കൊടപ്പനക്കല്‍ തറവാട്ടിലേക്ക്‌ ഇ.ഡി!..പ്രതിഷേധം കടുപ്പിച്ച്‌ പ്രവർത്തകർ. പൊറുക്കാനാവാത്ത നാണക്കേടെന്ന് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം

കോഴിക്കോട്‌: മുസ്ലിം സമുദായത്തിന് കടുത്ത നാണക്കേട് വരുത്തി പാണക്കാട്‌ കൊടപ്പനക്കല്‍ തറവാട്ടിലേക്ക്‌ ഏതെങ്കിലുമൊരു അന്വേഷണ ഏജന്‍സി കയറിച്ചെല്ലുന്നത്‌ ആദ്യം. കള്ളപ്പണക്കേസിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നതിന് ഏക ഉത്തരവാദി പി കെ കുഞ്ഞാലിക്കുട്ടിയെന്ന് ലീഗ് നേതാക്കൾ. പ്രശ്നം ‘ഇശ്യു’ ആക്കേണ്ടെന്ന കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം പ്രവർത്തകരും നേതാക്കളും സ്വീകരിച്ചിട്ടില്ല. കെ ടി ജലീലിന്റെ ആരോപണം ഒരു കോപ്പുമില്ലാത്തതെന്ന നേതാവിന്റെ മറുപടിയിലും ഭൂരിഭാഗവും തൃപ്തരല്ല. ജലീലിനെ വിടാം; ഹംസ സാഹിബ് പറഞ്ഞതോ കുഞ്ഞാപ്പാ എന്ന ചോദ്യമാണ് തിരിച്ചുയരുന്നത്. ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ സെക്രട്ടറി കെ എസ് ഹംസ പറഞ്ഞതിന് മറുപടി വേണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.

മുസ്ലിം ലീഗെന്ന രാഷ്‌ട്രീയ പാര്‍ട്ടിയെ നയിക്കുമ്പോഴും ആത്മീയ പരിവേഷമാണു പാണക്കാട്‌ തങ്ങള്‍ കുടുംബത്തിന്‌. അങ്ങനെയിരിക്കെ, ഹൈദരലി ശിഹാബ്‌ തങ്ങളെ അന്വേഷണ ഏജന്‍സികള്‍ക്ക്‌ മുന്നില്‍ നിര്‍ത്താന്‍ ഇടവരുത്തിയതിനെതിരേ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്‌തം. കഴിഞ്ഞ ദിവസം കോഴിക്കോട്‌ ചേര്‍ന്ന മുസ്ലിം ലീഗ്‌ ഭാരവാഹി യോഗത്തില്‍ ഇതു സംബന്ധിച്ച്‌ ചോദ്യങ്ങളുയര്‍ന്നെങ്കിലും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിഷേധിച്ചിരുന്നു. എന്നാല്‍ രണ്ടാം വട്ടവും ചോദ്യംചെയ്യലിനായി ഹൈദരലി തങ്ങള്‍ക്ക്‌ ഇ.ഡി. നോട്ടീസ്‌ നല്‍കിയതോടെ കുഞ്ഞാലിക്കുട്ടിക്കെതിരേ വിമര്‍ശനം ശക്‌തമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയുടെ മുഖപത്രമായ ചന്ദ്രികയുടെ ബാങ്ക്‌ അക്കൗണ്ട്‌ വഴി പത്തു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണു കേസ്‌. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിപ്പണമാണ്‌ ഇതെന്നാണ്‌ ആരോപണം. അന്നത്തെ പൊതുമരാമത്ത്‌ മന്ത്രിയും ലീഗില്‍ കുഞ്ഞാലിക്കുട്ടി പക്ഷക്കാരനുമായ വി.കെ. ഇബ്രാഹിം കുഞ്ഞ്‌ ഈ കേസില്‍ അറസ്‌റ്റിലായിരുന്നു. ഇത്‌ രാഷ്‌ട്രീയപരമായി ഏറെ ക്ഷീണമായെന്നും തെരഞ്ഞെടുപ്പിലെ തോല്‍വിക്ക്‌ പ്രധാന ഘടകമായെന്നും വിമര്‍ശനമുയരുമ്പോള്‍ത്തന്നെയാണ്‌, അഴിമതിക്കേസില്‍ പാണക്കാട്‌ തങ്ങള്‍ക്ക്‌ ഇ.ഡി.രണ്ടാം വട്ടവും നോട്ടീസ്‌ നല്‍കിയത്‌. ഇതോടെ കുഞ്ഞാലിക്കുട്ടി വിരുദ്ധ ഗ്രൂപ്പ്‌ വിമര്‍ശനം കടുപ്പിച്ചു.

