ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പട്ടികയില്‍ നിന്നും പിതാവിന്റെ പേര് ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. ലിസ്റ്റില്‍ നിന്നും പിതാവിന്റെ പേര് ഒഴിവാക്കിയ കാര്യം തന്നോട് നേരത്തെ പറഞ്ഞില്ലെന്നും ഗെയിംസ് വില്ലേജില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും സൈന ട്വിറ്ററില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിനൊപ്പമുളളവരുടെ ലിസ്റ്റില്‍ സൈനയുടെ പിതാവ് ഹര്‍വീര്‍ സിങ്ങിന്റെയും പി.വി.സിന്ധുവിന്റെ അമ്മ വിജയ പുസര്‍ലയുടെയും പേര് കായിക മന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം പട്ടികയില്‍നിന്നും സൈനയുടെ പിതാവിന്റെ പേര് നീക്കം ചെയ്തത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ‘പിതാവിനെ കോമണ്‍വെല്‍ത്ത് ഒഫിഷ്യലായി അംഗീകരിച്ചതാണ്. അദ്ദേഹത്തിന്റെ ചെലവിനുളള മുഴുവന്‍ തുകയും ഞാന്‍ നല്‍കിയതാണ്. എന്നാല്‍ ഗെയിംസ് വില്ലേജില്‍ എത്തിയപ്പോള്‍ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരില്ല. അദ്ദേഹത്തിന് എന്നോടൊപ്പം താമസിക്കാന്‍ പോലും കഴിയില്ല’ സൈന ട്വീറ്റ് ചെയ്തു. ‘അധികൃതരുടെ ഈ നടപടി കാരണം അദ്ദേഹത്തിന് എന്റെ മല്‍സരങ്ങള്‍ കാണാനോ ഗെയിംസ് വില്ലേജിലേക്കു പ്രവേശിക്കുവാനോ എന്നെ കാണാനോ കഴിയില്ല. എല്ലാ മല്‍സരങ്ങള്‍ക്കും ഞാന്‍ അദ്ദേഹത്തെ കൂടെ കൊണ്ടുപോകാറുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമാണ്. അദ്ദേഹത്തിന് ഗെയിംസ് വില്ലേജില്‍ പ്രവേശനം നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് എന്നോട് നേരത്തെ ആരും പറഞ്ഞില്ല’ സൈന ചോദിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജില്‍ പിതാവിന് പ്രവേശനമില്ല; പ്രതിഷേധവുമായി സൈന നെഹ്‌വാള്‍
Tags: saina nehwal