ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നിലെ ചുരുളഴിയുന്നു. വിവാദ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് എവിടെ? അവ വെളളാപ്പളളിക്ക് ചോര്‍ത്തിയതിന്‍റെ അജണ്ട എന്ത്?

  ”ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നിലെ   ചുരുളഴിയുന്നു. വിവാദ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് എവിടെ? അവ വെളളാപ്പളളിക്ക്  ചോര്‍ത്തിയതിന്‍റെ അജണ്ട എന്ത്?കൈരളി ചീഫ് സബ്എഡിറ്റര്‍ എസ്. വി.പ്രദീപ്   എഴുതുന്നു.”

ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍. നിശ്ചിത ഇടവേളകളില്‍ കൃത്യമായും പ്രത്യേക സന്ദര്‍ഭങ്ങളില്‍ അതിനുവേണ്ടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കാറുണ്ട്. വസ്തുതകള്‍ സമൂഹത്തിലെ വിവിധ തലങ്ങളില്‍ നിന്ന് ശേഖരിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവലോകനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇങ്ങനെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കെ പി സി സി പ്രസിഡന്‍റ് വി എം സുധീരനും ചിരിക്കാന്‍ വക നല്‍കുന്നതാണെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചിരിപ്പിക്കുന്നതല്ല.

*മുഖ്യമന്ത്രിയുടെ ജനസമ്മിതി നാള്‍ക്കുനാള്‍ ഇടിയുന്നു.

*പൊതുസമൂഹത്തില്‍ ചിലവിഭാഗങ്ങളില്‍ ഒഴിച്ച് ശക്തമായ സംശയവും രോഷവും മുഖ്യമന്ത്രിക്ക് നേരെ രൂപപ്പെട്ടിട്ടുണ്ട്.

*കോണ്‍ഗ്രസ് പാര്‍ട്ടിയിലും യു.ഡി.എഫ് ഘടക കക്ഷി അണികളിലും സമാന വികാരം.
*ഏതുസാഹചര്യത്തിലും മുഖ്യമന്ത്രിക്ക് നേരെ ഒറ്റപ്പെട്ടതെങ്കിലും ആക്രമണങ്ങള്‍ ഉണ്ടാകാനുളള സാധ്യതകള്‍ ഏറെയാണ്.
*അടിയന്തിരമായി മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കണം.
* വന്‍ ജനാവലി ഒത്ത് കൂടുന്ന പരിപാടികള്‍ മുഖ്യമന്ത്രി ഒഴിവാക്കണം.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സാധാരണ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലും സമാന വസ്തുതകള്‍ വന്നതോടെ ആണ് കാര്യങ്ങള്‍ ഗൗരവമായത്. ഈ വസ്തുതകള്‍ ഏറ്റവും അടുത്തറിയാവുന്ന ഉമ്മന്‍ചാണ്ടി വിരുദ്ധനായ മന്ത്രി ഇതുമായി ബന്ധപ്പെട്ട് വിലയിരുത്തിയത് ഐ എസ് ആര്‍ ഒ ചാരക്കേസിനെ തുടര്‍ന്ന് 1994 ല്‍ കരുണാകരനെതിരെ സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയ അവസ്ഥ എന്നാണ്. ഈ വസ്തുതകള്‍ വെളളാപ്പളളിക്ക് ചോര്‍ന്ന് കിട്ടിയത് എവിടെ നിന്ന്? ചോര്‍ന്നത് രാഷ്ട്രീയപരമായി ശരിയായിരിക്കാം,നിയമപരമായും ധാര്‍മ്മികമായും ശരിയോ?Oommen chandy-vellapally

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിന്‍റേയും പ്രധാനമന്ത്രിയുടെ ഓഫീസിന്‍റേയും രഹസ്യങ്ങള്‍ നിലവിലെ രാഷ്ട്രീയ അവസ്ഥയില്‍ മുഖ്യ സംഘാടകന് ലഭിക്കുക സ്വാഭാവികം.എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റേതോ? സംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വെളളാപ്പളളിക്ക് ചോര്‍ത്തിയത് ഉമ്മന്‍ചാണ്ടി അല്ലെന്ന് ഉറപ്പ്. കാരണം ചോര്‍ന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദര്‍ഭത്തില്‍ ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യങ്ങള്‍ക്ക് വിലയിടിയും.മാത്രവുമല്ല ചോര്‍ന്ന് കിട്ടിയ കേന്ദ്ര സംസ്ഥാന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട എസ് എന്‍ ഡി പിയുടെ മനസ്സ് ഉമ്മന്‍ചാണ്ടിയുമായും വെളളാപ്പളളിയുമായും ഏറെ അടുപ്പമുളള ഒരു ഘടകക്ഷി നേതാവ് ശ്രദ്ധയില്‍പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിസുക്ഷിപ്പുകാരായ മുതിര്‍ന്ന മന്ത്രിയും എം എല്‍ എ യും ചര്‍ച്ചചെയ്ത് പ്രശ്നംരമ്യമായി പരിഹരക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പ് ഫോര്‍മുല രൂപപ്പെടുത്തിയിരുന്നു. വിഷയം അവിടെ അവസാനിക്കുമെന്ന് ഇരു വിഭാഗവും കരുതി. എന്നാല്‍ ഇവരുടെ ധാരണ തെറ്റിച്ചത് രാഹുല്‍ ഗാന്ധി നിയോഗിച്ച കേരളസര്‍വ്വേ സംഘത്തിന്‍റെ വാരാന്ത്യ വിലയിരുത്തല്‍ യോഗം.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നിയോഗിച്ച സര്‍വ്വേ സംഘത്തിന്‍റെ വാരാന്ത്യ വിലയിരുത്തല്‍ യോഗം കഴിഞ്ഞ ആഴ്ച അവസാനം ചേര്‍ന്നിരുന്നു. അവിടെ ഉമ്മന്‍ചാണ്ടിക്കെതിരായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ രഹസ്യാന്വേഷണ വിഭാഗ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ പരമാവധി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളും രാഹുല്‍ സര്‍വ്വേ സംഘത്തിന്‍റെ റിപ്പോര്‍ട്ടും യോജിച്ചു എന്നിടത്താണ് അടിയൊഴുക്കുകളുടെ രാഷ്ട്രീയ പാഠം വായിക്കേണ്ടത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വെളളാപ്പളളിക്ക് ചോര്‍ത്തിയതിനെതിരെ ഉമ്മന്‍ചാണ്ടി പക്ഷം ചന്ദ്രഹാസമിളക്കി. തനിക്ക് ചോര്‍ന്ന് കിട്ടിയ വിവരങ്ങള്‍ വെളളാപ്പളളി രഹസ്യമായി രണ്ട് നേതാക്കളോട് പറഞ്ഞതൊക്കെ സര്‍വ്വേയോഗത്തില്‍ പരസ്യമായി. ആരൊക്കെയാണ് ചോര്‍ത്തലിന് പിന്നിലെന്ന് പേരെടുത്ത് പറഞ്ഞ് ഉമ്മന്‍ചാണ്ടി പക്ഷം വലിച്ചുകീറി. അവിടുന്ന് തുടങ്ങിയ ഉമ്മന്‍ചാണ്ടി കോര്‍ഗ്രൂപ്പിന്‍റെ സടകുടഞ്ഞെണീക്കലാണ് നിലവിലെ വിവാദങ്ങളുടെ രാഷ്ട്രീയ കാതല്‍.

