ധൈര്യമുണ്ടെങ്കില്‍ വാ, കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നടത്താം: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് കോടിയേരി

കോട്ടയം: ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡിഎഫിനെ വെല്ലുവിളിവിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോട്ടയത്തെ ജനങ്ങള്‍ക്ക് ലോക്സഭയില്‍ ഒരു പ്രതിനിധി ഇല്ലാതാകുകയാണ് നിലവിലെ എംപിയായ ജോസ് കെ.മാണി രാജ്യസഭയിലേയ്ക്ക് പോകുമ്പോള്‍. അവിടെ ജനപ്രതിനിധിയെ ലഭിക്കാന്‍ ഉപതിരഞ്ഞെടുപ്പ് നടത്താനും നേരിടാനും യു ഡി എഫ് തയ്യാറാണോ എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം.

ജോസ് കെ.മാണി ലോക്സഭാ എംപി സ്ഥാനം ഒരു വര്‍ഷം ബാക്കി നില്‍ക്കെയാണ് ഒഴിയുന്നത്. രാജ്യസഭാ എംപിയായി പോകുമ്പോള്‍ കോട്ടയത്തിന് ലോക്സഭയില്‍ പ്രതിനിധിയില്ലാതാകുമെന്ന് മാത്രമല്ല, കോട്ടയത്തിന് ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളാ കോണ്‍ഗ്രസില്‍ നിന്നുളള ജോസ് കെ.മാണിയാണ് നിലവില്‍ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്നുളള എംപി. കോണ്‍ഗ്രസിന്റെ പിന്തുണയോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു ജോസ് കെ.മാണി ലോക്സഭയിലേയ്ക്ക് മല്‍സരിച്ചത്. പിന്നീടാണ് മാണി യുഡിഎഫില്‍ നിന്നും വിട്ടുപോയത്. ഇപ്പോള്‍ രാജ്യസഭാ സീറ്റുമായാണ് മാണിയുടെ യുഡിഎഫിലേയ്ക്കുളള മടക്കം. ഇങ്ങനെ ലഭിച്ച രാജ്യസഭാ സീറ്റില്‍ ലോക്സഭാംഗമായ ജോസ് കെ.മാണിയാണ് മല്‍സരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ വെല്ലുവിളിയും വിമര്‍ശനവും.

കോണ്‍ഗ്രസിനുളളിലെ അധികാര മല്‍സരമാണ് രാജ്യസഭാ സീറ്റിന്റെ പേരില്‍ നടക്കുന്നത്. അതിനാലാണ് ഇടതുപക്ഷം മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും കോടിയേരി പറഞ്ഞു.കോണ്‍ഗ്രസിനകത്ത് അരാജകത്വമാണിപ്പോള്‍ നടമാടുന്നതെന്ന് സി പി എം സെക്രട്ടറി പറഞ്ഞു. യു ഡി എഫിന്റെ നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ ഇനി കെ പി സി സി ഓഫീസില്‍ പോയിട്ട് കാര്യമില്ല, സ്ഥാനാര്‍ത്ഥിത്വം കിട്ടാന്‍ .പാണക്കാട് പോകേണ്ട അവസ്ഥയാണെന്നും കോടിയേരി പരിഹസിച്ചു.

കേരളാ കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസിനുളളില്‍ കലാപം തുടര്‍ന്നുകൊണ്ടിരിക്കെയാണ് കോടിയേരി ബാലകൃഷ്ണന്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

Top