കൊച്ചി:വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള നീക്കത്തിനെതിരെ പള്ളികളിൽ പ്രതിഷേധം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തെ തള്ളി സമസ്ത. പ്രതിഷേധം പള്ളികളിൽ വേണ്ടെന്ന് സമസ്ത നിർദേശിച്ചു. സർക്കാർ തീരുമാനം പിൻവലിക്കണം. നിലവിലെ രീതി പിന്തുടരുന്നതാണ് നല്ലത്. പ്രതിഷേധങ്ങൾ ഉചിതമായ രീതിയിൽ അവതരിപ്പിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പള്ളികളില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള മുസ്ലീം ലീഗ് നീക്കത്തെ തള്ളി സമസ്ത. എല്ലാ വിഷയത്തിലും പള്ളികളില്‍ പ്രതിഷേധിക്കാന്‍ കഴിയില്ല, മറിച്ച് വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയശേഷം പ്രതിഷേധത്തിന്റെ സ്വഭാവം തീരുമാനിക്കാം എന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ സമസ്ത കേരളത്തിന് എതിര്‍പ്പുണ്ടെങ്കില്‍ അക്കാര്യം കൂടിയിരുന്ന് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഇല്ലെങ്കില്‍ എല്ലാ പ്രതിഷേധങ്ങള്‍ക്കും സമസ്ത മുന്നിലുണ്ടാവുമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ ഉറപ്പ് നല്‍കി. ‘പ്രതിഷേധം വേണ്ടപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിക്കണം. അതിന് പരിഹാരം ഇല്ലെങ്കില്‍ തുറന്ന പ്രതിഷേധത്തിലേക്ക് നീങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്നതില്‍ സമസ്ത കേരളത്തിന് എതിര്‍പ്പുണ്ടെങ്കില്‍ കൂടിയിരുന്ന് ആലോചിക്കാം എന്ന് അറിയിച്ചു. ഞാന്‍ അതിനെ പറ്റി പഠിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന് മറുപടി നല്‍കിയത്.
കൂടികാഴ്ച്ചയെ കുറിച്ച് പരസ്യമായി എവിടേയും പറഞ്ഞിട്ടില്ല. ബന്ധപ്പെട്ട ചിലരോട് പറഞ്ഞിരുന്നു. അവര്‍ ഇക്കാര്യം മറ്റുള്ളവരോട് പറയുമ്പോള്‍ പരിഹസിക്കപ്പെടുന്നതരത്തിലാണ് കാര്യങ്ങള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയൊന്നും ആരും ചെയ്യേണ്ടതില്ല. അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സാധിക്കാത്തത് കൊണ്ടല്ല, മാന്യത അനുവദിക്കാത്തത് കൊണ്ടാണ്.
പ്രതിഷേധ പ്രമേയം പാസാക്കും. ഏത് രീതിയില്‍ പ്രതിഷേധിക്കണം എന്ന് സമസ്തയാണ് തീരുമാനിക്കേണ്ടത്. അതിന്റെ രീതിയും സ്വഭാവവും തീരുമാനിക്കണം. അതിന്റെ മുന്നേ ഒരു മാന്യതയുണ്ട്. അദ്ദേഹം മാന്യതയോടെ സംസാരിച്ച സ്ഥിതിക്ക് നമ്മളും അതേ രീതിയില്‍ നീങ്ങണം. പരിഹാരം ഇല്ലെങ്കില്‍ എല്ലാ പ്രതിഷേധങ്ങള്‍ക്കും സമസ്ത മുന്നിലുണ്ടാവും. ‘ എന്നായിരുന്നു ജിഫ്രി തങ്ങളുടെ വാക്കുകള്‍.
എല്ലാം പള്ളികളില്‍ പ്രതിഷേധിക്കാന്‍ പറ്റില്ല. ചിലത് പള്ളിയില്‍ നിന്നും മറ്റുചിലത് അതിന്റെ പുറത്ത് നിന്നും പ്രതിഷേധിക്കാം. നേരം വെളുത്താല്‍ എല്ലാം മുസ്ലീങ്ങളും അര ഗ്ലാസ് കള്ളുകുടിക്കാന്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ അതിന് പള്ളിയുടെ മുകളില്‍ കയറി നിന്ന് പ്രതിഷേധിക്കാം. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കണം. അത്പള്ളിയില്‍ കൂടി ആവരുത്. ചിലര്‍ അങ്ങനെ പറയുന്നുണ്ട്. അത് വേണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.