീപക് വാദിക്കുന്നു.
- നൈഷ്ഠികബ്രഹ്മചര്യം പ്രതിഷ്ഠയുടെ ഭാഗമെന്ന് പന്തളം രാജകുടുംബത്തിന് വേണ്ടി അഡ്വ. സായ് ദീപക്.
- ഇതിനിടെ വാദിക്കാനായി അഭിഭാഷകരുടെ ബഹളം.
- കൂടുതൽ വാദങ്ങൾ ഉള്ളവർക്ക് എഴുതി നൽകാമെന്ന് ചീഫ് ജസ്റ്റിസ്.
- കോടതിയിൽ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസിന്‍റെ മുന്നറിയിപ്പ്.
- ഇതുവരെ പത്ത് പേരുടെ വാദം പൂർത്തിയായി.
- എതിർവാദത്തിന് അരമണിക്കൂർ കൂടിയേ സമയമുള്ളൂ എന്ന് ചീഫ് ജസ്റ്റിസ്. ഒരു മണി വരെ സർക്കാരിനും ദേവസ്വംബോർഡിനും സമയം. മൂന്ന് മണി വരെയാണ് ബഞ്ച് ഇരിക്കുക എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രണ്ട് മണിക്കാണ് ഉച്ച ഭക്ഷണം കഴിഞ്ഞ് വീണ്ടും സുപ്രീംകോടതി ചേരുക.
- സംസ്ഥാനസർക്കാരിന് വേണ്ടി അഡ്വ. ജയ്‍ദീപ് ഗുപ്തയുടെ വാദം തുടങ്ങി.
- ഒന്നരമണിക്കൂർ എതിർകക്ഷികൾക്ക് വാദിക്കാൻ സമയം നൽകുമെന്ന് സുപ്രീംകോടതി.
- തുല്യത മതസ്ഥാപനങ്ങൾക്ക് ബാധകമാണെന്ന് സംസ്ഥാനസർക്കാർ. തൊട്ടുകൂടായ്മയും തുല്യതയ്ക്കുള്ള അവകാശവും ക്ഷേത്രങ്ങൾ പൊതുസ്ഥലമാണോ എന്നതും ഈ വിധിയുമായി ബന്ധപ്പെടുത്തരുതെന്ന് സംസ്ഥാനസർക്കാരിന് വേണ്ടി അഡ്വ. ജയ്‍ദീപ് ഗുപ്ത.
- ചില വാദങ്ങൾ പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്ക്ക് അടിസ്ഥാനമല്ല. കോടതിയാണ് ഏതൊക്കെ വാദങ്ങൾ പരിഗണിക്കണം, വേണ്ട എന്ന് തീരുമാനിക്കേണ്ടത്. – അഡ്വ. ജയ്‍ദീപ് ഗുപ്ത.
- തൊട്ടുകൂടായ്മയിൽ അടിസ്ഥാനപ്പെടുത്തിയല്ല വിധി വന്നിരിക്കുന്നത്. അതുകൊണ്ട് അക്കാര്യം ചൂണ്ടിക്കാട്ടി വിധി പുനഃപരിശോധിക്കണം എന്ന് പറയാനാകില്ല.
- വിധിയിലെ ഓരോ പ്രധാനനിരീക്ഷണത്തെയും പിന്തുണച്ച് സംസ്ഥാനസർക്കാർ.
- ഒന്ന് – അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗമല്ല, രണ്ട് – ഒരു വ്യക്തിയുടെ ആരാധനാവകാശം തടയപ്പെട്ടാൽ അത് 25ാം അനുച്ഛേദത്തിന്‍റെ ലംഘനമാണ്. മൂന്ന് – റൂൾ 3 (ബി) മൂല നിയമത്തിന് തന്നെ എതിരാണ്.
- സ്ത്രീകളുടെ വിവേചനം ഹിന്ദു മതത്തിന്‍റെ അവിഭാജ്യഘടകമോ ആചാരമോ അല്ല.
- തന്ത്രി ഉൾപ്പടെയുള്ളവർ ആചാരമെന്ത്, അവിഭാജ്യഘടകമായ ആചാരമെന്ത് എന്നതിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ്.
