കൊച്ചി: പ്രളയദുരന്തത്തില്‍ അകപ്പെട്ട വ്യക്തിയാണ് ദേശീയ അവാര്‍ഡ് ജേതാവ് നടന്‍ സലിം കുമാര്‍. സലിം കുമാറും കുടുംബവും അയല്‍ക്കാരും അടങ്ങുന്ന മുപ്പതോളം പേര്‍ അദ്ദേഹത്തിന്റെ ലാഫിംഗ് വില്ല എന്ന വീട്ടില്‍ കുടുങ്ങിയത് മൂന്ന് ദിവസമാണ്. ജീവന്‍ അപകടത്തിലാണെന്ന തരത്തില്‍ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മത്സ്യത്തൊഴിലാളികള്‍ അദ്ദേഹത്തെയും കൂടെയുള്ളവരെയും രക്ഷിച്ച് കരക്കെത്തിക്കുകയായിരുന്നു.
ടെറസില്‍ മുപ്പതോളം പേര്‍ക്ക് നില്‍ക്കാനുള്ള സ്ഥമില്ലാത്തത് വല്ലാത്ത ആശങ്ക ഉണ്ടാക്കിയിരുന്നു. കൂട്ടക്കരച്ചില്‍ കേട്ടാണ് അതുവഴി പോയ സുനിലും സംഘവും ഇരുനില വീട് ശ്രദ്ധിച്ചത്. രണ്ടാം നിലയില്‍ കയറി കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് നടന്‍ സലിം കുമാറിന്റെ വീടാണെന്ന് മനസ്സിലായത്. തോളില്‍ കയറ്റി അവിടെയുണ്ടായിരുന്ന എല്ലാവരെയും ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. ഫിഷറീസ് വകപ്പിന്റെ ബോട്ടിലാണ് സുനില്‍ അടക്കമുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷകരായി എത്തിയത്.
മാലിപ്പുറം മല്‍സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റാണ് സുനില്‍. സുനില്‍ രണ്ടു ഫൈബര്‍ ബോട്ടുകളുമായാണ് പറവൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. കുഞ്ഞുങ്ങളെ ഉള്‍പ്പെടെ സുനിലും സംഘവും 700 പേരെ രക്ഷപ്പെടുത്തി. മൂന്നുദിവസവും വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ടു പോയെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വെള്ളം കയറിയപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് വണ്ടിയെടുത്തപ്പോഴാണ് സഹായം അഭ്യര്‍ത്ഥിച്ച നിരവധിയാളുകള്‍ എത്തിയത്. പിന്നീട് വീടിന്റെ ടെറസില്‍ തങ്ങുകയായിരുന്നു.കൊടുങ്ങല്ലൂര്‍ വടക്കന്‍ പറവൂര്‍ ആലമ്മാവ് ജങ്ഷന് സമീപത്താണ് സലിം കുമാറിന്റെ വീട്.
ഭക്ഷണവും കുടിവെള്ളം ആയിരുന്നു എറ്റവും വലിയ വെല്ലുവിളി. ഒരു ക്യാമ്പില്‍ എത്തിക്കാനായി ഒരു ദിവസം മുമ്പ് ഭാര്യയോട് അരിയും മറ്റും സ്റ്റോര്‍ ചെയ്യാന്‍ പറഞ്ഞിരുന്നു. ദുരിതാശ്വാസ ക്യംപിലേക്ക് വേണ്ടി ശേഖരിച്ചു വെച്ചിരുന്ന ഭക്ഷണ സാമഗ്രികള്‍ കൊണ്ടാണ് ഈ രണ്ട് ദിവസവും പിടിച്ച് നിന്നത്. എന്തായാലും അത് സ്വന്തം ദുരിതാശ്വാസത്തിന് ഉപകരിച്ചത് കാര്യമായെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ ഞാനുള്‍പ്പടെ പത്ത് നാല്‍പതിലധികം പേര്‍ പെട്ടു പോയേനെ എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ഫിഷറീസ് വകുപ്പിനോടും മത്സ്യത്തൊഴിലാളികളോടുമാണ്. കാരണം നേവി പോലും പരിസരത്ത് വന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്. ഹെലികോപ്ടറുകള്‍ എത്തിയെങ്കിലും ഞങ്ങളെ കാണാന്‍ സാധിച്ചിരുന്നില്ല. എന്റെ വീടിനോട് ചേര്‍ന്ന ബില്‍ഡിങില്‍ ചിപ്പ്‌സ് നിര്‍മ്മിക്കുന്നുണ്ട്. അത് നനയാതിരിക്കാന്‍ അവര്‍ വീട്ടില്‍ കൊണ്ട് വച്ചു. ഈ ചിപ്പ്‌സ് ഉള്‍പ്പടെ നല്‍കിയാണ് തനിക്കൊപ്പമുള്ളവരുടെ വിശപ്പ് അകറ്റിയതെന്നും അദ്ദഹം പറഞ്ഞു.