ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യത്തില്‍ പാകിസ്താന്‍ പ്രകോപനം സൃഷ്ടിക്കുമ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരവാദികള്‍ രാജ്യത്തിനകത്ത് ആഭ്യന്തര യുദ്ധം നടത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രാതാ നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തിയില്‍ യുദ്ധം സാഹചര്യം സൃഷ്ടിച്ച് ഭീകരവാദികള്‍ക്ക് അവസരം നല്‍കാനുള്ള ശ്രമമാണ് ഇപ്പോള്‍ പാകിസ്താന്‍ പരീക്ഷിക്കുന്നതെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് അതീവ സുരക്ഷയാണ് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ അടക്കമുള്ള തീവ്രവാദികളെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി 1999 ഡിസംബര്‍ 24ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം തട്ടികൊണ്ട പോയ സംഘം വീണ്ടും ഇതാവര്‍ത്തിക്കുമെന്ന ആശങ്കയും ഇന്ത്യക്കുണ്ട്.
ഇന്ത്യന്‍ എയര്‍ഫോഴ്സ് പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി എയര്‍ഇന്ത്യ വിമാനം റാഞ്ചാന്‍ ജെയ്ഷ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ശക്തമായ പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങളൊരുക്കണമെന്നാണ് വിമാനത്താവളങ്ങള്‍ക്കും വിമാന കമ്പനികള്‍ക്കുമുള്ള മുന്നറിയിപ്പ്. ഗള്‍ഫിലേക്കും മാലിദ്വീപിലേക്കുമുള്ള സര്‍വീസുകള്‍ക്കാണ് ഏറ്റവുമധികം ഭീഷണി.
കാണ്ടഹാര്‍ മോഡല്‍ വിമാനറാഞ്ചലിന് തീവ്രവാദസംഘടനകള്‍ ലക്ഷ്യമിടുന്നുവെന്ന കേന്ദ്രമുന്നറിയിപ്പിനെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ അതീവസുരക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. എയര്‍പോര്‍ട്ട് അഥോറിറ്റി ഒഫ് ഇന്ത്യ, കേന്ദ്രരഹസ്യാന്വേഷണ വിഭാഗം (ഐ.ബി), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി എന്നീ ഏജന്‍സികളാണ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. വിമാനത്താവളത്തിനുള്ളില്‍ സന്ദര്‍ശകരെ പൂര്‍ണമായി നിരോധിക്കും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) നിര്‍ദ്ദേശപ്രകാരം കൂടുതല്‍ സിഐ.എസ്.എഫ് കമാന്‍ഡോകളേയും ദ്രുതകര്‍മ്മ സേനാംഗങ്ങളേയും വിമാനത്താവളങ്ങളില്‍ നിയോഗിച്ചു.
തിരുവനന്തപുരത്തു നിന്ന് 357.11 കിലോമീറ്റര്‍ മാത്രം അകലെയാണ് ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം. മാലിദ്വീപിലേക്ക് മുക്കാല്‍ മണിക്കൂര്‍ പറന്നാല്‍ മതി. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് പ്രത്യേകമായ ജാഗ്രതയുണ്ട്. സിഐ.എസ്.എഫിനു പുറമേ വ്യോമസേനാകമാന്‍ഡിനും കരസേനാ സ്റ്റേഷനും പൊലീസിനും ജാഗ്രതാനിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. കേന്ദ്രമുന്നറിയിപ്പിനെത്തുടര്‍ന്ന് എല്ലാ വിമാനക്കമ്പനികളുടേയും പ്രതിനിധികളേയും വിളിച്ചുവരുത്തി ജാഗ്രതാനിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. എക്സ് റേ പരിശോധനയ്ക്ക് പുറമേ നാലു തവണ യാത്രക്കാരെ പരിശോധിക്കും. വിമാനത്താവളത്തിലെ എന്‍ട്രന്‍സിലും പരിശോധന ശക്തമാക്കി. വിമാനത്തിന്റെ വാതിലില്‍ യാത്രക്കാരുടെ ദേഹപരിശോധന നടത്തി കൈയിലുള്ള ബാഗുകള്‍ തുറന്ന് പരിശോധിച്ച ശേഷം മാത്രമേ ഉള്ളില്‍ കടത്തിവിടാവൂ എന്ന് വിമാനക്കമ്പനികളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്നലെ രാവിലെ മുതല്‍ വിമാനത്താവളത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങി. വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവരേയും വിശദമായി പരിശോധിക്കുന്നുണ്ട്. വിമാനത്താവളത്തിന് പുറത്ത് സുരക്ഷാചുമതലയുള്ള പൊലീസും ജാഗ്രതയിലാണ്. പാര്‍ക്കിങ് സ്ഥലങ്ങളിലും ലഘുഭക്ഷണശാലകളിലും ഡോഗ്, ബോംബ് സ്‌ക്വാഡുകള്‍ പരിശോധന നടത്തും. വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കാനായി കമാന്‍ഡോകളുടെ റോന്തുചുറ്റല്‍, വാഹന പരിശോധന, എന്നിവയ്ക്കായി കൂടുതല്‍ പേരെ വിന്യസിക്കും. കേരളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളില്‍ അത്യാവശ്യഘട്ടത്തില്‍ സ്‌കൈമാര്‍ഷലിനായി സുരക്ഷാസേനാംഗങ്ങളെയും ഏര്‍പ്പെടുത്തും.
യാത്രക്കാരുടെ ബാഗേജുകള്‍ ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്. സിഐ.എസ്.എഫ് ഉന്നതഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ പരിശോധിക്കുന്നുണ്ട്.