ആരുമറിയാതെ പത്ത് വര്‍ഷത്തെ പ്രണയം; സൈന വിവാഹ ജീവിതത്തിലേക്ക്; ബാഡ്മിന്റന്‍ താരങ്ങള്‍ വര്‍ഷാവസാനം വിവാഹിതരാകും

ന്യൂഡല്‍ഹി: ദേശീയ ബാഡ്മിന്റന്‍ താരം സൈന നേഹ്‌വാള്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. ആരുമറിയാതെ പത്ത് വര്‍ഷം പ്രണയിച്ചതിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ദേശീയ ബാഡ്മിന്റന്‍ താരങ്ങളായ സൈന നെഹ്വാളും പി. കശ്യപും വിവാഹിതരാകുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം അവസാനത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിംസബര്‍ 16ന് ഏറ്റവും അടുത്ത ബന്ധുക്കളുടെയും ഉറ്റ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഹൈദരാബാദില്‍വച്ച് കശ്യപ് സൈനയെ താലി ചാര്‍ത്തുമെന്നാണ് വിവരം. ഡിസംബര്‍ 21ന് മറ്റ് അതിഥികള്‍ക്കായി വിവാഹ സല്‍ക്കാരവും സംഘടിപ്പിക്കും.

സൈനയുടെയും കശ്യപിന്റെയും വിവാഹവുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും സംസാരിച്ചു കഴിഞ്ഞു. ഇപ്പോള്‍ വിവാഹ തീയതിയും തീരുമാനിച്ചു. ഡിസംബര്‍ 16ന് വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്’ – ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2005ല്‍ പുല്ലേല ഗോപീചന്ദിന്റെ ബാഡ്മിന്റന്‍ അക്കാദമിയില്‍ വച്ചു കണ്ടുമുട്ടിയ ഇരുവരും പിന്നീട് തങ്ങള്‍ക്കിടയില്‍ ഉടലെടുത്ത പ്രണയം അതീവ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. കിഡംബി ശ്രീകാന്ത്, സായ് പ്രണീത്, ഗുരു സായ്ദത്ത് തുടങ്ങിയ ഉറ്റ സുഹൃത്തുക്കള്‍ക്കു മാത്രമേ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുള്ളൂ.

ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ ശേഷം കശ്യപിന് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെക്കുറിച്ച് സൈന തുറന്നുപറഞ്ഞിരുന്നു. ഒളിംപിക്‌സില്‍ വെങ്കലവും ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുള്ള താരമാണ് ഇരുപത്തിയെട്ടുകാരിയായ സൈന. അതേസമയം, 2013ല്‍ ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തെത്തിയിട്ടുള്ള താരമാണ് പി.കശ്യപ്. 2014ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി.

പി.കശ്യപും സൈന നെഹ്വാളും വിവാഹിതരാകുന്നതോടെ ബാഡ്മിന്റന്‍ താരങ്ങള്‍ തമ്മിലുള്ള വിവാഹ ചരിത്രത്തിന്റെ ഭാഗമാകുകയാണ് ഇരുവരും. ചൈനയുടെ ലിന്‍ ഡാന്‍ – സിയ സിന്‍ഫാങ്, ഇന്തൊനേഷ്യയുടെ സൂസി സുശാന്തി-അലന്‍ ബുദികുസുമ, ബ്രിട്ടന്റെ ക്രിസ്-ഗാബി ആഡ്‌കോക്, ഇന്ത്യന്‍ താരങ്ങളായ സയ്യിദ് മോദി-അമീത കുല്‍ക്കര്‍ണി, മധുമിത ഗോസ്വാമി-വിക്രം സിങ് ഭിസ്റ്റ് തുടങ്ങിയവരാണ് പ്രശ്‌സ്തരായ ബാഡ്മിന്റന്‍ ദമ്പതികള്‍.

ഇന്ത്യയില്‍ കായിക താരങ്ങള്‍ തമ്മിലുള്ള വിവാഹ ചരിത്രത്തിലെയും ഒടുവിലത്തെ കണ്ണിയാണ് സൈനയും കശ്യപും. സാക്ഷി മാലിക്‌സത്യവാര്‍ത് കദിയാന്‍, ദിനേഷ് കാര്‍ത്തിക്-ദീപിക പള്ളിക്കല്‍, ഗീത ഫോഗട്ട്-പവന്‍ കുമാര്‍, ഇഷാന്ത് ശര്‍മ-പ്രതിമാ സിങ് തുടങ്ങിയവര്‍ ഇന്ത്യയിലെ കായിക ദമ്പതികളാണ്.

Top