
തിരുവനന്തപുരം: യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനിൽക്കെ തന്നെ മണ്ഡല-മകരവിളക്ക് തുടങ്ങുന്നു .ഈ സമയത്ത് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കടന്നു. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍. ആന്ധ്രയില്‍ നിന്നാണ് ഏറ്റവും കുടുതല്‍ സ്ത്രീകള്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
ആന്ധ്രയ്ക്കു പുറമെ ഡല്‍ഹി, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും യുവതികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്. യുവതികളുടെ കണക്കുകള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനം നടത്തുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
അതേസമയം ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കും. യുവതീപ്രവേശനം വിലക്കണമെന്നു യോഗത്തില്‍ ബിജെപി ശക്തമായി ആവശ്യപ്പെടുമെന്നാണ് വയക്തമാകഎകിയിരിക്കുന്നത്. എന്നാല്‍ സര്‍വകക്ഷിയോഗത്തില്‍ മറ്റു ഹിന്ദു സംഘടനകളെ വിളിക്കാത്തതില്‍ ബിജെപിക്ക് അതൃപ്തിയുണ്ട്. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ ജനുവരി 22 ന് കേള്‍ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ശബരിമല വിഷയത്തില്‍ സമരം തുടരുന്ന കാര്യത്തില്‍ സര്‍വകക്ഷി യോഗത്തിനു ശേഷമാകും തീരുമാനമെടുക്കുക.യോഗത്തില്‍ യുഡിഎഫും പങ്കെടുക്കും.
അതേസമയം സുപ്രീംകോടതിയുടെ പുതിയ ഇടപെടലില്‍ ശബരിമലയില്‍ യുവതീപ്രവേശനം വിലക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡിന് മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം. യുവതീപ്രവേശനം നടപ്പാക്കുകയാണ് ബോര്‍ഡിന് മുന്നിലുള്ള പോംവഴി. ചൊവ്വാഴ്ചത്തെ കോടതിയുടെ ഇടപെടലോടെ യുവതി പ്രവേശനം വേണമെന്ന വിധിയില്‍ കൂടുതല്‍ വ്യക്തത വന്നെന്നും അഡ്വ.ചന്ദ്ര ഉദയ് സിങ് ബോര്‍ഡിന് നിയമോപദേശം നല്‍കി.യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന് ചൊവ്വാഴ്ച സുപ്രീംകോടതി പറഞ്ഞിരുന്നു. നിലവിലെ വിധിക്ക് സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമവായ നീക്കത്തിനായി ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദേവസ്വംബോര്‍ഡ് നിയമോപദേശം തേടിയിരുന്നത്.