ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. 4 ദിവസത്തേക്കു കൂടിയാണ് നീട്ടിയത്. തിങ്കളാഴ്ച അര്‍ധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ വീണ്ടും 144 പ്രഖ്യാപിച്ചു പത്തനംതിട്ട കലക്ടറുടെ ഉത്തരവിറങ്ങി.
ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. തീര്‍ഥാടനത്തിനായി നട തുറന്ന ശേഷം 17 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 72 പേരെ റിമാന്‍ഡ് ചെയ്തു. ജില്ലയില്‍ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 84 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
എഡിഎമ്മിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണു കലക്ടര്‍ തീരുമാനമെടുത്തത്. അയ്യപ്പന്മാരുടെ സമാധാനപരമായ ദര്‍ശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല. തീര്‍ഥാടകര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവില്‍ പറയുന്നു.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് എസ്.പി. യതീഷ് ചന്ദ്ര കഴിഞ്ഞദിവസം നടത്തിയ ഇടപെടല്‍ സംബന്ധിച്ച് സര്‍ക്കാര്‍ നടപടിയുണ്ടായേക്കില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
എസ്.പി.യുടെ പെരുമാറ്റം സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നറിയുന്നു. യതീഷ് ചന്ദ്രയില്‍നിന്ന് പെരുമാറ്റച്ചട്ടലംഘനം ഉണ്ടായെന്ന് റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം. അദ്ദേഹത്തിന്റെ മുന്‍കാല പ്രവര്‍ത്തനരീതികള്‍ സംബന്ധിച്ച് കഴിഞ്ഞദിവസം കോടതി നടത്തിയ പരാമാര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുള്‍പ്പെടുത്തിയതായും സൂചനയുണ്ട്.
പ്രോട്ടോക്കോളില്‍ കേന്ദ്രമന്ത്രിയെക്കാള്‍ താഴെയുള്ള ഉദ്യോഗസ്ഥന്‍ മന്ത്രിയോട് എങ്ങനെ പെരുമാറണമെന്നതിന് ചട്ടങ്ങളുണ്ട്. മന്ത്രിയുടേത് ഔദ്യോഗിക സന്ദര്‍ശനമല്ലെങ്കില്‍ക്കൂടി ഇതു പാലിക്കണം. ഇതു ലംഘിച്ചുവെന്ന തരത്തില്‍ മന്ത്രിയും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പേഴ്സണല്‍ മന്ത്രാലയത്തിനു കീഴിലാണ് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍. അതിനാല്‍ ഈ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് സംസ്ഥാനത്തോട് നിര്‍ദേശിക്കാം. നിലവിലെ സാഹചര്യത്തില്‍ യതീഷ് ചന്ദ്രയെ മാറ്റേണ്ടതില്ലെന്നും നടപടി വേണ്ടെന്നുമുള്ള നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ കേന്ദ്രനിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടുമില്ല.
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം ശബരിമലയിലെത്തിയപ്പോള്‍ നിലയ്ക്കലില്‍വെച്ച് എസ്.പി. മന്ത്രിയോട് ധിക്കാരത്തോടെ സംസാരിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു.
ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 40 പേര്‍ക്കെതിരെ കേസെടുത്തു.