പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി. 20 ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് നല്‍കണം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം അധികതടവ് ശിക്ഷ അനുഭവിക്കണം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം ശരിവച്ചു.
140 പേജുള്ള വിധിയാണ് കോടതിയില്‍ വായിച്ചത്.ചെന്താമരയ്ക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന സൈക്കാട്രി, സൈക്കോളജി റിപ്പോര്‍ട്ടുകള്‍ കോടതി ശരിവച്ചു. താന്‍ ഗാന്ധിജിയല്ല, ആരെയും വെറുതേവിടില്ല എന്ന ചെന്താമരയുടെ പരാമര്‍ശം കോടതി എടുത്തുപറഞ്ഞു. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര വലിയ ഭീഷണിയാണെന്നും പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി വിധിയും പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. എല്ലാ കുറ്റവാളികള്‍ക്കും ഭാവിയുണ്ട്, എല്ലാ വിശുദ്ധര്‍ക്കും ഭൂതമുണ്ടെന്നും കോടതി പറഞ്ഞു. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം കോടതി തള്ളി.കേസ് നേരത്തേ പലതവണ വിധി പറയാന്‍ മാറ്റിയിരുന്നു. ഇരട്ടക്കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടാകുന്നത്. ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആദ്യംമുതലുള്ള ആവശ്യം.
ബിഎന്‍എസ് 103(I), 126 (II) വകുപ്പുകള്‍ പ്രകാരം ചെന്താമര കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയത്. വിധി കേള്‍ക്കാനായി കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയില്‍ എത്തിയിരുന്നു.2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശി സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏകപ്രതിയാണ് ചെന്താമര. 2019 ഓഗസ്റ്റ് 31ന് സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു. സജിതയെ കൊന്ന കേസിന്റെ വിചാരണയ്ക്കിടെ പരോളിനിറങ്ങിയ സമയത്തായിരുന്നു ഇയാള്‍ സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം സജിതയാണെന്ന് പറഞ്ഞാണ് വെട്ടിക്കൊന്നത്.