ചന്ദ്രികയുമായി ബന്ധപ്പെട്ട മുസ്ലിം പ്രിന്റിങ്‌ ആന്‍ഡ്‌ പബ്ലിഷിങ്‌ കമ്പനിയുടെ മാനേജിങ്‌ ഡയറക്‌ടര്‍ എന്ന നിലയ്‌ക്കാണ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കു നോട്ടീസ്‌ ലഭിച്ചത്‌. അഴിമതിക്കറയിലേക്ക്‌ പാണക്കാട്‌ തങ്ങളെ വലിച്ചിഴച്ചതു പൊറുക്കാനാവാത്ത നാണക്കേടായെന്ന്‌ കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷം വാദിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇതുവരെ മുസ്ലിം ലീഗിന്‌ പ്രവര്‍ത്തക സമിതി യോഗം നടത്താന്‍ പോലും സാധിച്ചിട്ടില്ല. കഴിഞ്ഞ ഒന്നിന്‌ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പാണക്കാട്‌ തങ്ങള്‍ ആശുപത്രിയിലായതിനാല്‍ മാറ്റി. ഇതേത്തുടര്‍ന്ന്‌ നടന്ന ഭാരവാഹി യോഗത്തില്‍ തോല്‍വിക്കിടയാക്കിയ സാഹചര്യം പഠിക്കാന്‍ പത്തംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷമാകും ഇനി പ്രവര്‍ത്തക സമിതി നടക്കുക.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല്‌ സിറ്റിങ്‌ സീറ്റുകളാണ്‌ മുസ്ലിം ലീഗിന്‌ നഷ്‌ടമായത്‌. കൊടുവള്ളി മാത്രമാണ്‌ തിരിച്ചുപിടിക്കാന്‍ സാധിച്ചത്‌. ഇതേത്തുടര്‍ന്ന്‌ പാര്‍ട്ടിക്കകത്ത്‌ ആഭ്യന്തര കലഹവും രൂക്ഷമായി. ഈ സാഹചര്യത്തില്‍ തന്നെയാണ്‌ അഴിമതി കേസില്‍ പാണക്കാട്‌ ശിഹാബ്‌ തങ്ങള്‍ക്ക്‌ ഇ.ഡി. രണ്ടാം വട്ടവും ചോദ്യം ചെയ്യലിന്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നതും. ചന്ദ്രികയുടെ അക്കൗണ്ട്‌ വഴി നിക്ഷേപിച്ച പത്ത്‌ കോടി രൂപ പ്രചാരണ കാമ്പയിന്‍ വഴി ശേഖരിച്ച പണമാണെന്നാണ്‌ ലീഗിന്റെ വിശദീകരണം.

ലീഗുകാരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമായി ചന്ദ്രിക മാറി. ഹൈദരലി തങ്ങളെ ഇഡി ചോദ്യംചെയ്യുന്ന സ്ഥിതിയുണ്ടായി. തങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാകാൻ കാരണം ഇതാണ്. പാണക്കാട് കുടുംബത്തെ ഇഡി ചോദ്യംചെയ്തതിലൂടെ തങ്ങളെയും പാർടിയെയും കുഞ്ഞാലിക്കുട്ടി കൊലയ്ക്കുകൊടുത്തു’–-എന്നെല്ലാമാണ്‌ ഹംസ പറഞ്ഞത്‌. പാലാരിവട്ടം പാലം അഴിമതിപ്പണമായി 10 കോടി രൂപ ചന്ദ്രികയിൽ നിക്ഷേപിച്ചതിനാണ് അന്വേഷണമെന്നും പറഞ്ഞു. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും സാദിഖലി ശിഹാബ് തങ്ങളുമടക്കം പ്രമുഖരുള്ള യോഗത്തിലായിരുന്നു ഹംസ തുറന്നടിച്ചത്. ഹംസയെ മറ്റ് മുതിർന്ന നേതാക്കൾ തിരുത്തുകയോ വിമർശിക്കുകയോ ഉണ്ടായില്ല.

വിശ്വാസ്യത കാത്തുസൂക്ഷിക്കാൻ പാണക്കാട് കുടുംബത്തിന് ബാധ്യതയുണ്ടെന്നും അതുണ്ടായില്ലെങ്കിൽ പടച്ചവൻ ചോദിക്കുമെന്നും തങ്ങൾ കുടുംബം ഉത്തരവാദിത്തം നിർവഹിക്കണമെന്നും പറഞ്ഞ എം കെ മുനീറിന്റെ വാക്കുകളിലും കുഞ്ഞാലിക്കുട്ടിക്കെതിരായ പരോക്ഷ വിമർശനമായിരുന്നു. കെ പി എ മജീദ് സ്ഥാനാർഥിയാകണോ എന്ന് ഫർണിച്ചർ വ്യാപാരി ചോദിച്ചെന്ന് വെളിപ്പെടുത്തിയ പി കെ ബഷീർ എംഎൽഎ, ലീഗിൽ ആരാണ് കാര്യങ്ങൾ നിശ്ചയിക്കുന്നതെന്ന ചോദ്യവുമുയർത്തി. യോഗത്തിലെ ഈ ചർച്ച പ്രചരിപ്പിച്ചാണ് കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രതിഷേധം.

Top