ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ശക്തമായ സുരക്ഷാ നടപടികളുമായി ഡല്‍ഹി പൊലീസ്. ന്യൂഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രധാന റോഡുകളില്‍ എല്ലാം ബാരിക്കേഡുകള്‍ നിരത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ വസതികള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമര കേന്ദ്രമായ ജന്തര്‍ മന്തറിന് ചുറ്റും ജലപീരങ്കികള്‍ വിന്യസിച്ചിരിക്കുകയാണ്. മൊബൈല്‍ ജാമ്മറുകളും വിന്യസിച്ചിട്ടുണ്ട്. 12 കമ്പനി അധിക അര്‍ത്ഥ സൈനികരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലിലധികം പേര്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ചുകള്‍ക്കും വിലക്കുണ്ട്. പാര്‍ലമെന്റ് മാര്‍ച്ചിന് ഇതുവരെയും പൊലീസ് അനുമതി നല്‍കിയിട്ടില്ല. അതേസമയം ബ്രിട്ടീഷ് കൊളോണിയല്‍ വ്യവസ്ഥയ്ക്കെതിരെ നടന്നതിന് സമാനമാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭമെന്നും അതിന് അനുമതി തേടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സിജെപിയുടെ നിലപാട്.
പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളേയും വിവിധ സംഘടനാ പ്രതിനിധികളേയും കൊണ്ട് ജന്തര്‍ മന്തര്‍ ഇതിനോടകം തന്നെ നിറഞ്ഞിട്ടുണ്ടെന്നാണ് വിവരം. രാവിലെ 9 മണിയോടെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. എന്നാല്‍ സുരക്ഷകള്‍ മറികടന്ന് ജന്തര്‍ മന്തറിന് പുറത്തേക്ക് മാര്‍ച്ചിന് കടക്കാനാകുമോ എന്നത് സംശയമാണ്. പൊലീസ്, സിആര്‍പിഎഫ്, അര്‍ത്ഥ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നത്.സിജെപി അധ്യക്ഷന്‍ അഭിജീത്ത് ദീപ്കെയും എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ ആദര്‍ശ് എം സജി അടക്കമുള്ളവരുടെ നിരാഹാര സമരവും ജന്തര്‍ മന്തറില്‍ തുടരുകയാണ്. സോനം വാങ്ചുക്കിനെ മോചിപ്പിക്കുക എന്നതാണ് ഇവരുയര്‍ത്തുന്ന ആവശ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കും വരെ സമരം തുടരാനാണ് ഇവരുടെ നീക്കം. അതേസമയം കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയ സോനം വാങ്ചുക്ക് ഇപ്പോഴും നിരാഹാര സമരം തുടരുകയാണ്. രാഷ്ട്രീയ നേതാക്കള്‍ സോനത്തെ സന്ദര്‍ശിക്കണമെന്നും വര്‍ഷകാല സമ്മേളനത്തില്‍ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നുമുള്ള ഉപാധികള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാം എന്നാണ് ഇന്നലെ സോനത്തിന്റെ ഭാര്യ ഗീതാഞ്ജലി ആങ്ക്മോ പറഞ്ഞത്.
അതേസമയം സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഗീതഞ്ജലിയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടി ഏകപക്ഷീയമോ നിയമവിരുദ്ധമോ അല്ലെന്നും കോടതി നിരീക്ഷിച്ചു. വാങ്ചുക്കിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ശരീരത്തിലെ ജലാംശവും മിനറല്‍സും നിലനിര്‍ത്തുന്നതിനായി ഇലക്ട്രോലൈറ്റുകള്‍ നല്‍കുന്നതിന് അദ്ദേഹം സമ്മതം നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് മിനി പുഷ്‌കര്‍ണ അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ആരോഗ്യനില പരിഗണിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനെ ഏകപക്ഷീയമോ അന്യായമോ ആയ നടപടിയായി ഈ കോടതിക്ക് കാണാനാവില്ല എന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. സ്വന്തം ആരോഗ്യസ്ഥിതി മോശമായിട്ടും വാങ്ചുക് സ്വമേധയാ ആശുപത്രിയില്‍ പ്രവേശിക്കാന്‍ തയ്യാറായിരുന്നില്ലെന്നും അത്തരം സാഹചര്യത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു
delhi-tightens-security-ahead-of-