- ഒരു മതത്തിന്‍റെ അവിഭാജ്യ ആചാരവും, ഒരു ക്ഷേത്രത്തിന്‍റെ അവിഭാജ്യ ആചാരവും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്.
- ഒരു ക്ഷേത്രത്തിന്‍റെ മാത്രം ആചാരം ഭരണഘടനാപരമായി മതത്തിന്‍റെ ആചാരമായി നിലനിൽക്കില്ലെന്നും സംസ്ഥാനസർക്കാർ.
- ഭരണഘടനയ്ക്കനുസരിച്ചുള്ള ആചാരങ്ങളേ നിലനിൽക്കാവൂ.
- സാമൂഹ്യാന്തരീക്ഷം തകർന്നെന്ന ബ്രാഹ്മണസഭയുടെ വാദത്തെ എതിർത്ത് സംസ്ഥാനസർക്കാർ. രാഷ്ട്രീയ, സാമൂഹ്യപ്രശ്നങ്ങൾ മാത്രം വച്ച് തുല്യത ഉറപ്പാക്കുന്ന ഒരു വിധി പുനഃപരിശോധിക്കരുത്.
- ഹൈക്കോടതി നിയോഗിച്ച മേൽനോട്ടസമിതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ.
- പതിനഞ്ച് മിനിറ്റ് നീണ്ടു നിന്ന വാദത്തിൽ വിധി സംരക്ഷിക്കപ്പെടണം എന്ന് ഭരണഘടനയിലൂന്നി നിന്ന് സംസ്ഥാനസർക്കാർ വാദിച്ചു.
- ജയ്‍ദീപ് ഗുപ്തയുടെ വാദം അവസാനിച്ചു.
- ഇനി വാദം രണ്ട് മണിയ്ക്ക് തുടരും. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണിപ്പോൾ. രണ്ട് മണിക്ക് വീണ്ടും ബഞ്ച് ചേരും. മൂന്ന് മണി വരെ വാദം തുടരും.
- ഉച്ചയ്ക്ക് 1.55-ഓടെ എല്ലാ ജഡ്ജിമാരും കോടതിമുറിയിലെത്തി.
- കൃത്യം രണ്ട് മണിയ്ക്ക് തന്നെ വീണ്ടും വാദം തുടങ്ങി.
- ദേവസ്വംബോർഡിന് വേണ്ടി അഡ്വ. രാകേഷ് ദ്വിവേദിയുടെ വാദം സുപ്രീംകോടതിയിൽ പുരോഗമിക്കുന്നു.
- ആർത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ്.
- കേശവാനന്ദഭാരതി കേസിലെ പുനഃപരിശോധനാഹർജികൾ പരിഗണിക്കാൻ ഒരു ബഞ്ച് ഉണ്ടാക്കിയത് പിന്നീട് പിരിച്ചുവിട്ടിരുന്നല്ലോ, ഇത് അതുപോലെയൊരു കേസാണിതെന്ന് തോന്നുന്നു എന്ന് രാകേഷ് ദ്വിവേദി.
- സംസ്ഥാനസർക്കാരിന് ശക്തമായ പിന്തുണയുമായി തിരുവിതാംകൂർ ദേവസ്വംബോർഡ്.
- യുവതീ പ്രവേശനത്തെ ദേവസ്വം ബോർഡ് നേരത്തെ എതിർത്തിരുന്നില്ലേ എന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര. ഇപ്പോഴത്തെ ദേവസ്വം ബോർഡിന്‍റെ നിലപാടാണ് അറിയിക്കുന്നത് എന്ന് അഭിഭാഷകൻ പറഞ്ഞു.
- വേണമെങ്കിൽ പുതിയ നിലപാട് കോടതിയിൽ എഴുതി നൽകാമെന്നും അഭിഭാഷകൻ.
- ശബരിമലയുമായി ബന്ധപ്പെട്ട പഴയ എഴുത്തുകളിലോ ചരിത്രരേഖകളിലോ സ്ത്രീപ്രവേശനം വിലക്കുന്ന ഒന്നുമില്ലെന്ന് ദേവസ്വംബോർഡിന് വേണ്ടി അഡ്വ. രാകേഷ് ദ്വിവേദി.
