കെ.സുധാകരന്റെ പട്ടികയ്ക്കെതിരെ ഗ്രൂപ്പ് കലാപം.പരാതിയുമായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും.സുധാകരൻ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കുന്നു.

ന്യൂഡൽഹി :വിഎം സുധീരനെ പോലെ ഒടുവിൽ കെ സുധാകരനും കണ്ടം വഴി ഓടും എന്നാണു കോൺഗ്രസിലെ കളികൾ കണ്ടിട്ടു തോന്നുന്നത് .സുധാകരന്റെ തോന്ന്യവാസം കണ്ണൂരിലെ കോൺഗ്രസിൽ വെച്ചാൽ മതി ,സംസ്ഥാന കോൺഗ്രസിൽ വേണ്ട എന്നാണു ഗ്രുപ്പ് മാനേജർമാരുടെ മുന്നറിയിപ്പ് . കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടു സംസ്ഥാന, ഗ്രൂപ്പ് നേതൃത്വങ്ങൾ തുറന്ന പോരിലേക്ക് എത്തിയിരിക്കയാണ് . മുല്ലപ്പള്ളി രാമചന്ദ്രന് പുറമെ കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന പരാതിയുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രംഗത്തെത്തി. പട്ടികയ്ക്ക് രൂപം നല്‍കുന്നത് സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം കേള്‍ക്കാന്‍ സുധാകരൻ തയ്യാറായിട്ടില്ലെന്നാണ് ഉയര്‍ന്ന ആരോപണം. ഗ്രൂപ്പുകളെ ഇല്ലാതാക്കുമെന്ന പേരില്‍ പുതിയ ഗ്രൂപ്പ് സൃഷ്ടിക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഡിസിസി പ്രസിഡന്റുമാരായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഹൈക്കമാൻഡിനു കൈമാറിയതിനു പിന്നാലെയാണ് പരാതി ഉയർന്നത് .തങ്ങളുമായി കൂടിയാലോചന നടത്തിയില്ലെന്നും സുധാകരൻ വാക്കു പാലിച്ചില്ലെന്നും ഗ്രൂപ്പ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കു കത്തയച്ചു. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ഫോണിൽ വിളിച്ചും പ്രതിഷേധമറിയിച്ചു. താനുമായി ഒരുതരത്തിലുള്ള കൂടിയാലോചനയും നടത്തിയില്ലെന്ന പരാതിയുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും താരിഖിനെ വിളിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ ഗ്രൂപ്പുകൾ കഴിഞ്ഞ കഥയാണെന്നും ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ ഗ്രൂപ്പ് മാനദണ്ഡം നോക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെയും രമേശിനെയും ഡൽഹിക്കു വിളിപ്പിക്കാമെന്നു താരിഖ് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

സുധാകരനു പുറമേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദിഖ് എന്നിവർ വെള്ളിയാഴ്ചയും ഇന്നലെയുമായി ഡൽഹിയിൽ നടത്തിയ ചർച്ചകൾക്കു ശേഷമാണു ചുരുക്കപ്പട്ടിക താരിഖിനു കൈമാറിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായും ഇവർ ചർച്ച നടത്തി.സംസ്ഥാന നേതൃത്വം കൈമാറിയ ഡിസിസി പട്ടികയിൽ ഏതാനും ജില്ലകളിൽ ഒന്നിലധികം പേരുകളുണ്ട്. എംപിമാർ, എംഎൽഎമാർ എന്നിവർ പട്ടികയിലില്ല. വനിതാ പ്രാതിനിധ്യവുമില്ല.

പുനഃസംഘടന ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതില്‍ അതിരൂക്ഷ പ്രതികരണമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് നടത്തിയത്. മുന്‍ അധ്യക്ഷനെന്ന നിലയില്‍ പുനഃസംഘടന സംബന്ധിച്ച് ഒരുവാക്ക് തന്നോട് ചോദിക്കാമായിരുന്നെന്ന് പറഞ്ഞപ്പോള്‍, പട്ടികയില്‍ ആരുടെയെങ്കിലും പേര് ഉള്‍പ്പെടുത്തണോ, പെട്ടെന്ന് പറയണം, എന്ന ധാര്‍ഷ്ട്യത്തോടെയുള്ള സുധാകരന്റെ മറുപടിയോടെയാണ് മുല്ലപ്പള്ളി പൊട്ടിത്തെറിച്ചത്.

പട്ടിക കൈമാറുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് സുധാകരന്‍ മുല്ലപ്പള്ളിയെ വിളിച്ചത്. മുന്‍ അധ്യക്ഷനെന്ന പരിഗണന സുധാകരന്‍ തനിക്ക് നല്‍കിയില്ല. കോണ്‍ഗ്രസ് എന്നത് വലിയൊരു പാര്‍ട്ടിയാണ്. ഇതിനെ സുധാകരന്‍ നശിപ്പിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞതായാണ് വിവരങ്ങള്‍. കെപിസിസി അധ്യക്ഷനെ കാണണമെങ്കില്‍ ഇപ്പോള്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. 45 വര്‍ഷമായി, ഇന്ദിരാഭവന് മുന്നില്‍ അധ്യക്ഷനെ കാണാന്‍ കാത്തിരിക്കേണ്ട ഗതികേട് തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രോഷത്തോടെ പറഞ്ഞു. മുല്ലപ്പള്ളിയുടെ പൊട്ടിത്തെറിക്ക് മുന്നില്‍ സുധാകരന് മറുപടി ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അതേസമയം, ഡിസിസി പുനഃസംഘടനാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് എല്ലാ മുതിര്‍ന്ന നേതാക്കളുമായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ചര്‍ച്ചയില്‍ നിന്ന് ആരെയും മാറ്റിനിര്‍ത്തിയിട്ടില്ല. വളരെ താഴെതട്ടിലുള്ള പ്രാദേശിക നേതാക്കള്‍ മുതല്‍ മുതിര്‍ന്ന നേതാക്കളുമായി വരെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ചുരുക്ക പട്ടിക തയ്യാറാക്കിയതെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ”പുനഃസംഘടനാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കളുമായി താനും പ്രതിപക്ഷനേതാവും മണിക്കൂറുകളോളം സംസാരിച്ചിട്ടുണ്ട്. വളരെ താഴെതട്ടിലുള്ള നേതാക്കള്‍ മുതല്‍ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റിയിലെ നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍ എന്നിങ്ങനെ എല്ലാവരെയും ആശയവിനിമയത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാവരുമായും ആവശ്യത്തിന് ചര്‍ച്ച നടന്നുവെന്നാണ് നിഗമനം.” അതിനാല്‍ തന്നെ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടാകാന്‍ സാധ്യതയില്ലെന്നും തങ്ങളുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു അപാകത വന്നതായി വ്യക്തിപരമായി അഭിപ്രായമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top