ഹൈദരാബാദ്: സഹതാരം നാഗശൗര്യയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സായി പല്ലവി. സിനിമയിലെ മുതിര്‍ന്ന നടന്മാരോടുപോലും സായ് പല്ലവിക്ക് ബഹുമാനമില്ലെന്നും എല്ലാവരേക്കാളും മുകളിലാണ് താനെന്ന ഭാവമാണ് നടിക്കുള്ളതെന്നും സെറ്റിലുള്ളപ്പോള്‍ അനാവശ്യമായി ബഹളം വെക്കുമെന്നും നാഗശൗര്യ പറഞ്ഞിരുന്നു. എന്നാല്‍ നാഗശൗര്യയുടെ അഭിമുഖം കണ്ട് താന്‍ തകര്‍ന്ന് പോയെന്ന് സായി പല്ലവി പറഞ്ഞു. ഉടന്‍ തന്നെ സിനിമയുടെ സംവിധായകനായ എ എല്‍ വിജയ് സാറിനെ വിളിച്ചെന്നും എന്റെ പെരുമാറ്റത്താല്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ സെറ്റിലുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചെന്നും താരം പറഞ്ഞു. സെറ്റിലുള്ള എല്ലാവരെയും സ്‌നേഹിക്കാനാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. അങ്ങനെയൊരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും നാഗശൗര്യ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും വിജയ് സാര്‍ എന്നോട് പറഞ്ഞു. നമ്മളെക്കുറിച്ച് ഒരാള്‍ മോശം പറഞ്ഞാല്‍ അത് നമ്മെ വിഷമിപ്പിക്കും. ഞാന്‍ അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെയും വിഷമിപ്പിക്കും. എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് തെറ്റ് ചെയ്തിട്ടുണ്ടോ എന്നുപോലും അറിയാതെ ഇത്തരം കാര്യം വരുമ്പോള്‍ വലിയ വേദന ഉണ്ടാകും. ഇത് കൂടാതെ ഞാന്‍ സിനിമയുടെ ഛായാഗ്രാഹകനെയും വിളിച്ച് ചോദിക്കുകയുണ്ടായി. അദ്ദേഹത്തിനും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു.’ ‘നമ്മള്‍ സംവിധായകന് വേണ്ടി ജോലി ചെയ്യുന്ന ആളുകളാണ്. സെറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തന്നെ അദ്ദേഹത്തെയാണ് ആദ്യം അറിയിക്കേണ്ടത്. അങ്ങനെയാണ് അവിടെ നല്ലൊരു ചുറ്റുപാട് തന്നെ രൂപപ്പെടുന്നത്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ വികാരം മനസ്സിലാക്കുന്നു. അദ്ദേഹത്തിന് മനസ്സില്‍ തോന്നിയ കാര്യം പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ഒരിക്കല്‍പ്പോലും ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. ഏതെങ്കിലും രീതിയില്‍ ഞാന്‍ അദ്ദേഹത്തെ വേദനിപ്പിച്ചെങ്കില്‍ വിഷമമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന് കുറച്ച് ആശ്വാസമായെന്ന് ഞാന്‍ കരുതുന്നു. അഭിനേതാവ് എന്ന നിലയില്‍ മികച്ച നടനാണ് നാഗശൗര്യയെന്നും താരം പറഞ്ഞു.
നാഗശൗര്യയുടെ അഭിമുഖം കണ്ട് ഞാന്‍ തകര്‍ന്നുപോയി; ഞാനാരേയും വേദനിപ്പിച്ചിട്ടില്ല; എല്ലാവരേയും സ്‌നേഹിക്കാനാണ് പഠിച്ചിട്ടുള്ളത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സായ് പല്ലവി
Tags: Sai Pallavi