ചെന്നിത്തലയുടെ നേതൃത്വം അംഗീകരിക്കാനാവുന്നില്ല.മാണിക്ക് പുറകെ ലീഗും പോകും ?യു.ഡി.എഫ് തകര്‍ച്ച പൂര്‍ണ്ണമാകുന്നു ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി-മാണി സംഖ്യം തകര്‍ന്നതെങ്ങനെ?

തിരുവനന്തപുരം:കോണ്‍ഗ്രസ് അധികാരസ്ഥാനത്ത് നിന്നും യു.ഡി.എഫ് .മുന്നണിയുടെ നേതൃത്വത്തില്‍ നിന്നും രമേശ് ചെന്നിത്തലയെ പുകച്ചു ചാടിക്കാനുള്ള നീക്കം മുന്നണിയിലും പാര്‍ട്ടിയിലും നടക്കുന്നുണ്ടോ ? യു.ഡി.എഫിനെ അവഗണിച്ച് മുന്നോട്ടുപോകാന്‍ മാണി ഗ്രൂപ്പിനെ പ്രേരിപ്പിച്ചത് യു.ഡി.എഫിന്റെ ഘടനയിലുണ്ടായ മാറ്റം ആണെന്നും അതിനുള്ള പ്രധാന കാരണം ചെന്നിത്തലയുടെ നേതൃത്വം ആണെന്നുമുള്ള പ്രചരണം ശക്തമാകുന്നു.കെ.എം മാണിയുടെ കേരള കോണ്‍ഗ്രസ് യു.ഡി.എഫ് വിട്ടുപോയതുപോലെ തന്നെ ഉടന്‍ തന്നെ മുന്നണി സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ലീഗും ചിന്തിക്കും എന്ന സൂചനകളും ഉണ്ട് .കേരളത്തില്‍ ദിവസേന ശുഷ്കമായി കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയില്‍ ഇനി സ്കോപ്പില്ലാന്നും ചിന്തിക്കുന്നവര്‍ കൂടുതലാണ്.കഴിഞ്ഞ 20 വര്‍ഷമായി യു.ഡി.എഫില്‍ നിലനിന്ന അധികാരസമവാക്യങ്ങള്‍ക്കാണ് 2016ല്‍ രമേശ് ചെന്നിത്തല നേതൃത്വത്തില്‍ എത്തിയതോടെ മാറ്റം വന്നത്. യു.ഡി.എഫ് സ്ഥാപകനേതാവായ കെ. കരുണാകരനെ 1994ല്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ നിന്നും കെട്ടുകെട്ടിച്ചതോടെയാണ് പുതിയ യു.ഡി.എഫ് ശാക്തികചേരിക്ക് രൂപം നല്‍കിയത്. അന്നുമുതല്‍ ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, കെ.എം. മാണി കൂട്ടുകെട്ടാണ് യു.ഡി.എഫിനെ നയിച്ചിരുന്നത്. ഇതിനിടയില്‍ എ.കെ. ആന്റണി പത്തുവര്‍ഷത്തോളം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വന്നെങ്കിലും അപ്പോഴും മുന്നണിയെ നയിച്ചത് ഉമ്മന്‍ചാണ്ടി തന്നെയായിരുന്നു. അന്ന് ഉമ്മന്‍ചാണ്ടി യു.ഡി.എഫ് കണ്‍വീനറുമായിരുന്നു കൂടുതല്‍ കാലം. അന്ന് ആന്റണിയുടെ പുറത്തുപോക്കലിന് വഴിവച്ചതിലും കുഞ്ഞാലിക്കുട്ടിക്കും മാണിക്കും വ്യക്തമായ പങ്കുണ്ടായിരുന്നു. അതിന്റെ നേട്ടം ലഭിച്ചത് ഉമ്മന്‍ചാണ്ടിക്കുമായിരുന്നു.ആയതിനാല്‍ ഉമ്മന്‍ ചാണ്ടി -മാണി -കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടിലെ ന്യുനപക്ഷ സമുധായ പിന്തുണക്കാര്‍ എന്ന ആരോപണം ഉള്ളവരുടെ നേതൃത്വ തകര്‍ച്ച മുന്നണിയുടെ തകര്‍ച്ചയിലേക്കും നയിക്കുന്നു. യു.ഡി.എഫിലെ നേതൃമാറ്റമാണ് മാണിയെ ആ മുന്നണിയില്‍ നിന്നും അകറ്റിയതെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അതേ കാരണം കൊണ്ടുതന്നെയാണ് കുഞ്ഞാലിക്കുട്ടിയും സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് ഡല്‍ഹിക്ക് പോയതെന്നാണ് സൂചന. കൂടാതെ ഇപ്പോഴത്തെ സ്ഥിതി മുതലാക്കി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാന്‍ പുതിയ യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നതായും മാണി ഗ്രൂപ്പിന് പരാതിയുണ്ട്.oc-mani-rc

