കേരളത്തിന് കൈ താങ്ങാകാതെ കോളെജ് അധ്യാപകര്‍; സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നത് എണ്‍പത് ശതമാനം അധ്യാപകര്‍

തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പലഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സാലറി ചലഞ്ച് ഏറ്റെടുത്തിരുന്നു. അറുപത് ശതമാനം പേര്‍ ഒരുമാസത്തെ ശമ്പളം നല്‍കാന്‍ നല്‍കാന്‍ തയാറായപ്പോള്‍ സര്‍ക്കാര്‍ എയ്ഡഡ് കോളെജിലെ എണ്‍പത് ശതമാനം അധ്യാപകരും സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നു.

അധ്യാപകര്‍ വിസമ്മതപത്രം നല്‍കിയതായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സാലറി ചാലഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജിയ്ക്ക് മറുപടിയായി സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ വിവരങ്ങള്‍ നല്‍കിയത്. തിങ്കളാഴ്ച വൈകിട്ട് വരെയുള്ള ശമ്പളബില്ലിന്റെ കണക്കെടുത്താണ് സത്യവാങ്മൂലം തയാറാക്കിയത്. ആരില്‍ നിന്നും ശമ്പളം പിടിച്ചു വാങ്ങിയിട്ടില്ലെന്നും താല്‍പ്പര്യമുള്ളവര്‍ തന്നാല്‍ മതിയെന്നുമാണ് പറഞ്ഞതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. വിസമ്മതപത്രം വാങ്ങാനുള്ള തീരുമാനത്തെ സര്‍ക്കാര്‍ ന്യായീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംകോടതിയിലെ ജീവനക്കാര്‍ ഒരുദിവസത്തെ ശമ്പളം കേരളത്തിന് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. വിസമ്മതം അറിയിച്ചില്ലെങ്കില്‍ ഒരു ദിവസത്തെ ശമ്പളം പിടിക്കുമെന്നാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. റെയില്‍വേയും സമാന രീതിയിലാണ് ശമ്പളം ഈടാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ 160 ഓളം എയ്ഡഡ് കോളെജുകളും 62 സര്‍ക്കാര്‍ കോളേജുകളുമാണുള്ളത്. ഇവയില്‍ 10,000ത്തോളം അധ്യാപകരുണ്ട്. ഭൂരിഭാഗവും എയ്ഡഡ് മേഖലയിലാണ്. എയ്ഡഡ് കോളെജുകളിലെ അധ്യാപകരിലേറെപ്പേരും നിസ്സഹകരിച്ചതുകൊണ്ടാണ് ഈ മേഖലയില്‍ സാലറി ചലഞ്ച് പരാജയപ്പെട്ടത്. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ ആരെയും നിര്‍ബന്ധിച്ചില്ല എന്നതിനു തെളിവാണ് 40 ശതമാനം പേരും വിസമ്മതപത്രം നല്‍കിയത് എന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമേ സുപ്രീംകോടതിയിലും ദുരിതാശ്വാസ സംഭാവനയുടെ പേരില്‍ വിസമ്മതപത്രം ഏര്‍പ്പെടുത്തിയതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതേസമയം, സാലറി ചലഞ്ചിനെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ജീവനക്കാര്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം നല്‍കണമെന്നാണ് രജിസ്ട്രാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനു തയ്യാറല്ലാത്തവര്‍ വിസമ്മതമറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതേ മാതൃകയാണ് തങ്ങളും സ്വീകരിച്ചതെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുമെന്നാണ് വിവരം.

Top