തിരുവനന്തപുരം: മാവോയിസ്റ്റെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ അലന്‍ ഷുഹൈബിന്‍റെ മാതൃസഹോദരി സജിത മഠത്തിലിനെതിരെ സോഷ്യൽ മീഡിയായിൽ അതിരൂക്ഷമായ വിമർശനമായിരുന്നു ഉയർന്നുകൊണ്ടിരുന്നത് .അതിനാൽ സോഷ്യല്‍ മീഡിയയില്‍ നേരിടുന്ന ആക്രമണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കയാണ് നടി സജിതാ മഠത്തില്‍. ഡി.ജി.പിക്കാണ് സജിതാ മഠത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.തന്നെ വ്യക്തിപരമായി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തില്‍ ലൈംഗിക ചുവയുള്ളതും ജീവന് ഭീഷണി ഉയര്‍ത്തുന്നതുമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ മനപ്പൂര്‍വം പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
തന്നെ ശാരീരികമായി ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ടന്നും പൊതുസ്ഥലത്ത് വെച്ച് ആക്രമിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു.
സ്ത്രീ പ്രവര്‍ത്തക എന്ന നിലയില്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടാറുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെ അപമാനിക്കാനും അധിക്ഷേപിക്കാനും ഇല്ലാതാക്കാനും നടത്തുന്ന ശ്രമം രാജ്യത്തെ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയായി കണ്ട് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബിനെക്കുറിച്ച് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം രൂക്ഷമായ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും സജിത നേരിട്ടത്. അലന്റെ അമ്മയുടെ സഹോദരിയാണ് സജിത.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സജിത സ്വീകരിച്ച നിലപാടും നടി ആക്രമികപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടും ചേര്‍ത്തായിരുന്നു ആക്രമണം. അലന്‍ അറസ്റ്റിലായ നടപടിയില്‍ സന്തോഷിച്ച് ദിലീപ് ഓണ്‍ലൈനും രംഗത്തെത്തിയിരുന്നു.‘ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പോ ചേച്ചിക്ക് സന്തോയം. ഇപ്പോ സ്വന്തം ‘വാവ’ യ്ക്കിട്ടായപ്പൊ കണ്ണീര്‍’ എന്നാണ് ദീലീപ് ഓണ്‍ലൈന്‍ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം അലന്‍ ഷുഹൈബിന്‍റെ മാതൃസഹോദരിയായ സജിത മഠത്തിലിന്‍റെ ഹൃദയം തൊടുന്ന ഫേസ്ബുക്ക് കുറിപ്പ് ഇറങ്ങിയിരുന്നു . വിയ്യൂര്‍ ജയിലിലേക്ക് കാണാന്‍ പോകുന്നതിനെക്കുറിച്ചാണ് സജിത ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. ചുവന്ന മുണ്ടുകള്‍ക്ക് പകരം വെള്ളമുണ്ട് മതിയെന്നും പുസ്തകങ്ങള്‍ എത്തിക്കാന്‍ ഭയം തോന്നുന്നുവെന്നും സജിത പറയുന്നു. രാഷ്ട്രീയ ചര്‍ച്ചകള്‍ വേണ്ടെന്നും നിയമത്തിന്‍റെ കുരുക്കഴിച്ച് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്റ് അവസാനിക്കുന്നുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
അലൻ വാവേ
വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്…
നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ? നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ?
രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു. നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ… നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാൾ?
പെട്ടെന്ന് തിരിച്ച് വായോ!..
നിന്‍റെ കരുതലില്ലാതെ അനാഥമായ ഞങ്ങൾ!