അങ്ങനെ 20 വര്‍ഷം നീണ്ടുനിന്ന ശാക്തികകൂട്ടുകെട്ടിനാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ ഫലത്തോടെ തിരിച്ചടിയുണ്ടായത്. തെരഞ്ഞെടുപ്പിലെ പരാജയത്തിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി നേതൃത്വത്തില്‍ നിന്നും മാറിനിന്നു. തുടര്‍ന്ന് രമേശ് ചെന്നിത്തല നേതൃത്വത്തില്‍ വരികയും ചെയ്തു. അതില്‍ തൃപ്തിയില്ലാതെയാണ് ആദ്യം കെ.എം. മാണി യു.ഡി.എഫ് വിടാന്‍ തീരുമാനിച്ചത്. പിന്നീട് പലതവണ യു.ഡി.എഫ് ശ്രമിച്ചിട്ടും തിരിച്ചുവരാതിരിക്കാനുള്ള കാരണവും യു.ഡി.എഫിലുണ്ടായ നേതൃമാറ്റമാണ്. രമേശ് ചെന്നിത്തലയുമായി സഹകരിക്കാന്‍ തയാറല്ലെന്ന സൂചനയാണ് അന്ന് അദ്ദേഹം നല്‍കിയത്. പലപ്പോഴും അതുതന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു. പുറത്തുപോകാന്‍ എടുത്ത തീരുമാനത്തിലും കുറ്റപ്പെടുത്തിയത് ചെന്നിത്തലയെയായിരുന്നു. മാത്രമല്ല, ഐ ഗ്രൂപ്പില്‍പ്പെട്ടവര്‍ നിരന്തരം പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് മാണിക്ക് പരാതിയുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ നിരന്തരം മാണിയെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന രീതിയാണ് ഐഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ക്ക് പരാതിയുണ്ട്. അതുകൊണ്ടുതന്നെ രമേശ് നേതൃസ്ഥാനത്തുള്ളിടത്തോളം യു.ഡി.എഫിലേക്കില്ലെന്ന നിലപാടിലാണ് മാണി. ഈ സാഹചര്യത്തില്‍ ഇടതുമുന്നണിയാണ് തങ്ങള്‍ക്ക് കുറെക്കൂടുതല്‍ ഗുണകരമെന്നും അവര്‍ പറയുന്നു. ഇതില്‍ പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന വിമര്‍ശനത്തില്‍ ഒരു കഴമ്പുമില്ലെന്ന നിലപാടാണ് അവര്‍ക്കുള്ളത്. ഇടതുമുന്നണിയോട് എന്നും അടുത്തുനിന്നവര്‍ ഇന്ന് എതിര്‍പ്പുമായി വരുന്നത് പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും അവര്‍ പറയുന്നു.

