സരിതയുടെ വെളിപ്പെടുത്തലില്‍ ചാണ്ടി ഉമ്മനും കുടുങ്ങുമോ ?എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടിയുടെ മകന്‍

കോഴിക്കോട്: സരിത നായരുടെ വെളിപ്പെടുത്തല്‍ യു.ഡി.എഫ് സര്‍ക്കാരിനും കോണ്‍ഗ്രസിനും തലവേദന സൃഷ്ടിക്കുമ്പോള്‍ എല്ലാം ദൈവത്തിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ദൈവത്തിലാണ് എല്ലാ സത്യവും. അസത്യത്തിന് ദൈവത്തിന്‍റെ അനുകമ്പ ലഭിക്കില്ലെന്നും പോസ്റ്റില്‍ ചാണ്ടി ഉമ്മന്‍ പറയുന്നു. വ്യാഴാഴ്ച സോളാര്‍ കമീഷന് മുമ്പില്‍ ഹാജരായ സരിത നായര്‍ വെള്ളിയാഴ്ച ചാണ്ടി ഉമ്മനെ കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തല്‍ നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കാനുള്ള 1.10 കോടി രൂപ തോമസ് കുരുവിളക്ക് കൈമാറിയെന്ന് കമീഷന് മുമ്പില്‍ സരിത നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്.

 

കൂടാതെ, ദേശീയ വികസന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയെ കാണാന്‍ തോമസ് കുരുവിള സഹായിച്ചെന്നും സരിത പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ പഠനം നടത്തുമ്പോള്‍ ചാണ്ടി ഉമ്മന്‍റെ ലോക്കല്‍ ഗാര്‍ഡിയനായിരുന്നു തോമസ് കുരുവിള.

 

അതിനിടെ മുഖ്യമന്ത്രിക്കെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നേതൃമാറ്റത്തോടെ ഭരണത്തില്‍ തുടരുകയോ മന്ത്രിസഭ തന്നെ രാജിവയ്ക്കുകയോ ചെയ്യണമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ശക്തമാകുന്നുണ്ട്.. മുഖ്യമന്ത്രിയുമായും ഹൈക്കമാന്‍ഡുമായും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നടത്തുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും ഭാവി തീരുമാനം ഉള്‍ത്തിരിയുക.chandy umman -fb

മുഖ്യമന്ത്രി മാത്രം രാജിവച്ച് പുതിയ നേതാവിന്‍റെ കീഴില്‍ അധികാരത്തില്‍ തുടരണമെന്നാണ് ഐ ഗ്രൂപ്പിന്‍റെ നിലപാട്. വിഎം സുധീരനും ഏതാണ്ട് സമാന അഭിപ്രായമാണ് വച്ചു പുലര്‍ത്തുന്നത്. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്താകും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഭാവി തീരുമാനം കൈകൊള്ളുക. ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടുള്ളതിനാല്‍ ഒരു തീരുമാനത്തിനായി കാത്തിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

