ഒരു ഹര്‍ത്താല്‍: കേസുകള്‍ 801, അറസ്റ്റിലായവര്‍ 1369 പേര്‍, പ്രതികളെ പിടികൂടാന്‍ പോലീസിന്റെ ‘ബ്രോക്കണ്‍ വിന്‍ഡോ’

തിരുവന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കഴിഞ്ഞ ദിവസം ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി. ഹര്‍ത്താലില്‍ ആക്രമണം നടത്തിയ 1369 പേരെ അറസ്റ്റ് ചെയ്തു. 801 കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതുവരെ 717 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.
അക്രമങ്ങള്‍ അന്വേഷിക്കാനും പ്രതികളെ പിടികൂടാനും പൊലീസ് ‘ബ്രോക്കണ്‍ വിന്‍ഡോ’ പ്രത്യേകദൗത്യവും ആരംഭിച്ചിട്ടുണ്ട്. അക്രമികളെ പിടികൂടി കര്‍ശന നടപടിയെടുക്കാന്‍ പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. അറസ്റ്റിലാകുന്നവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

അക്രമം കാട്ടിയശേഷം ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചുകള്‍ നടപടിയെടുക്കും. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top