മുസ്ലിം പള്ളികളിലും സ്ത്രീകള്‍ പ്രവേശിക്കണോ:ശബരിമലയിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കണോ ? എല്ലാ ഹര്‍ജികളും ഇനി ഒരുമിച്ച് പരിഗണിക്കും

ദില്ലി: ശബരിമല യുവതീ പ്രവശേന വിധി പുനഃപരിശോധിക്കുന്നതിനോടൊപ്പം തന്നെ മുസ്ലിംപള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലേക്കും സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു. മുസ്ലിം പള്ളികളിൽ പ്രാര്‍ത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമായിരുന്നു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്.

മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥ നടത്താന്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന വിവിധ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരനായ യാസ്മീന്‍ സുബര്‍ അഹ്മദ് പീര്‍സാസെയുടെ വാദം. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനയുടെ 14, 21 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും പീര്‍സാഡെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, എംഎം ഖാന്‍വീല്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ശബരിമല പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിലേക്കു വിട്ടുകൊണ്ടുള്ള ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. ഇതോടൊപ്പം തന്നെ മുസ്ലിം, പാഴ്സി മറ്റുമതവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ആരാധാനാലങ്ങളില്‍ പ്രവേശിക്കുന്നതിനായുള്ള ഹര്‍ജിയും വിശാല ഭരണ ഘടനാ ബെഞ്ചിന് വിടാന്‍ തീരുമാനിക്കുകയായിരുന്നു.

മുസ്ലിം പള്ളിയിലേയും പാഴ്സി ക്ഷേത്രങ്ങളിലേയും സ്ത്രീപ്രവേശനം സമാനമായ വിഷയമാണെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു ഈ കേസുകളിലെ ഹര്‍ജികളും ശബരിമല വിധിയോടൊപ്പം വിശാല ബെഞ്ചിന് വിടാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.ആരാധനാലയങ്ങളിലെ സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ മാത്രമായി ഒതുങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയി വ്യക്തമാക്കി. മുസ്ലിംപള്ളികളിലേക്കും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ചും സമാനമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ചീഫ് ജസ്റ്റിസിന്‍റെ ഈ നിരീക്ഷണത്തോട് ശക്തമായ വിയോജിപ്പാണ് ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ രേഖപ്പെടുത്തിയത്. മുസ്ലീം പള്ളികളിലും പാഴ്സി ക്ഷേത്രങ്ങളിലും സ്ത്രീകള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച ഹരജികള്‍ ശബരിമല ബെഞ്ചിന് മുന്നില്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ ഈ വിഷയം ശബരിമല കേസുമായി കൂട്ടിക്കുഴയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതപരമായ കാര്യങ്ങളില്‍ തീര്‍പ് പറയേണ്ടത് കോടതിയാണോ മത പണ്ഡിതരാണോ എന്നതാണ് വിശാല ബഞ്ച് ആദ്യം പരിഗണിക്കുകയെന്നാണ് സൂചന. ഇതിലെ തീര്‍പിന് അനുസരിച്ചാകും ശബരിമല യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ വിധി പുനപ്പരിശോധിക്കേണ്ടതുണ്ടോ എന്ന് വിശാല ബഞ്ച് തീരുമാനിക്കുകയെന്നും നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Top