അതേസമയം പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താനെഴുതിയ 30 പേജുള്ള കുറിപ്പ് അട്ടക്കുളങ്ങര ജയിലില്‍ കഴിയവെ നാലുപേജായി ചുരുക്കിയതു കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപ്കുമാര്‍ ജയിലിലെത്തി സ്വാധീനിച്ചതുകൊണ്ടാണെന്നു സരിത എസ്. നായര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബെന്നി ബഹനാന്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി എന്നിവര്‍ എന്റെ അമ്മയുമായി സംസാരിച്ചുവെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. നഷ്ടം സംഭവിച്ചതെല്ലാം ശരിയാക്കിത്തരാം, വാങ്ങിയ പണം തിരികെത്തരാം, കേസുകള്‍ ഒതുക്കിത്തരാം എന്നീ ഉറപ്പുകള്‍ അവര്‍ മൂവരും നല്‍കിയെന്നും അറിയിച്ചു. പ്രദീപ്കുമാറിനോടൊപ്പം വന്ന എന്റെ അമ്മയോടു ചോദിച്ച് ഇക്കാര്യം അപ്പോള്‍ത്തന്നെ ഉറപ്പുവരുത്തി. ഗണേഷ്കുമാര്‍ എംഎല്‍എയ്ക്കും ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ചാണു താന്‍ വന്നതെന്നും പ്രദീപ്കുമാര്‍ പറഞ്ഞു.
ഇതിനുശേഷമാണ് വസ്തുതകള്‍ ഒഴിവാക്കി നാലുപേജുള്ള കുറിപ്പ് തയാറാക്കിയതെന്നും എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും സരിത ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷനു മൊഴി നല്‍കി. അതേസമയം, തന്നെ ജയിലില്‍ വന്നു കാണാന്‍ പ്രദീപ്കുമാറിനോടു പറയണമെന്ന് എറണാകുളം എസിജെഎം കോടതിയില്‍നിന്നു പത്തനംതിട്ട ജയിലിലേക്കു കുറിപ്പുമായി മടങ്ങുംമുന്‍പ് ഫെനി ബാലകൃഷ്ണനോടു പറഞ്ഞതായും സരിത മൊഴി നല്‍കി. ജയിലില്‍ ആയിരുന്നപ്പോള്‍ അഭിഭാഷകര്‍ വഴിയും, ജാമ്യത്തിലിറങ്ങിയശേഷം നേരിട്ടും ഫോണിലൂടെയും കഴിഞ്ഞ രണ്ടുവര്‍ഷം ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും ബന്ധപ്പെട്ടിരുന്നു. മുഖ്യമന്ത്രി, മന്ത്രിമാര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെതിരെ ഓരോ ആരോപണങ്ങള്‍ വരുമ്പോള്‍ എങ്ങനെ നിലപാട് എടുക്കണമെന്ന് ഇവര്‍ ഉപദേശിച്ചു. എന്നാല്‍ ജയിലില്‍വച്ച് നല്‍കിയ ഉറപ്പിനെക്കുറിച്ചു ചോദിക്കുമ്പോള്‍ മാത്രം, ചര്‍ച്ചയ്ക്ക് വച്ചിട്ടുണ്ട്, വലിയ ആളുമായി സംസാരിച്ചിട്ടുണ്ട്, ഉടനെ ശരിയാക്കാം എന്നുള്ള മറുപടികളാണു ലഭിച്ചത്. ഇവരുടെ വാക്കു വിശ്വസിച്ച് എടുത്ത നിലപാടില്‍നിന്നു മാറി മാറി സഞ്ചരിക്കാന്‍ പറ്റാത്തതുകൊണ്ടാണ്, കഴിഞ്ഞ രണ്ടുവര്‍ഷം ഒരിടത്തും സത്യം വെളിപ്പെടുത്താന്‍ കഴിയാതിരുന്നത്.
ശരിയാണ് എന്നു ബോധ്യമുള്ള പല ആരോപണങ്ങളും ദൃശ്യമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പൊതുജനസമക്ഷം നിഷേധിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ സംരക്ഷിച്ച നേതാക്കളൊക്കെ നാലാംകിട സ്ത്രീയായി തന്നെ ചിത്രീകരിച്ചു സംസാരിച്ചിട്ടുണ്ടെന്നു കരഞ്ഞുകൊണ്ട് സരിത കമ്മിഷനെ അറിയിച്ചു. ഇതേപ്പറ്റി ബെന്നി ബഹനാന്‍, തമ്പാനൂര്‍ രവി എന്നിവരോടു പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ പൊളിറ്റിക്സല്ലേ, കാര്യമാക്കേണ്ട എന്നായിരുന്നു മറുപടി. ഇവരുടെ ഇടപെടലുകളെ സാധൂകരിക്കുന്ന ഒട്ടേറെ സാക്ഷികളും രേഖകളുമുണ്ട്. അതു ഹാജരാക്കാന്‍ സാധിക്കും. സത്യം പറയാനുള്ള അവസാന അവസരമാണ് എന്ന തിരിച്ചറിവിലാണു കമ്മിഷനു മുന്‍പില്‍ ഇപ്പോള്‍ ഇതെല്ലാം വെളിപ്പെടുത്തുന്നത്. എറണാകുളത്തെ ഒരു ഗെസ്റ്റ് ഹൗസില്‍ ബിജുവും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയ അന്നു രാത്രി സലിംരാജ് തന്നെ വിളിച്ചശേഷം ഫോണ്‍ മുഖ്യമന്ത്രിക്കു കൈമാറി. ബിജു വന്നു കണ്ടിരുന്നെന്നും വിശദാംശങ്ങള്‍ നേരില്‍ പറയാനായി ‘എമേര്‍ജിങ് കേരള’ സമ്മേളനം നടക്കുന്ന ലെ മെറിഡിയന്‍ ഹോട്ടലില്‍ പിറ്റേന്നു രാവിലെ എത്താനും പറഞ്ഞു. രാവിലെ ഹോട്ടലിലെത്തി സലിംരാജിനെ വിളിച്ചു. മുട്ടുവേദനയായതിനാല്‍ മുഖ്യമന്ത്രി മടങ്ങുകയാണെന്നും പിറ്റേന്ന് ക്ലിഫ് ഹൗസില്‍ വരാനും സലിംരാജ് പറഞ്ഞു.

