മോഡിയുടെ വിമര്‍ശകന്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍; ഗുജറാത്ത് പൊലീസിന്റെ നടപടി 20 വര്‍ഷം പഴക്കമുള്ള കേസില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്തവിമര്‍ശകനും ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറുമായ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍. 1998 ലെ കേസുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു അഭിഭാഷകനെ തെറ്റായ രീതിയില്‍ കേസില്‍ ഉള്‍പ്പെടുത്തിയതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 1998 ല്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കേസില്‍ കുടുക്കിയെന്നാണ് സഞ്്ജീവ് ഭട്ടിനെതിരായ പരാതി.

2002 ലെ ഗുജറാത്ത് കലാപത്തിന് പിന്നില്‍ നരേന്ദ്ര മോഡിയുടെ ഇടപെടലുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് സഞ്ജീവ് ഭട്ട് വാര്‍ത്തയില്‍ നിറയുന്നത്. ഗോന്ധ്ര സംഭവത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോഡി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും, ഹിന്ദുക്കള്‍ക്ക് അവരുടെ രോഷം പ്രകടിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹം ഇക്കാര്യം സുപ്രീം കോടതിയില്‍ സത്യവാങ് മൂലത്തില്‍ പറയുകയും ചെയ്തു. അന്ന് സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയിലെ ഡപ്യൂട്ടി കമ്മീഷണറായിരുന്നു ഭട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേ തുടര്‍ന്ന് സംഘ്പരിവാറിന്റെ കണ്ണിലെ കരടായി മാറിയ ഭട്ടിനെ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിയില്‍നിന്ന് വിട്ടുനിന്നുവെന്ന ആരോപിച്ചായിരുന്നു പിരിച്ചുവിടല്‍.

പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിശിത വിമര്‍ശനമാണ് അദ്ദേഹം നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. പരിഹാസത്തില്‍ പൊതിഞ്ഞ വിമര്‍ശനം അദ്ദേഹത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് നേടികൊടുത്തത്.

Top