ശബരിമല വിധിക്ക് സ്റ്റേയില്ല, ഹരജികള്‍ 7 അംഗ ബെഞ്ചിന്

ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് വിട്ടു. നിലവിലെ ഉത്തരവിന് സ്റ്റേ ഇല്ല.

വിശാല ബെഞ്ചിലേക്ക് വിടണമെന്ന് ചീഫ് ജസ്റ്റിസ് അടക്കം മൂന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടുകയായിരുന്നു. വിയോജന വിധിയുമായി ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും രംഗത്തെത്തി.

2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.

കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതിയിരുന്നു.

എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു. മിശ്ര വിരമിച്ചതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ബെഞ്ചിലെ പുതുമുഖം.

ഏഴംഗ ബെഞ്ചിന്റെ വിധി അന്തിമമാണെന്നും വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ല എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കേണ്ടതില്ല എന്നും ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും വെള്ളാപള്ളി പറഞ്ഞു. വിശാല ബെഞ്ചിന് വിട്ടപ്പോൾ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമായി. സർക്കാർ ഒരു തരത്തിലും പ്രതിസന്ധിയിൽ ആകില്ല. സുപ്രീം കോടതി വിധി എന്തായാലും സർക്കാർ നടപ്പിലാക്കിയേ മതിയാകൂവെന്നും വെള്ളാപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Top