ഹിഡന്‍ ഓപ്പറേഷന്‍ :- പതിവില്‍ നിന്ന് വ്യത്യസ്തമായി ഓപ്പറേഷന്‍ നടത്തിയത് മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം. പത്രക്കുറിപ്പ് ഇറങ്ങും മുമ്പ് മാധ്യമ വിഭാഗത്തിലെ പ്രധാനി രഹസ്യമായി തലസ്ഥാനത്തെ രണ്ട് മൂന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ സ്വകാര്യമായി വിളിച്ച് അജണ്ട വ്യക്തമാക്കി. പിന്നെ നടന്നത് വിവരിക്കേണ്ട കാര്യമില്ല. ചര്‍ച്ച ഗതിമാറുന്നത് കണ്ട് ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ പകച്ചു. ഗതികെട്ട് ഉമ്മന്‍ചാണ്ടി അനുകൂല മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങേണ്ടി വന്നു.

നിരീക്ഷണം :- ഉമ്മന്‍ചാണ്ടി വിരുദ്ധര്‍ രാഷ്ട്രീയ പാഠം ഉമ്മന്‍ചാണ്ടിയില്‍ നിന്നും പഠിക്കണം. അതാണ് ഉമ്മന്‍ചാണ്ടി പൊളിറ്റിക്സ്. കരുണാകര ശിഷ്യനായിട്ടും രമേശ് ചെന്നിത്തലയും ആന്‍റണി ശിഷ്യനായിട്ടും വി എം സുധീരനും ഉമ്മന്‍ചാണ്ടിക്കെതിരായ രാഷ്ട്രീയ അടവുകള്‍ ഫലവത്താക്കാന്‍ പഠിച്ചിട്ടില്ലന്നതിന്‍റെ അവസാന ഉദാഹരണമാണ് ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന വിവാദം.

കൈരളി ചീഫ് സബ്എഡിറ്റര്‍ എസ്. വി.പ്രദീപ്

കൈരളി ചീഫ് സബ്എഡിറ്റര്‍ എസ്. വി.പ്രദീപ്

നിയതി വാക്യം:– ഐ എസ് ആര്‍ ഒ ചാരകേസില്‍ കരുണാകരനെ രാജിവയ്പ്പിക്കാനുളള ക്യാമ്പയിന് നേതൃത്വം നല്‍കിയ ഉമ്മന്‍ചാണ്ടി അടിസ്ഥാനമാക്കിയത് കരുണാകരന് എതിരായ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. പൊതുപരിപാടികളില്‍ ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ശക്തമായി ഓരിയിട്ടപ്പോള്‍ കരുണാകരന്‍ രാജിക്ക് നിര്‍ബന്ധിതനായി. തലസ്ഥാനത്ത് അന്താരാഷ്ട്ര ചലച്ചിത്ര ഉദ്ഘാടന വേദിയില്‍ ഉമ്മന്‍ചാണ്ടിയും കൂവല്‍ നേരിട്ടെന്നത് നിയതി.പ്രധാനമന്ത്രിയുടെ സാന്നിധ്യമുളള ശങ്കര്‍ പ്രതിമാ അനാച്ഛാദനവേദിയില്‍ ഉമ്മന്‍ചാണ്ടി കൂവല്‍ നേരിട്ടിരുന്നെങ്കിലോ!? പുതുതായി മാറി മറിഞ്ഞ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നിയതി എന്താവും!?നിയതിക്ക് മാത്രമാകും ഉത്തരം നല്‍കാന്‍ സാധിക്കുക.

(എസ്.വി പ്രദീപ് – കൈരളി ചീഫ് സബ്എഡിറ്റര്‍ ആണ് ലേഖകന്‍) ഫോണ്‍ നമ്പര്‍: 9495827909 )

Top