മാണി മാത്രമല്ല, ലീഗിനും യു.ഡി.എഫിന്റെ പുതിയ സംവിധാനത്തോട് യോജിപ്പില്ല. ഇതുതന്നെയാണ് യു.ഡി.എഫിനെ ഒരുമയോടെ പിടിച്ചുനിര്‍ത്തിയിരുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടും വ്യക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധം പോലും വകവയ്ക്കാതെ ഡല്‍ഹിക്ക് പോകാന്‍ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചതിന് പിന്നിലും ഇതേ വികാരമായിരുന്നുവെന്ന് മുന്നണിയിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ആദ്യം ഉമ്മന്‍ചാണ്ടി, പിന്നെ മാണി, അതുകഴിഞ്ഞ് കുഞ്ഞാലിക്കുട്ടി. ഇത് യു.ഡി.എഫിലെ തലമുറമാറ്റമെന്ന് പറയാവുന്ന മാറ്റത്തിന്റെ അനന്തരഫലമാണെന്നാണ് മുന്നണിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.mani-oc

അതേസമയം കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ മാണിയെ യു.ഡി.എഫില്‍ തിരികെയെത്തിക്കാന്‍ ഊര്‍ജ്ജിതമായ ശ്രമത്തിലായിരുന്നെങ്കിലും ഇന്നലത്തെ സംഭവവികാസങ്ങളോടെ ഉമ്മന്‍ ചാണ്ടിയും മറ്റു നേതാക്കളും മാണിയെ തള്ളിപ്പറഞ്ഞു.കോണ്‍ഗ്രസിനെ സംബന്ധിച്ചു കോട്ടയത്തെ തിരിച്ചടി അഭിമാനത്തിനേറ്റ ക്ഷതമാണ്. അതുകൊണ്ടുതന്നെ മാണി വിഭാഗവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍തന്നെയാണു കോണ്‍ഗസ് നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഒന്‍പതിനു ചേരുന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ അന്തിമതീരുമാനമുണ്ടാകും. കേരള കോണ്‍ഗ്രസി(എം)നെ പിളര്‍ത്തി ഒരുവിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള നീക്കവും കോണ്‍ഗ്രസ് ആരംഭിച്ചു. കടുത്തുരുത്തി എം.എല്‍.എ. മോന്‍സ് ജോസഫ്, ഇടുക്കി എം.എല്‍.എ. റോഷി അഗസ്റ്റിന്‍, ചങ്ങനാശേരി എം.എല്‍.എ: സി.എഫ്. തോമസ്, കാഞ്ഞിരപ്പള്ളി എം.എല്‍.എ: ഡോ. എന്‍ ജയരാജ് എന്നിവരെയാണു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇവര്‍ക്കൊപ്പം പഴയ ജോസഫ് വിഭാഗത്തെ പൂര്‍ണമായി യു.ഡി.എഫില്‍ എത്തിക്കാനും നീക്കമുണ്ട്.

സി.പി.എം. ബാന്ധവത്തെ തള്ളിപ്പറഞ്ഞ് പി.ജെ. ജോസഫ് വിഭാഗം രംഗത്തെത്തിയതും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കി. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തില്ലെന്നാണു ജോസഫ് വിഭാഗത്തിന്റെ ആരോപണം. മാണി വിഭാഗത്തിന്റെ നീക്കത്തിനെതിരേ മോന്‍സ് ജോസഫ് എം.എല്‍.എ. പരസ്യമായി രംഗത്തെത്തി. ജില്ലാപഞ്ചായത്ത് ഭരണം യു.ഡി.എഫിനു നഷ്ടമായതോടെ മാണിയെയും മകന്‍ ജോസ് കെ. മാണി എം.പിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു.രണ്ടാഴ്ച മുമ്പ് കോട്ടയത്തു കര്‍ഷകകൂട്ടായ്മ എന്ന പേരില്‍ ചേര്‍ന്ന യോഗം മാണി വിഭാഗത്തെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇടതുനേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന സ്‌കറിയ തോമസ് കര്‍ഷകകൂട്ടായ്മയില്‍ സജീവമായത് ഈ പ്രചാരണത്തിനു ബലമേകി. അതിനുശേഷം ഇടതുനേതൃത്വത്തില്‍നിന്നു വ്യക്തമായ സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാണി വിഭാഗം കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്നാണു സൂചന. കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്കു മടങ്ങിവരണമെന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും മാണി നിഷേധിക്കുകയായിരുന്നു. ആവശ്യം നിരസിച്ചത് ഇടതുമുന്നണിയിലേക്കുള്ള പാലമായി വ്യാഖ്യാനിക്കേണ്ടെന്നും മാണി വ്യക്തമാക്കിയിരുന്നു.

Top