സമവായത്തിലൂടെ അധ്യക്ഷനെ തെരഞ്ഞെടുക്കണം,കെപിസിസി അധ്യക്ഷനാകാനില്ല- നിലപാടറിയിച്ച് ഉമ്മന്‍ചാണ്ടി

ന്യുഡല്‍ഹി :കെപിസിസി പ്രസിഡന്റ് ആകാനില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചതായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയുടെ ഒരു സ്ഥാനങ്ങളിലേക്കും താനുണ്ടാകില്ല. താന്‍ മുന്‍പ് എടുത്ത ഈ തീരുമാനം മാറ്റാനുളള ഒരു സാഹചര്യവും നിലവില്‍ ഇല്ല.
ഇക്കാര്യം നേരത്തെ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുളളതാണ്. അതുകൊണ്ടു തന്നെ ഹൈക്കമാന്‍ഡില്‍ നിന്നും അധ്യക്ഷനാകാനുളള നിര്‍ദേശം വരില്ല. സമവായത്തിലൂടെ പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വിശദമാക്കി.സംഘടനാ തെരഞ്ഞെടുപ്പില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയുടെ താത്കാലിക പ്രസിഡന്റ് എം.എം ഹസന്‍, കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന അഭിപ്രായം വ്യക്തമാക്കിയിരുന്നു.

Top