പറഞ്ഞവാക്ക് അവര്‍ പാലിച്ചു; ബിന്ദുവും കനകദുര്‍ഗയും തിരിച്ചുവന്നു, മല ചവിട്ടി, അയ്യപ്പനെ കാണുകയും ചെയ്തു

തിരുവനന്തപുരം: ഡിസംബര്‍ 24ന് മലചവിട്ടാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചിറങ്ങേണ്ടി വന്ന ബിന്ദുവും കനക ദുര്‍ഗയും അന്ന് പറഞ്ഞ വാക്ക് പാലിച്ചു. ഇന്ന് പുലര്‍ച്ചെ അവര്‍ രണ്ടുപേരും മല ചവിട്ടി..പതിനെട്ടാം പടി ചവിട്ടിയില്ലെങ്കിലും അവര്‍ അയ്യപ്പനെ കണ്ടു. ഇതോടെ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യം പ്രവേശനം നടത്തിയ യുവതികള്‍ എന്ന ചരിത്രവും ഇരുവര്‍ക്കുമായി. യുവതികള്‍ ദര്‍ശനം നടത്തിയ വിവരം പോലീസ് അല്‍പസമയത്തിന് മുന്‍പ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തുകയും ചെയ്തു.

അന്ന് സന്നിധാനത്തിന് 200 മീറ്റര്‍ മാത്രം അകലെ അവര്‍ക്ക് യാത്ര അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പോലീസിനോട് അന്ന് സംരക്ഷണം വേണം… മല ചവിട്ടണം എന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് തിരികെ ഇറങ്ങുകയായിരുന്നു. എന്നാല്‍ അന്നും ഇനിയുമെത്തും മല ചവിട്ടുമെന്നും അവര്‍ രണ്ടുപേരും വ്യക്തമാക്കിയിരുന്നതാണ്.

അന്ന് അഡ്വക്കേറ്റ് ബിന്ദു മാധ്യമങ്ങളോട് ഭരണകൂടത്തോടും ചോദിച്ച ഒരു ചോദ്യം ഇപ്രകാരമാണ്. ”എന്റെ ശബരിമല യാത്ര നിയമ വിധേയവും ഭരണഘടനാ വിധേയവുമാണ്, നിങ്ങളെന്താണ് നിയമ ലംഘകരെ തടയാതെ നിയമമനുസരിച്ചു വന്ന എന്നെ തടയുന്നതെന്നാണ്?”.ഈ വിഷയത്തില്‍ കേട്ട ഏറ്റവും വാലിഡ് ആയ ചോദ്യമായിരുന്നു അത്. ഇത്തിരി വൈകിയെങ്കിലും ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഇപ്പോള്‍ സര്‍ക്കാരിന് കഴിഞ്ഞിരിക്കുന്നു.

മലപ്പുറം സ്വദേശിയായ കനകദുര്‍ഗ സിവില്‍ സപ്ലൈസ് ജീവനക്കാരി ആണ്. ബിന്ദു ആകട്ടെ വക്കീലും, സാമൂഹ്യ പ്രവര്‍ത്തകയുമാണ്. പ്രമാടം നേതാജി ഹൈസ്‌കൂള്‍, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇരുവരുടെയും കുടുംബത്തിന്റെ പിന്തുണ പൂര്‍ണമായും അവരോടൊപ്പമില്ല എന്നാണ് അവരുടെ പ്രസ്താവനകളില്‍ നിന്നും മനസ്സിലാക്കുന്നത്.

Top