കൊച്ചി:യഥാർഥ പുരുഷനോടൊപ്പമല്ലാതെ മനസ്സും ശരീരവും പങ്കിടുകയില്ലെന്ന് എഴുത്ത്കാരി ശാരദക്കുട്ടി.യഥാർഥ പുരുഷനെ എങ്ങനെ തിരിച്ചറിയാം? യഥാർഥ പുരുഷനെ തിരിച്ചറിയുവാനും സ്നേഹിക്കുവാനും കൂടെ ചേർത്തു നിർത്തുവാനും ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അഭിപ്രായം എന്ന ആമുഖത്തോടെ ശാരദക്കുട്ടി പങ്കു വയ്ക്കുന്ന കുറിപ്പ് ഇങ്ങനെ :
‘ഇതൊരു പുരുഷ വിരോധ പോസ്റ്റല്ല. യഥാർഥ പുരുഷനെ തിരിച്ചറിയുവാനും സ്നേഹിക്കുവാനും കൂടെ ചേർത്തു നിർത്തുവാനും ആഗ്രഹിക്കുന്ന ഒരു സ്ത്രീയുടെ അഭിപ്രായമാണ്. പ്രതിജ്ഞയാണ്.
അരിസ്റ്റോഫിനിസിന്റെ നാടകത്തിലെ നായികയായ ലിസിസ്ട്രാറ്റാ ഗ്രീസിലെ സ്ത്രീകളെ ഒരു വിചിത്രമായ യുദ്ധതന്ത്രം പഠിപ്പിക്കുന്നുണ്ട്. അക്രമങ്ങളും യുദ്ധങ്ങളും അവസാനിപ്പിക്കുന്നതു വരെ, യഥാർഥ മനുഷ്യത്വത്തിന്റെ വില അവർ മനസ്സിലാക്കുന്നതു വരെ, കാമുകന്മാരോടോ ഭർത്താക്കന്മാരോടോ ഒപ്പം ശയിക്കാൻ ഒരു സ്ത്രീയും തയ്യാറാകരുത്. കരുതലും പ്രണയവും രതിയും നിഷേധിക്കുകയാണ് ഇവർ ഈ പുതിയ സമരമുറയിലൂടെ. വീഞ്ഞു ഭരണിയുടെ മേൽ കൈകൾ വെച്ച് സ്ത്രീകൾ കൂട്ടമായി ശപഥം ചെയ്യുകയാണ്. ആണുങ്ങൾക്ക് യഥാർഥ ആസക്തിയും ആത്മാർഥതയും ലോകസമാധാനത്തോടല്ല ലൈംഗികതയോടു മാത്രമാണെന്നും അതു പൂർണ്ണമായും നിഷേധിക്കുക മാത്രമാണ് ഇവരെ ക്രൂരതകളിൽ നിന്നു പിന്തിരിപ്പിക്കാനുള്ള വഴി എന്നുമാണ് ലിസിസ്ട്രാറ്റാ കരുതുന്നത്. പുരുഷന്മാരെ സഹനത്തിലൂടെയും ക്ഷമയിലൂടെയും നേർവഴിക്കു കൊണ്ടുവരേണ്ടവരാണ് സ്ത്രീകൾ എന്ന പരമ്പരാഗത ബോധത്തെക്കൂടിയാണ് ഈ നാടകം ആക്രമിക്കുന്നത്. പതിവ്രതകളും സദാചാര ഭീതിയുള്ളവരുമായ സ്ത്രീകളെ പോലും തന്റെ യുദ്ധതന്ത്രം ബോധ്യപ്പെടുത്താൻ ലിസിസ്ട്രാറ്റാക്കു കഴിയുന്നു.
യഥാർഥ പുരുഷൻ ബലാൽസംഗം ചെയ്യില്ല.
യഥാർഥ പുരുഷൻ യുദ്ധങ്ങൾക്ക് ആഹ്വാനം ചെയ്യില്ല.
യഥാർഥ പുരുഷൻ സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിക്കില്ല
യഥർഥപുരുഷൻ വംശീയാധിക്ഷേപം നടത്തില്ല. രാഷ്ട്രീയ കൊലപാതകം നടത്തുകയോ അതിനെ നാണമില്ലാതെ ന്യായീകരിക്കുകയോ ചെയ്യില്ല.
യഥാർഥ പുരുഷൻ വേശ്യാസ്ത്രീകളോട് കരുണയുള്ളവനായിരിക്കും
യഥാർഥ പുരുഷൻ ട്രാൻസ്ജെൻഡറുകളെ ഹൃദയത്തോട് ചേർക്കും.
യഥാർഥ പുരുഷൻ ആൺകുഞ്ഞുങ്ങളെയും പെൺകുഞ്ഞുങ്ങളെയും ലൈംഗിക വസ്തുക്കളായി കാണില്ല.
യഥാർഥ പുരുഷനിൽ മതവെറി ഉണ്ടാവില്ല.
യഥാർഥ പുരുഷ സുഹൃത്തിനെ വേണം നമ്മൾ തെരഞ്ഞെടുക്കാൻ.
യഥാർഥ പുരുഷനോടൊപ്പമല്ലാതെ ഞങ്ങൾ മനസ്സും ശരീരവും പങ്കിടുകയില്ല. സൗഹൃദവും സ്നേഹവും നൽകില്ല.
അക്രമികൾക്ക് ആനന്ദമോ പ്രണയമോ കരുതലോ പിന്തുണയോ മനസ്സമാധാനമോ തരാൻ ഞങ്ങൾ ബാധ്യസ്ഥരല്ല. അവരുടെ ഊണും ഉറക്കവും രതിസുഖവും ഞങ്ങളുടെ ബാധ്യതയല്ല. അവരുടെ സൗഹൃദവും സംരക്ഷണവും ഞങ്ങൾക്കാവശ്യമില്ല. അവരെ നന്നാക്കിയെടുക്കലല്ല ഞങ്ങളുടെ ജീവിത ലക്ഷ്യം. യഥാർഥ മനുഷ്യനെയാണ് ഞങ്ങൾക്കു വേണ്ടത്പെൺസഹജമെന്നു നിങ്ങൾ വാഴ്ത്തിയ പലതും ലോകജനതയുടെ സമാധാനത്തിനു വേണ്ടി ഞങ്ങൾക്ക് ഉപേക്ഷിക്കേണ്ടി വരും. അധികാരമുറപ്പിക്കാനായി ലോകമെമ്പാടും പുരുഷന്മാർ ലൈംഗികതയെ ആയുധമാക്കുമ്പോൾ, തിരിച്ച് അതിനെത്തന്നെ ആയുധമാക്കുന്ന പ്രതിരോധ ശ്രമങ്ങൾ ഉണ്ടാകണം.