പത്തനംതിട്ട: പത്തനംതിട്ടയിൽ പോസ്റ്റര്‍ യുദ്ധം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറന്മുള മണ്ഡലത്തിൽ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നു.അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍. ഡിസിസി ഓഫിസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ എന്ന ലേബലിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
ആറന്മുളയില്‍ അബിന്‍ വര്‍ക്കി സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് മണ്ഡലത്തില്‍ അബിനെതിരെയുള്ള പോസ്റ്ററുകള്‍. ആറന്മുള, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയെ ജില്ലയിലെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇലന്തൂരിലും പത്തനംതിട്ട ഡി.സി.സി ഓഫീസിന്റെ കതകിലും മതിലുകളിലുമാണ് അബിന്‍ വര്‍ക്കിക്കെതിരെ പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.സമീപ ദിവസങ്ങളിലായി അബിൻ വർക്കി ആറന്മുളയിൽ സജീവമായിരുന്നു
പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട’ എന്ന തലക്കെട്ടോടെ ‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍’ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദയവികാരത്തെ മുറിപ്പെടുത്തരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. പത്തനംതിട്ട ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അറിയാത്ത ഒരാളെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി സാധാരണക്കാരായ പ്രവര്‍ത്തകരുടെ ആത്മാഭിമാനം പണയം വെക്കരുതെന്നാണ് പ്രധാന ആവശ്യം.
ജില്ലയില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന പരിമിതമായ സീറ്റുകളില്‍ ഇവിടുത്തെ സാധാരണക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നെ അവസരം നല്‍കണം. സംഘടനാരംഗത്ത് പണിയെടുത്ത് രാഷ്ട്രീയം സേവനമാക്കിയ പത്തനംതിട്ടക്കാരുടെ അവകാശമാണിതെന്ന് പോസ്റ്റര്‍ വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി സംഘടനാരംഗത്ത് പ്രവര്‍ത്തിച്ച് കേസുകളും പട്ടിണിയും നേരിടുന്ന പ്രാപ്തരായ നേതാക്കള്‍ ജില്ലയിലുണ്ട്. അത്തരക്കാരെ മറികടന്ന് ജില്ലയെ അറിയാത്ത ഒരാളെ സ്ഥാനാര്‍ത്ഥിയാക്കരുത്. നിയമസഭയിലേക്ക് പത്തനംതിട്ടയെയും ഇവിടുത്തെ പ്രവര്‍ത്തകരെയും അറിയുന്ന നമ്മളില്‍ നിന്നൊരാള്‍ തന്നെ പോകണമെന്നും പോസ്റ്ററില്‍ കുറിക്കുന്നു.
അബിന്‍ വര്‍ക്കിയെ ആറന്മുളയിലോ റാന്നിയിലോ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പത്തനംതിട്ട ഡി.സി.സി ഓഫീസിന്റെ കതകിലും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഇതിനിടെ, ചില പ്രാദേശിക നേതാക്കള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചതായും വിവരമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേരത്തെ അബിന്‍ വര്‍ക്കി സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി പത്തനംതിട്ട കോണ്‍ഗ്രസിലുണ്ടായ ഈ ചേരിതിരിവ് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.