- ക്ഷേത്രആചാരങ്ങളിലെ മര്യാദകൾ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണമെന്ന് ദേവസ്വംബോർഡ്.
- ജൈവശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് സ്ത്രീകൾക്ക് വിവേചനം ഏർപ്പെടുത്തുന്നത് ശരിയല്ല.
- സ്ത്രീകളെ ഒരു മേഖലയിലും തടയാനാകില്ലെന്നും ദേവസ്വംബോർഡ്.
- റിവ്യൂ, റിട്ട് ഹർജികൾ നിലനിൽക്കില്ലെന്ന് ദേവസ്വംബോർഡ്
- ബിന്ദു, കനകദുർഗ എന്നിവർക്ക് വേണ്ടി അഡ്വ. ഇന്ദിരാ ജയ്‍സിംഗിന്‍റെ വാദം തുടങ്ങി.
- കനകദുർഗയ്ക്കും ബിന്ദുവിനും വധഭീഷണിയുണ്ടായെന്നും, രണ്ട് പേരും കയറിയതിന് പിന്നാലെ ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മയുടെ തെളിവെന്നും അഡ്വ. ഇന്ദിരാ ജയ്‍സിംഗ്.
- ശബരിമല പൊതുക്ഷേത്രമാണ്, ആരുടെയെങ്കിലും കുടുംബക്ഷേത്രമല്ല.
- ഭരണഘടനയുടെ 25 -ാം അനുച്ഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ്.
- ഒരു സ്തീയായ എനിക്ക് ക്ഷേത്രത്തിൽ പോകണം എന്നാണ് വിശ്വാസമെങ്കിൽ അത് സംരക്ഷിക്കപ്പെടണം.
- എനിക്ക് ക്ഷേത്രത്തിൽ കയറണമെന്നാണ് എന്‍റെ വിശ്വാസമെങ്കിൻ ഞാൻ കയറും.
- വിശ്വാസികളെ സ്ത്രീകളായോ പുരുഷന്മാരായോ അയ്യപ്പൻ കാണുന്നില്ല.
- ദൈവത്തിന്‍റെ മുന്നിൽ എല്ലാ വിശ്വാസികളും തുല്യരാണെന്നും ഇന്ദിരാ ജയ്‍സിംഗ്.
- യുദ്ധത്തിന് വരെ സ്ത്രീകൾ പോയ ചരിത്രമില്ലേ എന്ന് ഇന്ദിരാ ജയ്‍സിംഗ്.
- റസിയാ സുൽത്താന വരെ യുദ്ധത്തിന് പോയ ചരിത്രമുണ്ടല്ലോ എന്ന് ജസ്റ്റിസ് റോഹിൻടൺ നരിമാൻ.
- ഇവിടെ നിന്ന് രണ്ട് മിനിറ്റ് യാത്ര ചെയ്താൽ റസിയാ സുൽത്താനയുടെ ശവകുടീരത്തിലെത്താമല്ലോ എന്നും ജസ്റ്റിസ് റോഹിൻടൺ നരിമാൻ.
- അഡ്വ. ഇന്ദിരാ ജയ്‍സിംഗിന്‍റെ വാദം പൂർത്തിയായി. കോടതിയലക്ഷ്യഹർജികൾക്ക് വേണ്ടി അഡ്വ. പി വി ദിനേശിന്‍റെ വാദം തുടങ്ങി.
- പത്ത് വയസ്സുള്ള ഒരു പെൺകുട്ടിയെപ്പോലും ആർത്തവത്തിന്‍റെ പേരിൽ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് അഡ്വ. പി വി ദിനേശ്.
- വാദം പൂർത്തിയാക്കിയപ്പോൾ, ഹർജികൾ വിധി പറയാൻ മാറ്റുന്നുവെന്ന് ചീഫ് ജസ്റ്റിസ്.
- ഇന്ന് അന്തിമവിധിയില്ല. ഇനി വാദിക്കാനുള്ളവർക്കും വാദിച്ചവർക്കും വാദങ്ങൾ എഴുതി നൽകാമെന്ന് സുപ്രീംകോടതി.
- കോടതി പിരിഞ്ഞു. ഹർജികളിൽ എന്ന് വിധി വരും എന്നത് പിന്നീട് കോടതി അറിയിക്കും.