thampanoor ravi -saritha
പിറ്റേന്നു ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ അവിടെ മുഖ്യമന്ത്രിയും ഭാര്യയും മകന്‍ ചാണ്ടി ഉമ്മനും പുതുപ്പള്ളിയിലെ ഏതാനും പാര്‍ട്ടിക്കാരുമുണ്ടായിരുന്നു. പാ‍ര്‍ട്ടിക്കാരെ ഒഴിവാക്കിയശേഷം മുഖ്യമന്ത്രി വിശ്രമമുറിയില്‍വച്ച് താനുമായി സംസാരിച്ചു. ബിജു പറഞ്ഞ കാര്യങ്ങളും ചില ബിസിനസ് കാര്യങ്ങളും സംസാരിച്ചു. ടീം സോളറുമായി ബന്ധപ്പെട്ട ബിസിനസല്ല സംസാരിച്ചത്. അതിനുള്ള ചില രേഖകള്‍ അടുത്തദിവസം ഹാജരാക്കി ഇക്കാര്യം വിശദീകരിക്കാമെന്നു സരിത പറഞ്ഞു. മുഖ്യമന്ത്രിക്ക് അത്യാവശ്യമായി കാണണമെന്നു ജിക്കുമോന്‍ വിളിച്ചുപറഞ്ഞതനുസരിച്ചാണു പാലാ കടപ്ലാമറ്റത്തെ ജലനിധി ഉദ്ഘാടനച്ചടങ്ങിനു പോയത്. എന്‍ജിഒ മാതൃകയില്‍ കമ്പനി രൂപീകരിക്കുന്നതു സംബന്ധിച്ച കാര്യം സംസാരിക്കാനാണു വിളിപ്പിച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതുപ്രകാരം സ്റ്റേജില്‍ കയറി അദ്ദേഹത്തോടു സംസാരിച്ചശേഷം കമ്പനി രൂപീകരണത്തിന്റെ കരട് രൂപരേഖ കൈമാറി മടങ്ങി.Salim saritha nair
അറസ്റ്റ് ചെയ്യപ്പെടുന്ന 2013 ജൂലൈ രണ്ടിനു സലിംരാജിനെ വിളിച്ചതു മുഖ്യമന്ത്രിയുമായി സംസാരിക്കാനായിരുന്നു. ചില പൊലീസുകാരുടെ ഫോണില്‍നിന്നു തന്റെ ഫോണിലേക്കു വിളികള്‍ വന്നപ്പോള്‍, അറസ്റ്റോ മറ്റോ ഉണ്ടാകുമെന്ന ഭയംമൂലമാണു സഹായത്തിനു മുഖ്യമന്ത്രിയെ വിളിക്കാന്‍ ശ്രമിച്ചത്. അദ്ദേഹം പക്ഷേ, അന്നു പുതുപ്പള്ളിയിലായിരുന്നു. മൊബൈലില്‍ വിളിച്ചത് എഴുകോണ്‍ സിഐ ആണെന്നു സലിംരാജ് സ്ഥിരീകരിച്ചുനല്‍കി. മുഖ്യമന്ത്രി പറഞ്ഞതുപ്രകാരമാണു ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ സോളര്‍ തെരുവുവിളക്ക് സ്ഥാപിക്കുന്ന പദ്ധതി പി.സി. വിഷ്ണുനാഥ് എംഎല്‍എയുമായി സംസാരിച്ചത്.
കലക്ടര്‍ക്കുള്ള ശുപാര്‍ശക്കത്തിനൊപ്പം ടീം സോളറിനു വിഷ്ണുനാഥ് നല്‍കിയ ഔദ്യോഗിക കത്ത് തുടങ്ങുന്നത്, ‘വിത് റഫറന്‍സ് ടു ചീഫ് മിനിസ്റ്റര്‍’ എന്നാണ്. ഇതിന്റെ പകര്‍പ്പ് കയ്യിലുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരായ കോഴയാരോപണത്തിനു തെളിവു കൊടുക്കുമെന്നും ആഭ്യന്തരവകുപ്പില്‍ തനിക്കു വിശ്വാസമുണ്ടെന്നും പുറത്തിറങ്ങിയശേഷം സരിത മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, മന്ത്രി ആര്യാടന്‍ മുഹമ്മദിനായി അഭിഭാഷകന്‍ സോളര്‍ കമ്മിഷനില്‍ വക്കാലത്ത് ഫയല്‍ ചെയ്തു. എട്ട് ബി വകുപ്പ് പ്രകാരം നോട്ടിസ് നല്‍കിയപ്പോള്‍ എന്തുകൊണ്ട് വക്കാലത്ത് നല്‍കിയില്ല എന്നു വിമര്‍ശിച്ചെങ്കിലും കമ്മിഷന്‍ വക്കാലത്ത് സ്വീകരിച്ചു. ആര്യാടന്റെ അഭിഭാഷകന് സരിതയെ പിന്നീട് ക്രോസ് വിസ്താരം ചെയ്യാനാകും.

Top